Image

രക്ഷപ്പെടുമെന്നു കരുതിയില്ല: സൌത്ത് വെസ്റ്റ് യാത്രികനായിരുന്ന പാസ്റ്റര്‍ തോമസ് വി. സക്കറിയ

Published on 09 May, 2018
രക്ഷപ്പെടുമെന്നു കരുതിയില്ല: സൌത്ത് വെസ്റ്റ് യാത്രികനായിരുന്ന പാസ്റ്റര്‍ തോമസ് വി. സക്കറിയ
മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ പാസ്റ്റര്‍ തോമസ് വി. സക്കറിയ പ്രാര്‍ത്ഥനയില്‍ മുഴുകി. വിമാനത്തിലെ യാത്രക്കാരില്‍ നല്ലൊരു പങ്ക് നിലവിളിയും തേങ്ങലും പ്രാര്‍ത്ഥനയുമായി മരണ വെപ്രാളത്തോടേ സംഭീതരായി സീറ്റിലിരുന്നു.

'സത്യത്തില്‍ രക്ഷപെടുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു.' ന്യൂയോര്‍ക്ക് ലോംഗ്ഐലന്റിലെ ഫാമിലിംഗ്ഡേല്‍ സെന്റ് ടാബര്‍നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററായ തോമസ് വി. സഖറിയ പറയുന്നു.

ഏപ്രില്‍ 17-നു ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടില്‍ നിന്നു ഡാളസിലേക്ക് പറന്ന സൗത്ത് വെസ്റ്റ് 1380-0 നമ്പര്‍ വിമാനം കയറുമ്പോള്‍ പ്രത്യേകതയൊന്നും തോന്നിയില്ല. 1971-ല്‍ അമേരിക്കയിലെത്തിയതു മുതല്‍ വിമാനത്തില്‍ കയറുന്നു. ഒരിക്കലും ഒരു പ്രശ്നവും വന്നിട്ടില്ല. ഡാളസില്‍ പാസ്റ്റര്‍മാരുടെ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. വിമാനത്തിലെ ഏക ഇന്ത്യന്‍ യാത്രക്കാരനായിരുന്നു.

ഒരു കാര്യം ശ്രദ്ധിച്ചു. സാധാരണ വിമാനങ്ങളില്‍ കാണാറുള്ള സുരക്ഷാ ഡെമോണ്‍സ്റ്റ്രേഷന്‍ കണ്ടില്ല.

വിമാനം പൊങ്ങി അര മണിക്കൂര്‍ കഴിഞ്ഞതോടെ സഡണ്‍ ബ്രേക്ക് ഇട്ടപോലെ തോന്നി. 30,000 അടി ഉയരം. ഓക്സിജന്‍ മാസ്‌ക് പെട്ടെന്ന് താഴേക്ക് പതിച്ചു. കാര്‍ എവിടെയെങ്കിലും ഇടിച്ചാല്‍ എയര്‍ബാഗ് പുറത്തേക്ക് വരുന്നപോലെ തോന്നി. തീ കത്തുന്നതുപോലെയും തോന്നി. ആകെ സംഭീതമായ അവസ്ഥ.

എവിടെ വേണമെങ്കിലും ഇരിക്കാമെന്നതിനാല്‍ പുറകില്‍ പോയാണ് ഇരുന്നത്. യേശുവിന്റെ രക്തത്താല്‍ രക്ഷിക്കപ്പെടട്ടെ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥന ചൊല്ലി. അടുത്തിരിക്കുന്നവര്‍ കണ്ണടച്ച് നിശ്ചലരായി ഇരിക്കുന്നു.

പെട്ടെന്ന് മധ്യഭാഗത്തായി വലിയ ബഹളം. എന്താണ് കാരണമെന്ന് അപ്പോള്‍ അറിഞ്ഞില്ല. വിമാനത്തിന്റെ ഒരു എന്‍ജിന്‍ പൊട്ടിത്തെറിച്ച് അതിന്റെ ഒരു ബ്ലേഡ് ജനാലയില്‍ വന്നിടിച്ചു. സീറ്റ് നമ്പര്‍ 14-ല്‍ ഇരുന്ന ഒരു സ്ത്രീയെ അതു വന്നിടിച്ചു. തുറന്നു പോയ ജനലിലൂടേ പുറത്തേക്ക് പറന്നു പോകുന്ന അവരുടെ ശരീരം മറ്റു യാത്രക്കാരും ജോലിക്കാരും ചേര്‍ന്ന് പിടിച്ച് അകത്തേക്കിടുകയാണ്. പിന്നീടവര്‍ മരിച്ചു. വെല്‍സ് ഫാര്‍ഗോ ഉദ്യോഗസ്ഥയായിരുന്നു 43-കാരിയായ ജെന്നിഫര്‍ റയോര്‍ഡന്‍.

വീഡിയോയോ ഫോട്ടോയോ ഒന്നും എടുക്കരുതെന്ന് വിമാന ജോലിക്കാര്‍ പറഞ്ഞിരുന്നു. പലരും അത് അനുസരിച്ചില്ലെന്നു തോന്നുന്നു.

വിമാനത്തില്‍ 143 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണുണ്ടായിരുന്നത്. മരണഭീതിയില്‍ മരവിച്ചിരുന്ന നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. വിമാനത്തിലെ വൈഫൈ ഉപയോഗിച്ച് പലരും വീടുകളിലേക്കു സന്ദേശം അയച്ചു. ഇത് അന്ത്യമാണെന്ന നിലയിലായിരുന്നു എല്ലാം.

എഞ്ചിന്‍ തകര്‍ന്നപ്പോള്‍ പാതി വട്ടം ചുറ്റിയ വിമാനം ഇതിനകം പൈലറ്റുമാര്‍ നേരെയാക്കി. ക്രമേണ വിമാനം താഴ്ന്നു തുടങ്ങി. താഴെ ഫിലഡല്‍ഫിയ എയര്‍പോര്‍ട്ട്. 190 മൈല്‍ വേഗതയില്‍ വിമാനം ലാന്‍ഡ് ചെയ്തു. സാധാരണ ഗതിയില്‍ 155 മെല്‍ വേഗതയിലാണു ലാന്‍ഡിംഗ്.

റണ്‍വേ നിറയെ ഫയര്‍ എന്‍ജിനുകളും മറ്റു സന്നാഹങ്ങളും. സുരക്ഷിതരായി പുറത്തുവന്ന യാത്രക്കാരെ പൈലറ്റ് ടാമി ജോ ഷ്ള്‍ട്സ് കൈകൊടുത്ത് സ്വീകരിച്ചു. എഫ്- 18 യുദ്ധവിമാനം പറപ്പിച്ചിട്ടുള്ള വ്യോമസേനാംഗമായിരുന്ന പൈലറ്റിന്റെ മികവ് ഒന്നുമാത്രമായിരുന്നു തങ്ങളെ തുണച്ചതെന്നു പാസ്റ്റര്‍ വിശ്വസിക്കുന്നു.പാസ്റ്ററിന്റെ ഇളയ പുത്രിയുടെ പേരും ടാമി എന്നാണ്.

ഉറച്ച വിശ്വാസിയാണ് പൈലറ്റ് ടാമിയും. രണ്ടു പേര്‍ ചേര്‍ന്നു പ്രാര്‍ഥിക്കുമ്പോള്‍ അതിനു ഫലം കാണുന്നു പാസ്റ്റര്‍ ചുണ്ടിക്കാട്ടി.

വിമാനത്താവളത്തിലെ രംഗം വികാരഭരിതമായിരുന്നു. യാത്രക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പാഞ്ഞെത്തി ആലിംഗനം ചെയ്യുന്നു. കണ്ണീരിഴുക്കുന്നു.

വിമാനം ഇറങ്ങിക്കഴിഞ്ഞ ശേഷമാണു പാസ്റ്റര്‍ ഭാര്യയെ വിളിച്ചത്. വിമാനത്താവളത്തില്‍ കൊണ്ടുവിട്ട പുത്രഭാര്യ താന്‍ കയറിയ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിഞ്ഞിരുന്നു.

എന്തായാലും അന്നു വൈകിട്ടു തന്നെ പാസ്റ്റര്‍ ഡാളസിലേക്ക് വേറെ വിമാനം കയറി. പക്ഷെ യാത്രക്കാരില്‍ മിക്കവരും യാത്ര മുടക്കുകയായിരുന്നു. പലരും ട്രെയിനിലാക്കി യാത്ര.

അപകടത്തിനു നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്ടി ബോര്‍ഡ് ആരെയും കുറ്റപ്പെടുത്തുന്നില്ല. കൂടുതല്‍ തവണ ലാന്‍ഡ് ചെയ്യുകയും ഉയര്‍ന്നു പൊങ്ങുകയും ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടമാണിതെന്നാണു വിലയിരുത്തല്‍.

വിമാനത്തിലല്ലെങ്കിലും മരണത്തെ അഭിമുഖീകരിച്ച അവസരങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നു പാസ്റ്റര്‍ പറഞ്ഞു്. ഹില്‍സൈഡില്‍ മുന്‍പ്റിയല്‍ എസ്റ്റേറ്റ് ഓഫീസ് നടത്തുമ്പോള്‍ തോക്ക് ചൂണ്ടി മൂന്നുപേര്‍ വാലറ്റ് ആവശ്യപ്പെട്ടു. വാലറ്റില്‍രണ്ടു വാടകക്കാര്‍ തന്ന വാടക ഇരിപ്പുണ്ട്. അതുകൊണ്ടുവേണം മോര്‍ട്ട്ഗേജ് അടയ്ക്കാന്‍. എന്തായാലും വാലറ്റ് നല്‍കാതെ ഒച്ചവെച്ചു. ഭാഗ്യത്തിന് അവര്‍ സ്ഥലംവിട്ടു.

സാന്‍ഡി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ വീട്ടില്‍ നിന്നു മാറി താമസിക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോള്‍ തൊട്ടടുത്ത പല വീടുകളും തകര്‍ന്നിരിക്കുന്നു.

യാത്രയൊക്കെ പോകുമ്പോള്‍ പ്രാര്‍ത്ഥിച്ചിട്ടേ പോകാവൂ എന്നു പാസ്റ്ററുടെ ഉപദേശം. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.

എടത്വ സ്വദേശിയായ പാസ്റ്ററുടെ ജ്യേഷ്ഠ സഹോദരനാണ് ന്യു യോര്‍ക്ക് അപ്‌സ്റ്റേറ്റില്‍ സ്‌കൂള്‍ ബോര്‍ഡ് മെമ്പറായിരുന്ന മാത്യു വി. സക്കറിയ. ഫൊക്കാന നേതാവ് രാജു വി. സക്കറിയ ഇളയ സഹോദരനാണ്. ഭാര്യ ലീലാമ്മ കുമ്പനാട് സ്വദേശി. അഞ്ചു മക്കള്‍.
രക്ഷപ്പെടുമെന്നു കരുതിയില്ല: സൌത്ത് വെസ്റ്റ് യാത്രികനായിരുന്ന പാസ്റ്റര്‍ തോമസ് വി. സക്കറിയ
Join WhatsApp News
Mathew V. Zacharia 2018-05-10 08:35:43
We thank our God of Abraham, Isaac and Jacob with saying to our soul " Bless the LORD, my soul: all my being, bless his holy name! Bless the LORD, my soul: do not forget all the gifts of God, Psalm 103:1-2.
Mathew V. Zacharia. Former NYSate School board member (1993-2002)
truth and justice 2018-05-10 12:07:58
I knew Pastor Tom Zachariah was in the plane the same day the accident happened.Good is good, and he is a man of prayer.
നിരീശ്വരൻ 2018-05-10 15:12:17
പാസ്റ്ററിനെ ദൈവം രക്ഷിച്ചു ജനലിനരികിലിരുന്ന സ്ത്രീയെ ഫാൻ ബ്ലെയിഡ് കൊണ്ട് വിൻഡോ പൊട്ടിച്ച് പുറത്തേക്ക് വലിച്ചെടുത്ത്, രക്ഷിക്കാൻ ശ്രമിച്ച മനുഷ്യ സ്നേഹികളുമായി പിടിച്ചു വലിച്ചു കൊന്നു കളഞ്ഞു 
Rev.Dr.John Samuel 2018-05-11 13:15:58
The God of Abraham, Isaac& Jacob is a Barbarian. That is why Jesus gave us Father God.
It is foolish to think that your God saved your pastor. If he was sitting by the broken window he would have been thrown out and you guys will sing Halleluyya and say pastor ascended to the heaven. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക