Image

ഇവിടെ മരണമില്ല (ലൗഡ് സ്പീക്കര്‍ 31: ജോര്‍ജ് തുമ്പയില്‍)

Published on 09 May, 2018
ഇവിടെ മരണമില്ല (ലൗഡ് സ്പീക്കര്‍ 31: ജോര്‍ജ് തുമ്പയില്‍)
മഞ്ഞ് പുതഞ്ഞു കിടക്കുന്ന നോര്‍വെയിലെ ലോങ്യര്‍ബെന്‍ എന്ന പട്ടണം കാണാനെന്തു അഴകാണെന്നോ. ഇവിടെ രണ്ടായിരത്തോളം പേര്‍ മാത്രമാണ് താമസക്കാര്‍. ഖനി തൊഴിലാളികളാണ് ഭൂരിപക്ഷം പേരും. എന്നാല്‍, ആര്‍ട്ടിക്ക് പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടം വാര്‍ത്തകളില്‍ നിറയുന്നത് ഇതു കൊണ്ടൊന്നുമല്ല. ഇവിടെ മരണം നിരോധിച്ചിരിക്കുന്നു. ഇവിടുത്തെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് സെമിത്തേരിയില്‍ അടക്കിയിട്ടുള്ള മൃതദേഹങ്ങളൊന്നും അഴുകിയിട്ടില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ സ്വാല്‍ബാര്‍ഡ് ദ്വീപില്‍ മരണത്തിനു ഔദ്യോഗികമായി വിലക്ക് ഏര്‍പ്പെടുത്തിയത്. 1918-ല്‍ പടര്‍ന്നു പിടിച്ച പകര്‍ച്ചവ്യാധിയില്‍ മരണമടഞ്ഞവരുടെ ശവശരീരങ്ങള്‍ പരിശോധിച്ചപ്പോള്‍ നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും മൃതശരീരത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്രേ. ഇവിടെ ആകയെുള്ള ഒരു സെമിത്തേരിയില്‍ 1950-നു ശേഷം ആരെയും അടക്കിയിട്ടില്ല. ആരെങ്കിലും രോഗശയ്യയിലായി മരണാസന്നനായാല്‍ ഉടന്‍ പ്രധാന ദ്വീപിലേക്ക് പോകണമെന്നാണ് ചട്ടം. അതു പോലെ ജനനത്തിനു നിയന്ത്രണങ്ങളുണ്ട്. കുട്ടികള്‍ ഉണ്ടാകുന്നതിനു മുന്നേ ഗര്‍ഭിണികള്‍ നോര്‍വേയുടെ തലസ്ഥാനമായ ഒസ്ലോയിലേക്കു പോകണം. ലോകത്തിന്റെ വടക്കു ഭാഗത്തോടു ചേര്‍ന്നു കിടക്കുന്ന മനുഷ്യവാസമുള്ള അവസാനത്തെ സ്ഥലമാണ് ലോങ്യര്‍ബെന്‍. ഇവിടെ മാസങ്ങളോളം സൂര്യപ്രകാശം ഉണ്ടാവാറില്ല. ജോണ്‍ ലോങ്യര്‍ എന്ന അമേരിക്കക്കാരനാണ് 1906ല്‍ ഇവിടേക്ക് ആളുകളെ കൊണ്ടുവരുന്നത്. 500 തൊഴിലാളികളുമായി അദ്ദേഹം അന്ന് ഇവിടെയൊരു ഖനി തുറന്നു. പിന്നീട് ഈ തൊഴിലാളികളില്‍ ചിലര്‍ ഇവിടെ സ്ഥിരതാമസമാക്കി. എന്തായാലും, ലോങ്യറിന്റെ പേരിലാണ് ഇവിടം ഇന്ന് അറിയപ്പെടുന്നത്.

**** ***** *****
കള്ളനെ പേടിച്ച് എന്തൊക്കെ ചെയ്യണം? മോഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതു ചെടികളാണെങ്കിലോ? അരിസോണയിലെ സഗുവാറോ ദേശീയ ഉദ്യാനത്തിലാണു സംഭവം. ഇവിടുത്തെ, പ്രത്യേകത അതിവിശാലമായ കള്ളിമുള്‍ച്ചെടികളാണ്. ആയിരക്കണക്കിനാളുകളാണ് ഇവിടം കാണാനെത്തുന്നത്. അതു കൊണ്ട് തന്നെ, ചെടികളെ സംരക്ഷിതമായി നിലനിര്‍ത്തിയിരിക്കുന്നു. ഒടിച്ചു കൊണ്ടു വീട്ടില്‍ കൊണ്ടു പോകാനൊന്നും പാടില്ല. എന്നാല്‍, ഇതിന്റെ സൗന്ദര്യത്തില്‍ മനംമയങ്ങി അവ മോഷ്ടിക്കുന്നവര്‍ നിരവധിയാണ്. ഒടുവില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി അധികൃതര്‍ രംഗത്തെത്തി. കള്ളിമുള്‍ച്ചെടികളിലെല്ലാം രഹസ്യചിപ്പുകള്‍ സ്ഥാപിച്ചു. ആരെങ്കിലും ചെടി മോഷ്ടിച്ചു കൊണ്ടു പോയാല്‍ കൃത്യമായ ലൊക്കേഷന്‍ നല്‍കാന്‍ ഈ ചിപ്പിനാവും. ഇങ്ങനെ, കള്ളനെ കൈയോടെ പിടിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

**** ***** *****
ലോലിപോപ്പ് തിന്നാന്‍ ഇഷ്ടമുണ്ടോ? അതും നമ്മുടെ മുഖസാമ്യമുള്ളത്. അതെങ്ങനെ എന്നോര്‍ത്ത് അന്തം വിടേണ്ട. ബ്രീട്ടീഷ് ഓണ്‍ലൈന്‍ കമ്പനി ഫയര്‍ഫോക്‌സാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നല്‍കിയിരിക്കുന്ന പരസ്യം ഇങ്ങനത്തേതാമ്. ആവശ്യപ്പെടുന്ന രൂപത്തിലുള്ള ലോലിപോപ്പുകള്‍ ഉണ്ടാക്കി തരാന്‍ കമ്പനി റെഡി. ഏതു ഫ്‌ളേവര്‍ വേണം. നിങ്ങളുടെ മുഖസാമ്യത്തോടു കൂടിയ രൂപം തുടങ്ങി നിറം വരെ തെരഞ്ഞെടുക്കാം. ഇതിനായി നിങ്ങളുടെ ഒരു ചിത്രം കൊടുക്കുക, പുറമേ ചെലവാകുന്ന 40 പൗണ്ടും. ഓര്‍ഡര്‍ നല്‍കി ഏഴു ദിവസത്തിനകം സാധനം റെഡിയായി നിങ്ങള്‍ നല്‍കുന്ന വിലാസത്തില്‍ സാധനമെത്തും.

**** ***** *****

സെറീന സുബാക്കിഹാര എന്ന ജാപ്പനീസ് വനിതയ്ക്ക് തന്റെ പ്രിയപ്പെട്ട കാനോണ്‍ ജി-12 ക്യാമറ നഷ്ടപ്പെടുന്നതു മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്നേ, തായ്‌വാനില്‍ സ്കൂബ ഡൈവിങ് നടത്തുമ്പോഴാണ്. 2015 സെപ്തംബറിലായിരുന്നു ഇത്. അന്നു അരിച്ചുപെറുക്കിയെങ്കിലും സാധനം കിട്ടിയില്ല. ഇപ്പോഴിതാ തായ്‌വാനിലെ ഒക്കിനാവയില്‍ നിന്നും സന്തോഷവാര്‍ത്ത സെറിനയെ തേടിവന്നിരിക്കുന്നു. കടല്‍ത്തീരം വൃത്തിയാക്കാനെത്തിയ സ്കൂള്‍ കുട്ടികള്‍ക്കാണ് പാറയിടുക്കില്‍ കിടന്ന ക്യാമറ കിട്ടിയത്. കടല്‍പ്പുറ്റുകള്‍ നിറഞ്ഞ ഈ ക്യാമറ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നാണ് അത്ഭുതം. ഇതിലെ ചിത്രങ്ങളും നഷ്ടപ്പെട്ടിരുന്നില്ല. അതിലുണ്ടായിരുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കുട്ടികളുടെ അധ്യാപകനായ പാര്‍ക്ക് ലീയാണ്. വാട്ടര്‍പ്രൂഫ് കേസില്‍ ആയിരുന്നതിനാല്‍ കടല്‍ വെള്ളം ക്യാമറയ്ക്ക് അധികം കേടു വരുത്തിയില്ല. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷവും ക്യാമറ പ്രവര്‍ത്തിക്കാന്‍ ആവശ്യമായി ബാറ്ററി ഇതിലുണ്ടായിരുന്നുവെന്നും അത്ഭുതം. സോഫിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ സെറിന ജൂണില്‍ തായ്‌വാനിലെത്തി ക്യാമറ തിരികെ വാങ്ങും. ക്യാമറ നഷ്ടപ്പെട്ടിടത്തു നിന്നും ഏകദേശം 150 മൈലുകള്‍ ദൂരത്തു നിന്നാണ് അതു തിരികെ ലഭിച്ചത്.

**** ***** *****
ആമസോണ്‍ അധിപന്‍ ജെഫ് ബെസോസിന് ഒരു നായുണ്ട്. ഇതിനു കുരയ്ക്കാനും വീടിന്റെ വാതില്‍ തുറക്കാനുമൊക്കെ കഴിവുണ്ട്. പക്ഷേ, കടിക്കില്ല. 55 പൗണ്ട് ഭാരവുമുണ്ട് ഇതിന്. അതേ, ഇതൊരു ഹൈടെക്ക് റോബോട്ട്‌നായയാണ്. പേര് സ്‌പോട്ട് മിനി. ഇലക്ട്രിക്ക് ബാറ്ററി ഉപയോഗിച്ച് റീചാര്‍ജ് ചെയ്യണം. ചിത്രം ട്വിറ്ററില്‍ ജെഫ് പങ്കുവെച്ചതോടെ,കൂടുതല്‍ വിശേഷങ്ങളറിയാന്‍ ടെക്ക്‌ലോകം കാത്തിരിക്കുകയാണ്. ആമസോണ്‍ ഇത് ഭാവിയില്‍ വിപണനം ചെയ്‌തേക്കുമെന്നാണ് സൂചനകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക