Image

ഊബര്‍ ഡാലസില്‍ എയര്‍ ടാക്‌സികള്‍ പരീക്ഷിക്കുന്നു. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 May, 2018
ഊബര്‍  ഡാലസില്‍ എയര്‍ ടാക്‌സികള്‍ പരീക്ഷിക്കുന്നു. (ഏബ്രഹാം തോമസ്)
ഡാലസ് നഗരസമൂഹത്തിലായിരിക്കും തങ്ങളുടെ എയര്‍ ടാക്‌സികള്‍ ആദ്യം സേവനം നടത്തുക എന്ന് ഊബര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വിമാനമാര്‍ഗ്ഗം ജോലിക്ക് പോകാം, തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങാം, വൈകീട്ട് വിനോദ പരിപാടികള്‍ക്ക് പോകാം-അതും തിരക്ക് പിടിച്ച തെരുവുകള്‍ക്ക് മുകളിലൂടെ വേഗത്തില്‍, കമ്പനി വാഗ്ദാനം ചെയ്യുന്നു.
സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രമായ കമ്പനി എയര്‍ ടാക്‌സികല്‍ക്ക് ഉപയോഗിച്ച ചെറിയ വിമാനത്തിന്റെ കൃത്യമായ ഡിസൈന്‍ ആവശ്യങ്ങള്‍ നിര്‍മ്മാണ കമ്പനികളെ അറിയിച്ചു. നാല് പേര്‍ക്ക് ഇരിക്കാവുന്ന വിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍ പോലെ ആയിരിക്കും. പക്ഷെ അത്രയും ശബ്ദം ഉണ്ടാവില്ല. ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിംഗ് എയര്‍ക്രാഫ്റ്റ്(ഇവിടോള്‍) എന്നറിയപ്പെടുന്ന ഇവയ്ക്ക് കുത്തനെ ഉയരാനും ഇറങ്ങാനും കഴിയും. അതിനാല്‍ തീരെ ചെറിയ 'എയര്‍പോര്‍ട്ടുകള്‍' മതിയാകും. ഒരു പൈലറ്റ് വിമാനത്തില്‍ ഉണ്ടാവും. ആവശ്യക്കാര്‍ക്ക് യൂബര്‍ ആപ്പിലൂടെ സേവനം ആവശ്യപ്പെടാം.
ഫ്‌ളൈയിംഗ് ടാക്‌സികള്‍ 150 മുതല്‍ 200 മൈല്‍  വേഗതയില്‍ സഞ്ചരിക്കും. 1000 മുതല്‍ 2,0000 അടി വരെ ഉയരത്തിലായിരിക്കും പറക്കുക.

ടെക്‌സസില്‍ ഇവിടോള്‍ നിര്‍മ്മിക്കുന്നത് ബെല്‍ ആണ്. നോര്‍ത്ത് ടെക്‌സസിലെ ഫ്രിസ്‌കോയിലെ മിനി എയര്‍പോര്‍ട്ടില്‍ നിന്നാണ് സേവനം നടത്തുക. 
2020 ല്‍ ഡാലസ് / ഫോര്‍ട്ട് വര്‍ത്ത് മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം നടത്തും. 2023ല്‍ കമ്മേഴ്‌സിയല്‍ സര്‍വീസ് പ്രാബല്യത്തിലാവുമെന്ന് യൂബര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യൂബര്‍ ഡാലസില്‍ ഒരു സമ്മിറ്റ് നടത്തിയിരുന്നു. ഈ വര്‍ഷം രണ്ട് ദിവസങ്ങളിലായി ലോസ് ആഞ്ചലസില്‍ കോണ്‍ഫറന്‍സ് നടന്നു. ഡിഎഫ്ഡബ്ലിയുവിന് പുറമെ ലോസ് ആഞ്ചലസിലും ദുബൈയിലും എയര്‍ ടാക്‌സികള്‍ സേവനം നടത്തുമെന്ന് യൂബര്‍ അറിയിച്ചു. നാസയില്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍ മാര്‍ക്ക് മൂറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരാണ് എയര്‍ടാക്‌സികളുടെ നിര്‍മ്മാണത്തില്‍ മുഴുകിയിരിക്കുന്നത്. ടെസ് ലയിലെ ബാറ്ററി വിദഗ്ധയായിരുന്ന സെലിന മിക്കോളജസക് ബാറ്ററി വിഭാഗം കൈകാര്യം ചെയ്യുന്നു. നാസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യൂബര്‍ വ്യക്തമാക്കി.

എയര്‍ ടാക്‌സികള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിലവാരത്തില്‍ എത്തിക്കുമെന്ന് യൂബര്‍ പറയുന്നു. ആരംഭത്തില്‍ ഒരു പാസഞ്ചര്‍ മൈലിന് 5 ഡോളര്‍ 73 സെന്റ് നല്‍കേണ്ടി വരും. പിന്നീട് 1 ഡോളര്‍ 44 സെന്റായും 44 സെന്റായും പടിപടിയായി കുറയ്ക്കും. ഫ്രിസ്‌കോ കാടുകയറി കിടക്കുന്ന ഒരു പ്രദേശത്ത് ആദ്യ വെര്‍ട്ടിപോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും. ഇവിടെ ഓഫീസുകളും അപ്പാര്‍ട്ടുമെന്റുകളും, റീട്ടെയില്‍ വ്യവസായങ്ങളും പാര്‍ക്കുകളും ഉണ്ടായി. കൗബോയ്‌സിന്റെ ആസ്ഥാനമായ ദസ്റ്റാറിനടുത്തായിരിക്കും ഇത്. പിന്നീട് ബില്‍ഡിംഗുകളുടെയും പാര്‍ക്കിംഗ് ഗരാജുകളുടെയും മുകളിലും വെര്‍ട്ടിപോര്‍ട്ടുകള്‍ ആരംഭിക്കും. ഇവ വാലേ പാര്‍ക്കിംഗ് സ്റ്റാന്‍ഡുകളുടെയും മിനിഎയര്‍പോര്‍ട്ടുകളുടെയും മിശ്രിതം ആയിരിക്കും. ഇവയില്‍ ലോഡിംഗ്, ഡ്രോപ്പിംഗ് ഏരിയകള്‍ ഉണ്ടാവും. യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് എയര്‍ ടാക്‌സിയില്‍ കയറാം, ഇവിടെ വന്നിറങ്ങാം. യൂബര്‍ കാറുകള്‍ ഇവിടെ യാത്രക്കാരെ എത്തിക്കുകയും ഇവിടെ നിന്ന് ആവശ്യപ്പെടുന്ന സ്ഥലത്തേയ്ക്ക് കൊണ്ട് പോവുകയും ചെയ്യും.

ഊബര്‍  ഡാലസില്‍ എയര്‍ ടാക്‌സികള്‍ പരീക്ഷിക്കുന്നു. (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക