Image

വേദിയില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ നടി പാമ്പു കടിയേറ്റ്‌ മരിച്ചു

Published on 10 May, 2018
വേദിയില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ നടി പാമ്പു കടിയേറ്റ്‌ മരിച്ചു


ബരാസത്‌: വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ പാമ്പു കടിയേറ്റ്‌ നടി മരിച്ചു. പശ്ചിമ ബംഗാളില്‍ ജത്ര എന്ന കലാരൂപം അവതരിപ്പിക്കുന്നതിനിടെയാണ്‌ കാളിദാസി മൊണ്ഡല്‍ എന്ന നടി പാമ്പു കടിയേറ്റ്‌ മരിച്ചത്‌.

വേദിയില്‍ മനാഷ അഥവാ നാഗകന്യകയായി വേഷമവതരിപ്പിക്കുകയായിരുന്നു കാളിദാസി. ഇതിനിടെ കൈയ്യില്‍ പിടിച്ചിരുന്ന പാമ്പ്‌ നടിയെ ആക്രമിക്കുകയായിരുന്നു.

എന്നാല്‍ ഒപ്പമുണ്ടായിരുന്നവര്‍ നടിയെ ആശുപത്രിയിലെത്തിക്കുന്നതിന്‌ പകരം മന്ത്രവാദിയെ വിളിച്ചുവരുത്തി ചികിത്സിക്കാന്‍ ശ്രമിച്ചു. പിന്നീട്‌ സംഭവം നടന്ന്‌ ഏകദേശം നാലുമണിക്കൂര്‍ കഴിഞ്ഞാണ്‌ നടിയെ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴെക്കും നടിയുടെ നില ഗുരുതരമയിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

ചികിത്സ വൈകിയതാണ്‌ കാളിദാസി മൊണ്ഡലിന്റെ മരണത്തിന്‌ കാരണമെന്നാണ്‌ ആശുപത്രിയിലെ ഡോക്ടര്‍മാരും പറഞ്ഞത്‌. ഇവരുടെ മരണത്തെത്തുടര്‍ന്ന്‌ വേദിയില്‍ പരിപാടി അവതരിപ്പിച്ച മറ്റു അഭിനേതാക്കളെ പൊലീസ്‌ ചോദ്യം ചെയ്‌തു വരികയാണ്‌.

പാമ്പുകളെ ഉപയോഗിച്ച്‌ ഇത്തരം കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്‌. അതുകൊണ്ടു തന്നെയാണ്‌ പാമ്പു കടിയേറ്റയുടനെ നടിയെ ആശുപത്രിയിലെത്തിക്കാതെ മറ്റ്‌ നാട്ടുമരുന്നുകള്‍ പരീക്ഷിക്കാന്‍ സംഘാടകര്‍ ശ്രമിച്ചത്‌.

നേരത്തേ ചികിത്സ ലഭ്യമാക്കാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണെമെന്ന്‌ ബംഗാള്‍ വനംവകുപ്പ്‌ മന്ത്രി ബിനോയ്‌ ബര്‍മാന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക