Image

വിവരാവകാശത്തില്‍ സിപിഎം അംഗം വേണ്ടെന്നു ഗവര്‍ണ്ണര്‍

Published on 10 May, 2018
വിവരാവകാശത്തില്‍ സിപിഎം അംഗം വേണ്ടെന്നു ഗവര്‍ണ്ണര്‍
സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണരും തമ്മിലുള്ള ശീതസമരത്തില്‍ പുതിയ വെടിയൊച്ച. ഇത്തവണ വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തിലാണ് ഗവര്‍ണ്ണര്‍ പി. സദാശിവം ഇടപ്പെട്ടത്. സര്‍ക്കാര്‍ സമര്‍പ്പിച്ച സി.പി.എം നോമിനിയുടെ പേര് ഗവര്‍ണര്‍ വെട്ടി. സി.പി.എം നേതാവായ അഡ്വ. എ.എ റഷീദിന്റെ പേരാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് ഒഴിവാക്കിയതെന്നാണ് സൂചന. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തില്‍ റഷീദ് ആരോപണവിധേയനായിരുന്നു. അതേസമയം, കെ വി സുധാകരന്‍, പിആര്‍ ശ്രീലത, കെ.എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള എന്നിവരുടെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും ആഭ്യന്തരവകുപ്പ് അന്വേഷിക്കും. സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍പ്പെട്ടയൊരാള്‍ക്ക് ഇത്തരത്തില്‍ അനൂകൂല നടപടി ഉണ്ടാവാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടായി ഉന്നയിക്കപ്പെടും. അതു കൊണ്ടു തന്നെ ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും പാര്‍ട്ടിയ്ക്കുള്ളിലെ സമ്മര്‍ദ്ദമാണ് ഇത്തരം നടപടിക്ക് വഴിവച്ചതെന്നു സൂചനയുണ്ട്. എന്തായാലും, മുഖ്യമന്ത്രിയുട ഓഫീസ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ തേടിയേക്കുമെന്നു സൂചനയുണ്ട്. ഇരട്ടക്കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ വിശദീകരണം തേടിയതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ സിപിഎം നോമിനിയുടെ പേര് വെട്ടിയതെന്നതും സര്‍ക്കാരിന് കളങ്കമുണ്ടാക്കിയിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക