Image

‘ജന്മസാഫല്യം’ (അവതാരിക: ഡി. ബാബുപോള്‍)

Published on 10 May, 2018
‘ജന്മസാഫല്യം’ (അവതാരിക: ഡി. ബാബുപോള്‍)
രാജശ്രീമാന്‍ എം. രവിവര്‍മ്മ അവര്‍കള്‍ രചിച്ച ‘ജന്മസാഫല്യം’ സഹൃദയസമക്ഷം അവതരിപ്പിക്കുവാന്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്. സുന്ദരമായ ആഖ്യാനവും മനോഹരമായ ശൈലിയും ലളിതമായ ഭാഷയും ഈ രചനയെ വശ്യമാക്കുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ശ്രീമാന്‍ വര്‍മ്മ കൃതഗസ്തനായ ഒരു എഴുത്തുകാരനല്ല എന്ന് ആരും ഊഹിക്കുകയില്ല; ആദ്യമായിട്ടാണ് താന്‍ ഒരു ഗ്രന്ഥകര്‍ത്താവ് ആകുന്നത് എന്ന് അദ്ദേഹം ആമുഖത്തില്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും.

ഈ കൃതി നാല് ഭാഗങ്ങളായി അടയാളപ്പെടുത്തിയിട്ടുണ്ട് ഗ്രന്ഥകാരന്‍. ഒന്നാംഭാഗത്തിലെ ആറ് ലേഖനങ്ങള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടും തിരുവിതാംകൂര്‍ രാജകുടുംബത്തോടും ബന്ധപ്പെട്ടവയാണ് മുഖ്യമായും. കോവളം കൊട്ടാരത്തിന്റെ പലര്‍ക്കും അറിയാത്ത കഥകളാണ് ഈ വിഭാഗത്തിലെ ഒരു ലേഖനം. പ്രസ്തുത ലേഖനത്തില്‍ ഏറ്റവും സംതൃപ്തിദായകമായി ഒരു ചരിത്രവിദ്യാര്‍ത്ഥി തിരിച്ചറിയുന്നത് റീജന്ററാണിയാണ് ആധുനിക കേരളത്തിന് അടിസ്ഥാനമിട്ട ശില്പികളില്‍ പ്രഥാനി എന്ന പ്രസ്താവനയാണ്.

കേരളം എന്ന് ബോധപൂര്‍വ്വം കുറിച്ചതാണ്. തിരുവിതാംകൂര്‍ രാജ്യത്തിന്റെ അതിര്‍ത്തി പൂര്‍ണ്ണാനദിയാണ് എന്ന് കരുതിയാലും, വര്‍ണ്ണാശ്രമശ്രേണിയില്‍ തിരുവിതാംകൂര്‍ രാജകുടുംബം വടക്കുള്ളവരെക്കാള്‍ അല്പം പിന്നിലായിരുന്നു എന്ന് ഗ്രഹിച്ചാലും ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തിരുവിതാംകൂറിനെ പ്രഥമശക്തിയായി അംഗീകരിച്ചിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.

അതുകൊണ്ടും വലിയ ദിവാന്‍ജിയുടെ വ്യക്തിപ്രഭാവം കൊണ്ടും ബ്രിട്ടീഷ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിലെ രാജവംശങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരമാധികാരശക്തി-പാരമൗണ്ട് പവര്‍- തിരുവിതാംകൂറിനെ ആണ് ആശ്രയിച്ചത്. രാജാ കേശവദാസനാണ് മലബാറിലെ സാമൂതിരി അടക്കം ഉള്ള രാജാക്കന്മാരും നാടുവാഴികളും കവളപ്പാറ മുപ്പില്‍നായര്‍ തുടങ്ങിയ പ്രഭുകുല ഭരണാധികാരികളും ഉന്നയിച്ച അവകാശവാദങ്ങള്‍ തിട്ടപ്പെടുത്തി തീരുമാനങ്ങള്‍ എടുത്തത്. സ്വതന്ത്രഭാരതത്തില്‍ വി.പി. രമണന്‍ നിര്‍വ്വഹിച്ച ദൗത്യം ആണ് ടിപ്പുവിന്റെ പടയോട്ടത്തിന് പിറകെ വന്ന കാലത്ത് തിരുവിതാംകൂര്‍ ദിവാന്‍ജി ചെയ്തത്. അതുകൊണ്ടാണ് തിരുവിതാംകൂറിലെ റീജന്റിനെ കുറിച്ച് പറഞ്ഞപ്പോള്‍ കേരളം എന്ന് പ്രയോഗിച്ചത്.

രാജാ കേശവദാസനും മണ്‍റോയും സ്വാതിതിരുനാളും കഴിഞ്ഞാല്‍ ആധുനിക തിരുവിതാംകൂറിന്റെയും തദ്വാരാ കേരളത്തിന്റെയും ശില്പിയായി വാഴ്ത്തപ്പെടേണ്ടത് റീജന്റ് റാണിയാണ്. അത് ശ്രീ. വര്‍മ്മ തിരിച്ചറിഞ്ഞിരിക്കുന്നു. ചരിത്രത്തിന്റെ ഗതിവിഗതികള്‍ മൂലം അര്‍ഹിക്കുന്ന ആദരവിന് പകരം വിധി വച്ചുനീട്ടിയ അര്‍ഹിക്കാത്ത അവഗണന നിര്‍വ്വികാരനായി ഏറ്റുവാങ്ങിയ മഹാമനസ്സായിരുന്നു റീജന്റിന്റേത്. ആ മഹതിയെ ഓര്‍മ്മയില്‍ തെളിയിച്ച് ചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് ആ.......മായിട്ടാണെങ്കിലും ശ്രീമാന്‍ വര്‍മ്മയടെ സത്യബദ്ധതയുടെ തെളിവായി അതിനെ വാഴാത്താതിരിക്കാന്‍ കഴിയുകയില്ല.

രണ്ടാംഭാഗത്തില്‍ ഏതാനും മഹദ് വ്യക്തികളുടെ രേഖാചിത്രങ്ങളാണ് ഉള്ളത്. വൈലോപ്പിള്ളിയും കലാമും ഒഴികെയുള്ള ഏഴ് പേരും ക്ഷത്രിയകുലജാതരാണ്. എന്നാല്‍ ഈ ഒന്‍പത് പേരെയും ഒരേ ദേവഗൃഹത്തില്‍ -പാന്തയോണ്‍- കുടിയിരുത്താവുന്നവരാണ്.

കേണല്‍ തിരുമേനിയെക്കുറിച്ചുളള ഉപന്യാസം പ്രത്യേകം എടുത്തുപറയണം. 1967-68 കാലത്ത് തിരുവനന്തപുരം സബ്കളക്ടര്‍ ആയിരിക്കെ അവിടുത്തെ വാത്സല്യവും നിര്‍ദ്ദേശങ്ങളും എനിക്ക് കോട്ടയും കാവലും ആയിരുന്നു. ഒരിക്കല്‍ എനിക്ക് മുട്ടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞങ്ങള്‍ സംഗമിക്കേണ്ടിയിരുന്ന ഒരു ചര്‍ച്ച മാറ്റി വയ്‌ക്കേണ്ടി വന്നു. ആ വിവരം ഫോണിലൂടെ അറിയിച്ചതിന് പിന്നാലെ കവടിയാറിലെ ആ എട്ട് സര്‍ക്കാര്‍ വീടുകളിലെ അഞ്ചാം നമ്പര്‍ വീട്ടില്‍ ശംഖുമുദ്ര പതിച്ച ഒരു ഷെവര്‍ലേ കാര്‍ വന്നു നിന്നു. അക്കാലത്ത് വിരളമായിരുന്ന ഒരു ഇന്‍ഫ്രാറെഡ് വിളക്ക് തിരുമേനി കൊടുത്തയച്ചതാണ്. പിതൃനിര്‍വ്വിശേഷമായ ആ സ്‌നേഹത്തെ ഞാന്‍ ഇപ്പോള്‍ നമസ്ക്കരിച്ചുകൊള്ളട്ടെ. മഹാരാജാവായിരുന്നില്ലെങ്കിലും മഹാനായ രാജാവ് ആയിരുന്ന കേണല്‍ ഹോദവര്‍മ്മയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അനുബന്ധവിവരണങ്ങളും ഞാന്‍ പലയാവര്‍ത്തി വായിച്ചു എന്ന് പറയുമ്പോള്‍ ആ രചന എനിക്ക് എത്ര ഇഷ്ടപ്പെട്ടു എന്ന് വ്യക്തമാണല്ലോ.

മൂന്നും നാലും ഭാഗങ്ങളില്‍ വേറെ ഒരൂ വക ലേഖനങ്ങളാണ്. അവ വെളിപ്പെടുത്തുന്നത് ശാസ്ത്രബോധത്തോടെയും യുക്തിബദ്ധതയോടെയും ഗതകാല ചരിത്രത്തെയും സമകാല സംഭവങ്ങളെയും സമീപിക്കാന്‍ ശ്രീ വര്‍മ്മയ്ക്കുള്ള അനതിസാധാരണമായ സിദ്ധിയാണ്. അഭിപ്രായസമന്വയം ശ്രമസാധ്യമായ മേഖലകളിലും പ്രശ്‌നങ്ങളിലും സാമാന്യരായ അനുവാചകര്‍ക്ക് യോജിക്കാനാവാത്ത നിലപാടുകള്‍ സ്വബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു രചയിതാവിന് ഉണ്ടായി എന്ന് വരാം. നാടോടുമ്പോള്‍ നടുവെ ഓടാന്‍ എളുപ്പമാണ്. നാം വെറുതെ നിന്നുകൊടുത്താല്‍ മതി. എന്നാല്‍ സത്യസന്ധമായ ഒരു എഴുത്തുകാരന് പലപ്പോഴും കുറുകെ ഓടേണ്ടി വരാം. ആ ഓട്ടം എങ്ങനെ നടത്തുന്നു എന്നതാണ് ഓടുന്നയാളെ വിലയിരുത്താന്‍ ഉപയോഗിക്കേണ്ട മാനദണ്ഡം. അങ്ങനെ ഓടുന്ന വേളകളിലും ശ്രീ വര്‍മ്മ എന്റെ ക്ഷത്രിയ കുലീനത കൈവെടിയുന്നില്ല.

അത്യന്തം പാരായണക്ഷമമായ ഈ കൃതി സഹൃദയസമക്ഷം അവതരിപ്പിക്കുമ്പോള്‍

പ്രതീയമാനം പുനരന്യ ദേവ

വസ്ത്വസ്തി വാണീഷ്ട കവീശ്വരാണാം

യത്തത് പ്രസിദ്ധാവയവാതിരിക്ക-

മാഭാതി ലാവണ്യമിവാംഗനാനാം

എന്ന ആചാര്യമതമാണ് മനസ്സില്‍ തെളിയുന്നത്. മഹാകവികളുടെ വാക്കില്‍ അവര്‍ ഉപയോഗപ്പെടുത്തുന്ന ശബ്ദങ്ങള്‍ക്ക് അതിരിക്തമായ ഒരു ഭംഗി കാണപ്പെടും എന്ന് സാരാംശം. ആ ബോധ്യത്തോടെ ഈ കൃതി സഹൃദയസമക്ഷം അവതരിപ്പിക്കുന്നു.

ശുഭമസ്തു. അവിഘ്‌നമസ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക