Image

ആര്‍. രമേശ് സ്മാരക പ്രവാസി പുരസ്‌കാരം അഷറഫ് താമരശേരിക്ക്

Published on 10 May, 2018
ആര്‍. രമേശ് സ്മാരക പ്രവാസി പുരസ്‌കാരം അഷറഫ് താമരശേരിക്ക്

കുവൈത്ത് സിറ്റി : കല കുവൈത്തിന്റെ ഭാരവാഹിയായിരുന്ന ആര്‍.രമേശിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ആര്‍.രമേശ് സ്മാരക പ്രവാസി പുരസ്‌കാരത്തിന് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകര്‍ അഷറഫ് താമരശേരി അര്‍ഹനായി. 

പ്രവാസ ജീവിതത്തിനിടെ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ജീവിത വ്രതമാക്കിയ ആളാണ് അഷറഫ് താമരശേരി. ഇതിനകം ജാതിമതദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികള്‍ നിന്ന് വിവിധ രാജ്യക്കാരായ അയ്യായിരത്തോളം മൃതദേഹങ്ങള്‍ ഇദ്ദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തെ സേവനത്തിനിടയില്‍ ഇന്ത്യക്കു പുറമെ യുഎസ്, യുകെ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങി 35 ഓളം രാജ്യങ്ങളിലേക്ക് അദ്ദേഹം മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്ട്. 

കോഴിക്കോട് താമരശേരി ചുങ്കം സ്വദേശിയായ അഷറഫ് 20 വര്‍ഷത്തോളമായി യുഎഇയിലെ അജ്മാനിലാണ് താമസം. സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം പ്രതിഫലേച്ഛ കൂടാതെയാണ് സേവനം ചെയ്യുന്നത്. സാമൂഹിക പ്രവര്‍ത്തനത്തിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരവും അഷറഫിനെ തേടിയെത്തിയിട്ടുണ്ട്.

മേയ് 11ന് നടക്കുന്ന കല കുവൈറ്റ് മെഗാ പരിപാടിയായ തരംഗം 2018 വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക