Image

പുതിയ കാലത്തെ രക്തസാക്ഷി (കഥ: ജിന്‍സണ്‍ ഇരിട്ടി)

Published on 10 May, 2018
പുതിയ കാലത്തെ രക്തസാക്ഷി (കഥ: ജിന്‍സണ്‍ ഇരിട്ടി)
''ചന്ദ്രാ പീടിക അടച്ചോ.വീണ്ടും സംഘട്ടനം തുടങ്ങി ഇന്നെന്തെങ്കിലുമൊക്കെ നടക്കും ''
ചെത്ത്കാരന്‍ രാഘവന്‍ അന്തി കള്ളും തൂക്കി ഷാപ്പിലേക്ക് പോകുന്ന വഴി വിളിച്ച് പറഞ്ഞു.
അയാള്‍ ശരീരത്തിലൂടെ ഒരു ഇടിമിന്നല്‍ പാഞ്ഞതുപോലെ വിളറിയിരുന്നു
ഈ നാടിനിയെന്നാ നന്നാവുക ?.
വാസുവിനെ വെട്ടി കൊന്ന ആ രാത്രി ഓര്‍മ്മകലുടെ ചിതല്‍ പുറ്റില്‍ നിന്നു ഭീതിയുടെ പെരുമ്പറ കൊട്ടി അയാളെ എത്തിനോക്കി.
പാവം വാസു.
നാല്‍പ്പെത്തിയെട്ടു വെട്ട്.പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ എണ്ണി പറഞ്ഞു.
ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ മനസ്സില്‍ കുഴിച്ചു മൂടിയ ഏങ്ങലടികള്‍ ഹൃദയത്തിന്റെ ഉള്ളറകളിള്‍ നിന്നു അകകാമ്പ് പൊട്ടി തള്ളിവരുന്ന ലാവപോലെ പുറത്തെക്കു ഒഴുകി
മുന്‍പൊരിക്കല്‍ അമ്പല മുക്കിലെ റോഡില്‍ ഇട്ട് ഒരു പേപട്ടിയെ തല്ലി കൊന്നപ്പോള്‍ അതിന്‍റെ ജീവനുവേണ്ടിയുള്ള നിലവിളിയും ,മരണവെപ്രാളവും വാസുവിന്‍റെത് പോലെ അയാള്‍ക്ക് തോന്നി.
മനുഷ്യനാണെന്നു പറഞ്ഞിട്ടെന്ത് കാര്യം വെട്ടികീറി കൊല്ലുമ്പോള്‍ എല്ലാര്‍ക്കും ഒരേ വേദന ,ഒരേ നിലവിളി. ഇവിടെ മനുഷ്യനും മൃഗവുമെന്ന വ്യത്യാസമില്ല
''വാസു അറിഞ്ഞില്ലേ വീണ്ടും രണ്ടു പേരെകൂടി തട്ടി. ഞങ്ങടെ ആള്‍ക്കാരെ കൊന്നിട്ട് അങ്ങനെ വെറുതെ വിടുന്നു തോന്നിയോ,ഇനിം തട്ടണം നാറികളെ ''
ഗോപിയുടെ മുഖത്തെ എന്തോ നേടിയത് പോലുള്ള ആനന്ദം കണ്ടപ്പോള്‍ നൂറുപേരെ കടിച്ചു കീറിക്കൊന്നു തിന്നിട്ടും വിശപ്പടങ്ങാതെ പച്ച മാംസത്തിനു വേണ്ടി വീണ്ടും കൊതിപ്പറയുന്ന, കഴിഞ്ഞ ദിവസം ടീവിയില്‍ കണ്ട ഒരു പ്രാകൃത രൂപത്തെ അയാള്‍ക്കു ഓര്‍മ്മവന്നു
''വീണ്ടും ...........''
അയാള്‍ പറഞ്ഞു മുഴുവിപ്പിക്കാതെ ചുളുങ്ങിയ മുഖത്തോടെ പീടികയിലെ മേശപുറത്ത് തല കുമ്പിട്ടു കിടന്നു
''ഇപ്പോള്‍ അവര് മൂന്നു ഞങ്ങള് നാല്.''
''ഒന്നു നിര്‍ത്തുന്നുണ്ടോയി ഭ്രാന്ത്. മനുഷ്യന്‍ മനുഷ്യനെ കൊന്നിട്ട് അതിന്‍റെയെണ്ണം പറഞ്ഞു സന്തോഷിക്ക്യാ ? ''.
അപ്രതീക്ഷിതമായുള്ള അയാളുടെ ഒച്ചയിടല്‍ കേട്ട് ഗോപി ദേഷ്യതോടെ എന്തോ പിറുപിറുത്തുകൊണ്ടു കടന്നു പോയി.
തീ പന്തങ്ങളുമായി ഒരു സംഘം തെറിയില്‍ പൊതിഞ്ഞ മുദ്രാവാഖ്യങ്ങളുമായി തൊണ്ടപൊട്ടുമാറു അലരി മദം പൊട്ടിയ ആനകൂട്ടം പോലെ ചീറി തെറിച്ചു പാടം കടന്നു വരുന്നത് കണ്ടു അയാള്‍ ഉറപ്പിച്ചു. പീടിക അടപ്പിക്കാന്‍ തന്നെ
അയാള്‍ ഭയം ഉള്ളില്‍ ഒതുക്കി മുഖത്ത് കൃത്രിമമായ ഒരു ധൈര്യം വരുത്തി പെട്ടന്നു പീടികയുടെ ഷട്ടര്‍ താഴ്ത്തി ഇറങ്ങി
''ചന്ദ്രേട്ടാ വീട്ടിലേക്കു പോകുമ്പോളി പുസ്തകമൊന്നു സുരേഷിന്‍റെ വീട്ടില്‍ കൊടുത്തെക്കുവോ ?''
''ഉം''
ബാബു പത്ര കടലാസിന്‍ പൊതിഞ്ഞു തന്ന പുസ്തകം അയാള്‍ അരയിലേക്ക് തിരുകി.
കട അടയ്ക്കാതെ നിന്ന പെട്ടി കടക്കാരന്‍ സോമനെ കാഴ്ചയില്‍ പതിനഞ്ച് വയസുമതിക്കുന്ന മുന്‍പ് അവിടെ കണ്ടിട്ടില്ലാത്ത ഒരു പൊടി മീശക്കാരന്‍ ചെറുക്കന്‍ പിടിച്ചു തള്ളിയിട്ട് പറഞ്ഞു :
''നിന്നോടൊക്കെ പ്രത്യേകിച്ചു പറയണോടാ.വേണ്ടി വന്നാല്‍ ഞങ്ങ എണ്ണം തികക്കാന്‍ തന്നേം തട്ടും ''
അപ്പോള്‍ എണ്ണമാണ് പ്രശ്‌നം മനുഷ്യരല്ലല്ലേ?
ചന്ദ്രന് അങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ കാലം തെറ്റിയ ചെറുപ്പത്തിന്‍റെ ചോരത്തിളപ്പ് കണ്ടപ്പോള്‍ അയാളിലെ മധ്യവയസ്കന്‍ ശിശുവിനെ പോലെ പകച്ചു പോയി.
എല്ലാം ഒരു കണക്കിന്‍ മേലുള്ള കളിയാണ്.ചില നേരത്ത് ഈ കണക്ക് ഒരു വല്ലാത്ത അപകടം തന്നെ. കണക്കില്‍ താന്‍ പണ്ടേ പരാജയമായിരുന്നത് കൊണ്ട് വലിയ കണക്കു കൂട്ടലിന്‍റെ സാങ്കത്യം തനിക്ക് അത്ര പിടിയില്ല
അയാള്‍ ,നിലാവ് എത്തിനോക്കാന്‍ മടിച്ച ,ഭയം റൂട്ട് മാര്‍ച്ചു നടത്തുന്ന കുരാ കുരിരുട്ടത്ത് കനാലിനോട് ചേര്‍ന്ന ചെമ്മണ്‍ പാതയുടെ ഓരം ചേര്‍ന്നു നടന്നു. കനാലിനു അപ്പുറത്തെ പൊന്തക്കാട്ടില്‍ നിന്നു ഉച്ചയുണ്ടാക്കി മത്സരിക്കുന്ന താവളകളുടെയും ചീവിടുകളുടെയും ശബ്ദം അവിടെ ഉറഞ്ഞു തുള്ളികൊണ്ടിരുന്ന ഭയത്തെ കടനാക്രമിച്ചു കൊണ്ടിരുന്നു
അയാള്‍ കയ്യില്‍ ഇരുന്ന മെഴുകുതിരി കത്തിക്കാന്‍ കൈലി മുണ്ടു പൊക്കി ട്രൗസറില്‍ നിന്നു തീപ്പെട്ടി എടുത്ത് ഒരയ്ക്കാന്‍ ആഞ്ഞപ്പോഴാന് തോന്നിയത് മെഴുകുതിരി കത്തിക്കണ്ടാന്നു .അയാള്‍ കൊള്ളി വലിച്ചെരിഞ്ഞു തീപ്പെട്ടി പോക്കറ്റില്‍ ഇട്ടു ചിലപ്പോഴൊക്കെ വെളിച്ചത്തെക്കാള്‍ നല്ലത് ഇരുട്ടാന്.അവിടെ ശബ്ധങ്ങള്‍ മാത്രമല്ലേയൊള്ളൂ .ആരുടേയും കപട മുഖങ്ങള്‍ കാണണ്ട .
അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണ് പക്ഷെ അവരുടെ തലമണ്ടയില്‍ മതോം രാഷ്ടിയവും അന്തമായി കുടിയിരുത്തുമ്പോഴാണ് പ്രശ്‌നം
'ഇവരാണ് സത്യത്തില്‍ മാക്‌സിന്‍ ഗോര്‍ക്കി പറഞ്ഞ മഞ്ഞിന്റെ തടവുകാര്‍ '
ചന്ദ്രന്‍ കഴിഞ്ഞ ദിവസം വായിച്ച പുസ്തത്തിലെ വരികള്‍ പെട്ടന്ന് ചിന്തയെ പിടികൂടിയ പോലെ പറഞ്ഞു
അയാള്‍ വാസുവിന്‍റെ രക്തസാക്ഷി സ്മാരകത്തിന് മുന്‍പിലെ വെളിച്ചത്തില്‍ എത്തിയപ്പോള്‍ വാസുവിന്‍റെ തിളങ്ങുന്ന കല്‍ പ്രതിമയ്ക്ക് അടിയിലെ വാചകം എ ന്നെത്തെയും പോലെ വീണ്ടും വായിച്ചു :
'പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്ത സാക്ഷി സഖാവ് വാസു.'
വാസുവിന്‍റെ കണ്ണുകളിലെ ദീന രോദനം കണ്ടപ്പോള്‍ അയാളെ ആ സ്മാരകത്തിലെ ഉരുളന്‍ കല്ലുകളില്‍ കെട്ടിയിട്ടിരിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.
ഇത്‌പോലെരു രാത്രിയിലെ നടത്തത്തിലാണ് താന്‍ വാസുവിനെ കണ്ടു മുട്ടുന്നത്.ആന്നു താന്‍ ഈ നാട്ടില്‍ ആദ്യമാണ് .ഒരു പണി തേടിയുള്ള അലച്ചിലുകള്‍ക്ക് അവസാനമാന് താന്‍ ഇവിടെ ചെറിയമ്മയുടെ വീടു തേടി വരുന്നത്.ബസ് ഇറങ്ങി നടക്കുമ്പോള്‍ തനിക്കൊരു വ്യക്തമായ രൂപവും ഉണ്ടായിരുന്നില്ല. വഴിയില്‍ കണ്ട ആരോ പറഞ്ഞു തന്ന വഴിയിലുടെ അങ്ങ് നടന്നു.
മറവിയുടെ ശവക്കല്ലറയില്‍ കുഴിച്ചു മൂടിയ ആ രാത്രി അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
''ഒന്നു നിക്കണെ......''
പുറകില്‍ നിന്നു ആരോ വിളിക്കുന്നത് കേട്ട് ആശങ്ക ചിതറി തെറിച്ച മുഖത്തോടെ അയാള്‍ തിരിഞ്ഞ് നോക്കി.
താടികാരനായ, ഒറ്റ കാഴ്ച്ചയിള്‍ മുപ്പത്തഞ്ചു വയസു തോന്നിക്കുന്ന ഒരു യുവാവ്
''പരിചയമില്ലല്ലോ ആരാ ? ''
ചോദ്യക്കാരന്റെ ആകാംഷ നിഴലിച്ച കണ്ണുകളിലേക്കു നോക്കികൊണ്ടു അയാള്‍ പറഞ്ഞു :
''ഞാന്‍ ചന്ദ്രന്‍.ഇവിടെ മാധവിയമ്മേടെ വീട്ടിലേക്കാ .എ നിക്ക് സ്ഥലം അത്ര പരിചയമില്ല ''.
''വീട് ഞാന്‍ കാട്ടിത്തരാം. അതിന്‍റെ തൊട്ടടുത്താ ഞാന്‍ താമസിക്കുന്നെ ''.
അയാള്‍ക്ക് ധൈര്യമായി.
അവര്‍ അങ്ങനെ നടന്നു. വാസു പരിചിതവും , അപരിചിതമായ ഒരുപാട് കാര്യങ്ങളെ കുറിച്ചു സംസാരിച്ചു. കൂടുതലും രാഷ്ടിയമായിരുന്നു.അയാള്‍ എല്ലാത്തിനും അറിവുള്ള ഭാവത്തില്‍ തലയാട്ടി
''അരിഞ്ഞില്ലേ ഇവിടെ പ്രശ്‌നങ്ങള്‍ തുടങ്ങി "
"പ്രശ്‌നങ്ങളോ "
വാസു പറഞ്ഞതെന്തിനെ കുറിച്ചാണെന്ന് ഒരു പിടിയും ഇല്ലാതെ അയാള്‍ പകച്ചു നിന്നു
" സൂക്ഷിക്കണം.മൊത്തം മൂന്നു പേര് മരിച്ചു.മരിച്ചോരു ഏതൊക്കെ പാര്‍ട്ടിക്കാരാണെന്നു തിട്ടപെടുത്തിയിട്ടില്ല."
നെഞ്ചിലേക്ക് ആഞ്ഞു കൊത്താന്‍ ഒരു കരിമൂര്‍ക്കന്‍ ചുറ്റുവട്ടത്തെവിടെയോ ഭയത്തിന്റെ പത്തി വിടര്‍ത്തി ചീറ്റുന്നത്‌പോലെ അയാള്‍ക്ക് തോന്നി
"എനിക്ക് കൊല്ലുന്ന രാഷ്ടിയത്തെ പണ്ടേ വെറുപ്പാണ് .അവര്‍ എണ്ണം തികയ്ക്കാന്‍, വേണ്ടിവന്നാല്‍ ആരെയും കൊല്ലും.ഞാനതാ എന്‍റെ ഓട്ടോറിക്ഷ നേരത്തെ ഷെഡില്‍ കേറ്റി വച്ച് പോന്നത്. വീട്ടില്‍ നമ്മളെ വഴി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടെ ''.
അയാള്‍ കൈയിലെ ഭാരമുള്ള സഞ്ചി ഇടത് കൈയിലേക്ക് മാറ്റി പിടിച്ചിട്ടു പറഞ്ഞു:
''അഞ്ചു കിലോ അരി മേടിച്ചു.വില കേട്ടാല്‍ ഞെട്ടും.ഈ രാഷ്ടിയകാര്‍ക്ക് പരസ്പരം കൊന്നു തിന്നാന്‍ നടക്കുന്ന സമയത്ത് ഇത്‌പോലുള്ള ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കു വേണ്ടി പൊരുതികൂടെ ''.
അയാള്‍ ഒരു പണി അന്വേഷിച്ചാണ് വന്നതെന്നു അരിഞ്ഞപ്പോള്‍ വാസു പറഞ്ഞു :
''പണികിട്ടാന്‍ പാടാ. ഞാന്‍ തന്നെ ഒരു പണിയും കിട്ടാഞ്ഞിട്ടാന് അവസാനം ഓട്ടോ റിക്ഷ ഓടിക്കാന്‍ ഇറങ്ങിയത്.ഒള്ളത്പറയാം , എന്റെയും നിന്റെയും വീട്ടില്‍ അടുപ്പ് പുകയുന്ന പ്രത്വശാസ്ത്രത്തിലെ എനിക്ക് വിശ്വാസമുള്ളൂ ''
മുന്നില്‍ ഒരു ചെറു തീ പന്ത സംഘം വരുന്നത് കണ്ടു വാസു പറഞ്ഞു :
''വാ എവിടെയെങ്കിലും മറഞ്ഞിരിക്കാം അല്ലെങ്കില്‍ അപകടാ ''
അവര്‍ തൊട്ടടുത്ത് ചാഞ്ഞു കിടന്ന ഒരു മാവിന്റെ പുറകില്‍ മറഞ്ഞിരുന്നു.
ഭയത്തിന്റെ മുഖം മൂടി അണിഞ്ഞ പേരറിയാത്ത ഒരു പറ്റം ഭീകര ജീവികള്‍ അയാളുടെ തലച്ചോര്‍ ഞെരമ്പുകളിലൂടെ മാര്‍ച്ചു നടത്തുന്നത് പോലെ അയാള്‍ക്ക് തോന്നി
'ബോലോ ഭാരത് മാതാകി
ജയ്
ഏയ് പുല്ലേ കമ്മികളെ
കാത് തുറന്നിതു കേട്ടോളു
വീട്ടില്‍ കേറി കൊത്തും ഞങ്ങള്‍
ഒന്നിന് പത്തായി പത്തിന് നുറായി
വെട്ടിനുറുക്കും കട്ടായം...'
തീ പന്തങ്ങള്‍ അടുത്തെത്തിയപ്പോല്‍ മഞ്ഞ വെളിച്ചത്തില്‍ എല്ലാവരുടെയും മുഖം വ്യക്തമായി ചന്ദ്രന്‍ കണ്ടു
എല്ലാവര്‍ക്കും ഒരേ കടിച്ചു കീറാനുള്ള പ്രതികാര ഭാവം. കാവി ചരടിലും ,ആവി പറക്കുന്ന ചോരയില്‍ വിരല്‍ മുക്കി നെറ്റി തടത്തില്‍ കോറിയിട്ടതുപോലുള്ള നീളന്‍ കുറിയിലും അയാളുടെ നോട്ടം ചിറകെട്ടിയപ്പോള്‍ വാസു പറഞ്ഞു
"ഇതാണ് കാവി ഭീകരര്‍ "
'' എണ്ണം തികയ്ക്കാനിറങ്ങിയതാണ് ''
വാസു പുച്ഛത്തോടെ പറഞ്ഞു.
''ആരാണിവരുടെ ശത്രു?''
''അവരുടെ തെറ്റ് ചൂണ്ടി കാണിക്കുന്നവരും , എതിരഭിപ്രായമുള്ളവരും ''
വാസുവിന്‍റെ സഞ്ചി അയാളുടെ കാലില്‍ അമര്‍ന്നപ്പോള്‍ അയാള്‍ സഞ്ചിയിലേക്ക് നോക്കി.
അരിയിടെ മുകളില്‍ തിളങ്ങുന്ന കണ്ണുകളും ,സ്വര്‍ണ്ണ മുടിയുമുള്ള ഓമനത്തം തുളുമ്പുന്ന ഒരു കൊച്ചു പാവകുട്ടി.
''ആര്‍ക്കായി പാവകുട്ടി ?''
ചന്ദ്രന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
തന്റെ കൊച്ചുമോള്‍ക്കാണെന്നു അയാള്‍
ആഗ്യം കാട്ടി.
അവര്‍ പോയത് കണ്ടു വാസു എണിറ്റ് ഒരു ബീടി കത്തിച്ചു
'' ഇവറ്റകള്‍ മനുഷ്യരെ സ്വൈര്യമായിട്ടു ജീവിക്കാനും സമ്മതിക്കില്ല. ഇവിടെ തോട്ടടുത്ത് രണ്ടു കൂട്ടരുടെ പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. അതായി പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. പാട്ടി ഗ്രാമത്തില്‍ അവരുടെ ആശയത്തിന് എതിരായി ആരു നിന്നോ അവരെ അവര്‍ ശരിയാക്കി കളയും ''
"എന്തായി പാര്‍ട്ടി ഗ്രാമം ?"
ഒരു കൊച്ചു കുട്ടിയുടെ ജിക്ഞാസയോടെയുള്ള അയാളുടെ ചോദ്യം കേട്ട് വാസു പറഞ്ഞു
"രാഷ്ടിയ അന്ധത അടവച്ചു വിരിയിക്കുന്ന ഇടം "
അയാള്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ സഞ്ചിയില്‍ നിന്നു പാവകുട്ടി എടുത്ത് കാട്ടിയിട്ട് പറഞ്ഞു :
'' കഴിഞ്ഞ ആഴ്ച മേലോത്ത് ഭഗവതി ക്ഷേത്രത്തില്‍ തൊഴാന്‍ പോയപ്പോള്‍ അവിടെ ഇന്നോവ കാറില്‍ വന്നിറങ്ങിയ ഒരു കൊച്ചിന്റെ കയ്യില്‍ ഇരുന്നു ചിരിക്കുന്ന പാവ്കുട്ടിയെ കണ്ടതു മുതല്‍ എന്‍റെ മോള് അത്‌പോലൊന്നു വേണന്നുപറഞ്ഞു ഒരേ കറച്ചിലായിരുന്നു. ഇന്നാ കാശൊത്തെ മേടിക്കാന്‍.പിള്ളേരുടെ മനസല്ലേ ,അവരറിയുന്നുണ്ടോ നമ്മുടെകയ്യില്‍ കാശില്ലെന്നു . മേടിച്ചു കൊടുത്തില്ലേല്‍ പിന്നെ അതൊരു വിഷമമായി നമ്മുടെ മനസിലും കിടക്കും. ''
അവര്‍ വളവു തിരിഞ്ഞ് ഒരു ഇടവഴിയിലേക്ക് കയറിപ്പോള്‍ ആരോ പുറകില്‍ നിന്നു വിളിച്ച് പറഞ്ഞു :
''അതാ ഓട്ടോ െ്രെഡവര്‍ വാസു പോകുന്നു അവന്‍റെ ചത്ത്‌പോയ തന്ത മറ്റവരുടെ ആളായിരുന്നു ,ഇവനെം ഞാന്‍ അവരുടെ പരിപാടിക്ക് കണ്ടിട്ടുണ്ട് "
ശബ്ദങ്ങള്‍ ഭീകറ രൂപികളായി അലരിക്കൊണ്ടു നാലുപാടുന്നും പാഞ്ഞു വന്നു.
പിന്നെ എല്ലാം പെട്ടന്നായിറുന്നു
വാസുവിന്‍റെ നിലവിളി ഏറ്റക്കുറച്ചിലോടെ മുറിഞ്ഞു മുറിഞ്ഞു അവസാനം ഇല്ലാണ്ടായി
ചന്ദ്രന് ഒന്നും ചെയ്യാന്‍ കഴിയാതെ ശക്തമായൊരു വൈദ്യുത ആഘാതം ഞെരമ്പുകളെ വലിഞ്ഞു മുറുക്കിയത്‌പോലെ വിറങ്ങലിച്ചു നില്‍ക്കാനെ കഴിഞ്ഞോള്ളു
പോലിസ് ജീപ്പില്‍ വെട്ടിനുറുക്കപെട്ട വാസുവിന്‍റെ ചോരയില്‍ പൊതിഞ്ഞ ജീവനറ്റ ശരിരം കയറ്റുമ്പോള്‍ ചന്ദ്രന്‍ സഞ്ചിയില്‍ നിന്നു തെറിച്ചുപോയ പാവകുട്ടിയെ തിരഞ്ഞു.കനാലിന് അരികില്‍ ചോരയില്‍ മുങ്ങി കിടക്കുന്ന പാവകുട്ടിയെ കൈയില്‍ എടുത്തപ്പോള്‍ അയാലുടെ നെഞ്ചില്‍ കടാര കുത്തിയിറക്കുന്ന വേദന തോന്നി. അവളുടെ മുഖത്തെ പുഞ്ചിരി മറച്ചു കളഞ്ഞ കട്ട ചോര കൈയിലി മുണ്ടിന്റെ കോന്തലു കൊണ്ട് തുടച്ചു .അവള്‍ വീണ്ടും ചിരിച്ചു.എങ്കിലും പളുങ്കു മണികളുടെ മിനിസമുള്ള അവളുടെ ചുണ്ടിലെ പുഞ്ചിരിക്ക് ചോര കറ ആണെന്ന് അയാള്‍ക്ക് തോന്നി.
ഇതവള്‍ക്കു കൊടുക്കണം. അയാള്‍ തീരുമാമാനിച്ചു
അഞ്ചു സെന്റ് സ്ഥലം മാത്രമുള്ള വീട്ടു വളപ്പിലെ ഒരു ഒതുങ്ങിയ കോണില്‍ വാസുവിനെ സംസ്കരിച്ചപ്പോള്‍ താന്‍ ജീവനോടെ കുഴിച്ചു മൂടപ്പെട്ട ഒരാളാണെന്ന് ചന്ദ്രന് തോന്നി. വാസുവിന്റെ നിലവിളി അയാളുടെ തലച്ചോറിന്റെ അഘാത ഗര്‍ത്തങ്ങളില്‍ അണുബോംബ് പോലെ പൊട്ടി ചിതറുന്നതു അയാള്‍ അറിഞ്ഞു. ആളുകളെല്ലാം പോയി കഴിഞ്ഞപ്പോള്‍ ഒന്നും അരിയാത്തത് പോലെ മുറ്റത്തെ ചെമ്മണ്ണില്‍ ചിരട്ടകൊണ്ടു മണ്ണപ്പം ഉണ്ടാക്കി കളിക്കുന്ന വാസുവിന്റെ മോളുടെ അടുത്തേയ്ക്കു ചന്ദ്രന്‍ ചെന്നു
''മോള്‍ക്ക് മാമ്മന്‍ ഒരു സൂത്രം തരട്ടെ ''
അവള്‍ അടങ്ങാത്ത ആകാംഷയോടെ ചന്ദ്രന്റെ കണ്ണുകളിലേക്കു നോക്കി അയാള്‍ സഞ്ചിയില്‍ നിന്നു പാവ കുട്ടി എ ടുത്ത് നീട്ടി
''ഹായ് പാവകുട്ടി.....''
അവള്‍ സന്തോഷത്തോടെ പാവകുട്ടിയുടെ ചുവന്നു തുടുത്ത കവിളിലും , വിടര്‍ന്ന കണ്ണുകളിലും മെല്ലെ വിരലുകള്‍ ഓടിച്ചു
''ഇത് മോള്‍ടെയച്ഛന്‍ മേടിച്ചതാ''
''അച്ഛനെന്തിയെ എനിച്ച് പാവകുട്ടി മേടിക്കാന്നു പറഞ്ഞു പോയിട്ട് ? ''
അവളുടെ ചോദ്യം മൂര്‍ച്ച കൂടിയ ഒരു കുപ്പിചില്ലുപോലെ അയാളുടെ ഹൃയത്തില്‍ തറച്ചു നിന്നു .
''അച്ഛന്‍......അച്ഛന്‍ ദുരെ മോള്‍ക്കൊരു പുതിയ സമ്മാനം മേടിക്കാന്‍ പോയേക്കുവാ ഉടനെ വരും ''
അയാളുടെ തൊണ്ട ഇടരി. ഉള്ളില്‍ അടക്കി നിര്‍ത്തിയ വിങ്ങലുകള്‍ നിയന്ത്രിക്കാന്‍ പാടുപെട്ടു
അവള്‍ പ്രിയപെട്ടതെന്തോ കിട്ടിയ ആനന്ദത്തില്‍ അകത്തു കട്ടില്‍ കരഞ്ഞു തളര്‍ന്നു കിടക്കുന്ന അമ്മയുടെ അരികിലേക്ക് ഓടി.
ആരുടെയോ ഒച്ചത്തിലുള്ള സംസാരം കേട്ടാന് ചന്ദ്രന്‍ ചിന്തയില്‍ നിന്നു ഉണര്‍ന്നത്.നോക്കുമ്പോള്‍ കത്തിച്ചു പിടിച്ച പന്തം ആകാശത്തേക്ക് വീശി ചെറുപ്പക്കാരായ കുറെ പരുക്കന്‍ മുഖങ്ങള്‍ അവിടെയ്ക്ക് വരുന്നു.
അവരെ കണ്ടു വാസുവിന്‍റെ പ്രതിമയ്ക്ക് അരികില്‍ നിന്നു എണിറ്റു പോകാന്‍ ഒരുങ്ങിയപ്പോള്‍ വാസു എന്തോ പറയാന്‍ വിങ്ങുന്നതുപോലെ അയാള്‍ക്ക് തോന്നി
''വാസു....''
അയാള്‍ വാസുവിന്റെ കൈയില്‍ പിടിച്ചപ്പോള്‍ ശരീരത്തുലൂടെ ഒരു കാന്തിക തരംഗം ഹൃദയത്തിലൂടെ കടന്നു തലച്ചോറിലേക്ക് പ്രവഹിക്കുന്നത് അയാള്‍ അറിഞ്ഞു
ആരോ അയാളുടെ കോളറില്‍ പിടിച്ചു വലിച്ചപ്പോള്‍ അയാള്‍ കഴുത്ത് തെറ്റിച്ചു നോക്കി.
''എന്താടാ നിനക്ക് വേണ്ടത് .സ്തൂപം പൊളിക്കാനുള്ള പരിപാടിയാണോ ?''
''അല്ല ഞാന്‍...''
ഒരാള്‍ പുറകില്‍ മറച്ചു പിടിച്ച വടിവാള്‍ എടുത്ത് ഓങ്ങിട്ടു പറഞ്ഞു:
"മ്മടെ നാല് പേരെ അവര് തട്ടി ,ഇപ്പം എണ്ണത്തില്‍ നമ്മളാണ് പുറകി ,ഇവന്‍റെ അനിയന്‍ ശാഖയ്ക്ക് പോണ ടീമാ ,അവര്‍ക്കൊരു തിരിച്ചടിയായി ഇവനെ അങ്ങു തട്ടിയാലോ...."
ചന്ദ്രന്റെ ശരിരം വിറയ്ക്കാന്‍ തുടങ്ങി .
അയാളുടെ അരക്കെട്ടില്‍ നിന്ന് പുസ്തകം ഊര്‍ന്നു താഴെ വീണു.
നിലത്ത് കിടക്കുന്ന പുസ്തകത്തിലേക്ക് അവര്‍ സൂക്ഷിച്ചു നോക്കി.
മൂലധനം
ഒരുത്തന്‍ ബഹുമാനത്തോടെ അയാളുടെ തോളില്‍ തട്ടിയിട്ടു പറഞ്ഞു:
''ഇയാള് നമ്മുടെയാളാ , കണ്ടില്ലേ മൂലധനം ''.
''മൂലധനം ? അതെന്തോന്നു ധനം ?''
''അതമ്മടെ പാര്‍ട്ടിന്‍റെയെന്തോ വലിയ സംഭവാന്നു കേട്ടിട്ടുണ്ടു ''
അയാള്‍ മൂലധനം എടുത്ത് പൊടി തട്ടികളഞ്ഞിട്ട് ചന്ദ്രന്റെ കൈയില്‍ പിടിപ്പിച്ചിട്ട് പറഞ്ഞു :
'' ലാല്‍സലാം സഖാവേ ''
അയാള്‍ വിക്കിവിക്കി പറയാന്‍ ശ്രമിച്ചു:
'' ലാ .......സലാം ''
വാസു അപ്പോള്‍ ചന്ദ്രനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക