Image

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന അഖിലയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Published on 10 May, 2018
 ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന അഖിലയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈ കോടതി പരിഗണിക്കും.കേസില്‍ സര്‍ക്കാറിനോടും സിബിഐയോടും കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും സിഐ അടക്കമുള്ളവരെ പ്രതി ചേര്‍ത്തെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിക്കുക. എസ്പി അടക്കമുള്ളവരെ ചോദ്യം ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതിയെ അറിയിക്കും.
ഇക്കാര്യത്തില്‍ സിബിഐയും നിലപാട് അറിയിക്കും. കേസിലെ നാലാം പ്രതി എസ്‌ഐ ജിഎസ് ദീപകിന്റെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘം വിശദീകരണം നല്‍കും. ശ്രീജിത്തിനെ മര്‍ദ്ദിച്ചത് ആര്‍ടിഎഫുകാരാണെന്നും തനിക്കെതിരെ സാക്ഷി മൊഴി പോലും ഇല്ലെന്നുമാണ് ദീപക്ക് ജാമ്യാപേക്ഷയില്‍ പറയുന്നത്. അതിനിടെ, വരാപ്പുഴ കസ്റ്റഡികൊലപാതകത്തില്‍ പോലീസിന് നാണക്കേടായി കൈക്കൂലിയും. കസ്റ്റഡയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ ശ്രജീത്തിനെ മോചിപ്പിക്കാന്‍ കൈക്കൂലിവാങ്ങിയ പോലീസ് ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാനും കേസില്‍ നിന്നും രക്ഷപെടുത്താനും പറവൂര്‍ സിഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്റെ ഡ്രൈവര്‍ പ്രദീപ് കുമാര്‍ 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം ഉയര്‍ന്നത്. 
ഇടനിലക്കാരന്‍ വഴി 15000 രൂപ നല്‍കിയതായി ശ്രീജിത്തിന്റെ ഭാര്യാപിതാവ് ക്രൈംബ്രാ!ഞ്ച് സംഘത്തിന് മൊഴി നല്‍കി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു കൈക്കൂലി നല്‍കിയത്. സിഐയ്ക്ക് കൈമാറുമെന്നാണ് ഡ്രൈവര്‍ പറഞ്ഞത്.
ശ്രീജിത്ത് മരിച്ച ശേഷം ഭാര്യാ പിതാവ് ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് അഭിഭാഷകന്‍ അറിഞ്ഞതോടെ പൊലീസ് ഡ്രൈവറെ വിളിച്ചു. അയാള്‍ പണം മടക്കി നല്‍കി. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റൂറല്‍ എസ്പി പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാറിനെ സസ്പന്റ് ചെയ്തത്. കേസില്‍ ഇയാളെ പ്രതിയാക്കിയേക്കും. അതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില് നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. 
ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ റിേേപ്പാര്‍ട്ട് നല്‍കിയത്. ഗ്രേഡ് എഎസ്‌ഐമാരായ ജയാനന്ദന്‍, സന്തോഷ്, സിപിഒ മാരായ ശ്രീരാജ് , സുനില്‍ കുമാര്‍ എന്നിവരാണിവര്‍. അന്യായമായ തടങ്കലിന് കൂട്ടുനിന്നു എന്നതാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം. എന്നാല്‍ കസറ്റഡി മര്‍ദ്ദനത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടിലാത്തതിനാല്‍ കൊലക്കുറ്റം ഇവര്‍ക്കെതിരെ ചുമത്തിയിട്ടില്ല. പ്രതികളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക