Image

റോഡ് ആക്സിഡന്റ് റെസ്‌ക്യൂ ആംബുലന്‍സ് സേവനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Published on 11 May, 2018
റോഡ് ആക്സിഡന്റ് റെസ്‌ക്യൂ ആംബുലന്‍സ് സേവനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ആംബുലന്‍സിനുവേണ്ടി വിളിയ്ക്കുവാന്‍ ഉള്ള 9188 100 100 എന്ന നമ്പര്‍ നിലവില്‍ വന്നു. കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായാണ് ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് (TRI) എന്ന പദ്ധതി നടപ്പിലാക്കുന്നത്. രമേശ് കുമാര്‍ ഫൗണ്ടേഷന്റെ സാമ്പത്തിക സഹകരണത്തോടെയാണ് ഈ പദ്ധതി കേരളമൊട്ടാകെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് നിര്‍വഹിച്ചു.

കേരളത്തിലെ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാ ആംബുലന്‍സ് ജീവനക്കാര്‍ക്കും ജില്ലാ അടിസ്ഥാനത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കികഴിഞ്ഞു. പരിശീലനം ലഭിച്ച ഡ്രൈവര്‍മാര്‍ ക്യാപ്ടന്‍ എന്നാണ് അറിയപ്പെടുന്നത്. ക്യാപ്ടന്മാരായിരിക്കും ആംബുലന്‍സുമായി അപകടസ്ഥലത്തെത്തുക. അപകടം ഉണ്ടാവുകയാണെങ്കില്‍ 9188 100 100 എന്ന നമ്പരില്‍ വിളിക്കുകയാണെങ്കില്‍ കോള്‍ തിരുവനന്തപുരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തും. അവിടെ ആംബുലന്‍സ് നെറ്റുവര്‍ക്ക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ എവിടെയാണ് അപകടം നടന്നതെന്ന് ചോദിച്ചു മനസിലാക്കുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള ആംബുലന്‍സ് രക്ഷക്കായി വിന്യസിക്കുന്നു. എല്ലാ കാപ്റ്റന്‍മാരുടെയും ഫോണിലെ ട്രൈ സോഫ്റ്റുവെയര്‍ വഴി അവര്‍ കൃത്യമായി എവിടെ നില്‍ക്കുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും. ആപ്പ് വഴി തന്നെ അപകടം നടന്ന സ്ഥലത്തേക്കും, അവിടെ നിന്ന് ആശുപത്രിയിലേയ്ക്കും പോകുവാനുള്ള വഴിയും ആംബുലന്‍സ് ക്യാപ്ടന്റെ ഫോണിലേയ്ക്ക് അയച്ചുകൊടുക്കുന്നു.

ഓരോ ജില്ലയിലേയൂം പ്രധാന ആശുപത്രികളെ ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവില്‍ ചേര്‍ത്തിട്ടുണ്ട്. ഇവിടെയെല്ലാം ഓരോ കോഓര്‍ഡിനേറ്ററിനേയും നിയോഗിക്കുന്നതാണ്. ജില്ലാ ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവിന്റെ ചെയര്‍മാന്‍മാരെ IMA നിയോഗിച്ചിട്ടുണ്ട്. ആശുപത്രികളില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ ആശുപത്രി കോഓര്‍ഡിനേറ്ററോ, ഐ.എം.എയുടെ ജില്ലാ ചെയര്‍മാനോ വേണ്ട സഹായം ചെയ്യും. ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകണമെങ്കില്‍ അടുത്ത ആശുപത്രിയില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ട് എന്ന് തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കി വരികയാണ്. ഒരോ ആശുപത്രിയിലും ഉള്ള എല്ലാ സജ്ജീകരണങ്ങളും (വെന്റിലേറ്റര്‍, സര്‍ജന്‍, ഐ.സി.യു, കിടക്കകള്‍) ഡോക്ടര്‍മാര്‍ക്ക് ഇത് വഴി അറിയാന്‍ സാധിക്കും. സജ്ജീകരണം ഉള്ള ആശുപത്രിയുമായി ബന്ധപ്പെട്ട ശേഷം രോഗിയെ റഫര്‍ ചെയ്യുന്നതുവഴി രോഗിയേയും കൊണ്ട് പല ആശുപത്രിയിലേക്കും പോകുന്ന അവസ്ഥ ഒഴിവാക്കുവാന്‍ സാധിക്കും. മൂന്നായാഴ്ചയ്ക്കുള്ളില്‍ ഈ സംവിധാനം നിലവില്‍ വരും.

തന്റെ മകന്റെ സ്മരണാര്‍ത്ഥം ഡോ. നരേന്ദ്രകുമാര്‍ സ്ഥാപിച്ച രമേശ് കുമാര്‍ ഫൗണ്ടേഷനാണ് നിര്‍ധന രോഗികളുടെ ആംബുലന്‍സ് ചെലവ് ഏറ്റെടുക്കുന്നത്. സാധാരണ ഗതിയില്‍ അംഗീകൃത നിരക്ക് രോഗിയുടെ ബന്ധുവില്‍ നിന്ന് ആംബുലന്‍സ് ഈടാക്കുന്നതായിരുക്കും. എന്നാല്‍ നിര്‍ധന രോഗികള്‍ക്ക്, അല്ലെങ്കില്‍ ബന്ധുക്കള്‍ ഒപ്പമില്ലാത്ത രോഗികള്‍ക്കും കൂലി നല്‍കാന്‍ കഴിയാതെ വരികയാണെങ്കില്‍ അത് രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ രാമു സര്‍വ്വീസിന്റെ ഭാഗമായി നല്‍കുന്നതാണ്.

തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നു മാസമായി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിവന്ന സര്‍വീസ് വിജയമാണ് എന്ന് കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. വെള്ളിയാഴ്ച തുടങ്ങുന്ന സര്‍വ്വീസ് പൂര്‍ണ്ണമാകുവാന്‍ ഒരു മാസം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം ആംബുലന്‍സുകളും ഇതിനോടകം നെറ്റ്വര്‍ക്കില്‍ ചേര്‍ന്നിട്ടുണ്ട്. വരുന്ന ഒരു മാസത്തിനുള്ളില്‍ എല്ലാ ആംബുലന്‍സുകളും ചേരും എന്ന് പ്രതീക്ഷിക്കുന്നു. ചില ജില്ലകളില്‍ നിലവിലുള്ള 108, 102 തുടങ്ങിയ സംവിധാനങ്ങള്‍ തുടരുന്നതായിരുക്കും. ആ സംവിധാനങ്ങള്‍ക്ക് പുറമേയായിരിക്കും ഐ.എം.എ. ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് എന്ന ആംബുലന്‍സ് സര്‍വ്വീസ്.

ഐ.എം.എ.യുടെ നേതൃത്വത്തിലുള്ള ഐ.എം.എ. നെറ്റ്വര്‍ക്ക് ഫോര്‍ ട്രോമാ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ വിഭാഗമാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ഈ പദ്ധതി കൂടുതല്‍ വിപുലമാക്കുവാനായി ഈ രംഗത്തുള്ള എല്ലാ സന്നദ്ധസംഘടനകളേയും സേവന മനസ്ഥിതിയുള്ള വ്യക്തികളേയും ചേര്‍ത്തുകൊണ്ട് ശൃംഖല വ്യാപിപ്പിക്കുവാനും ഉദ്ദേശിക്കുന്നു.

ഡി.ജി.പി. ലോക്നാഥ് ബഹ്റ, ഐ.ജി. മനോജ് എബ്രഹാം, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍. സുല്‍ഫി, ട്രൊമാ നെറ്റവര്‍ക്ക് ചെയര്‍മാന്‍ ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, കണ്‍വീനര്‍ ഡോ. ജോണ്‍ പണിക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
റോഡ് ആക്സിഡന്റ് റെസ്‌ക്യൂ ആംബുലന്‍സ് സേവനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക