Image

ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയെന്ന് നിര്‍മാതാവ്, പരിഗണിക്കാനാവില്ലെന്ന് കോടതി

Published on 11 May, 2018
ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയെന്ന് നിര്‍മാതാവ്,  പരിഗണിക്കാനാവില്ലെന്ന് കോടതി
ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അനവധി ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിരുന്നു. ദുബായില്‍ താമസിച്ച ഹോട്ടലിലെ കുളിമുറിയിലെ ബാത്ത് ടബ്ബിലാണ് ശ്രീദേവി മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്ന് ആരോപണം ഉയര്‍ന്നതോടെ ദുബായ് പോലീസ് അന്വേഷണവും നടത്തി.

എന്നാല്‍ ശ്രീദേവിയുടേത് സാധാരണ മരണമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ ദുരൂഹതകള്‍ പലതും ബാക്കി നിന്നു. അതിനിടെ ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സുനില്‍ സിംഗ് സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. ഗുരുതര ആരോപണമാണ് ഇയാള്‍ ഉന്നയിക്കുന്നത്.

മരണം ബാത്ത്ടബ്ബില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഹോട്ടലില്‍ വെച്ച് ശ്രീദേവി മരിക്കുന്നത്. മരണത്തിന് മിനുറ്റുകള്‍ക്ക് മുന്‍പേ വരെ ആരോഗ്യവതിയായി ഭര്‍ത്താവ് ബോണി കപൂറിനൊപ്പം മുറിയില്‍ ശ്രീദേവി സംസാരിച്ച് കൊണ്ടിരുന്നു. പുറത്തേക്ക് ഡിന്നറിന് പോകാന്‍ തയ്യാറാകുന്നതിന് വേണ്ടിയാണ് ശ്രീദേവി കുളിമുറിയില്‍ പോയത്. എന്നാല്‍ പിന്നെ അവര്‍ തിരികെ വന്നില്ല. ബാത്ത്ടബ്ബില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് ബോണി കപൂര്‍ ഭാര്യയെ കണ്ടെത്തിയത്.
ഇന്‍ഷൂറന്‍സ് തുകയ്ക്ക് വേണ്ടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണ് എന്നും ആരോപിച്ചാണ് സിനിമാ നിര്‍്മ്മാതാവായ സുനില്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. വിചിത്രമായ വാദമാണ് ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയതാണ് എന്നാണ് സുനില്‍ സിംഗ് ഉന്നയിച്ച ആരോപണം. 240 കോടി ആണത്രേ ഇന്‍ഷൂറന്‍സ് തുക.

നേരത്തെ ഇതേ ഹര്‍ജിയുമായി സുനില്‍ സിംഗ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളി.പരിഗണിക്കാനാവില്ലെന്ന് കോടതി.ഇതോടെയാണ് സമാന ഹര്‍ജിയുമായി സുനില്‍ സിംഗ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കാണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സുനില്‍ സിംഗിന്റെ ഹര്‍ജി തള്ളി. ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും വീണ്ടും ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശ്രീദേവിയുടെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമാന ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക