Image

ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയതിനെതിരെ സുപ്രീം കോടതിയിലെ തുടര്‍നടപടികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നു

Published on 11 May, 2018
ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയതിനെതിരെ സുപ്രീം കോടതിയിലെ തുടര്‍നടപടികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നു
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയതിനെതിരെ സുപ്രീം കോടതിയിലെ തുടര്‍നടപടികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നു. പ്രതിപക്ഷത്തെ ചില പാര്‍ട്ടികള്‍ ഏതിര്‍നിലപാട് സ്വീകരിച്ചതും കോടതിയുമായി കൂടുതല്‍ ഏറ്റുമുട്ടല്‍ വേണ്ടെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചു എന്നാണ് സൂചന.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷന്‍ തള്ളിയപ്പോള്‍ ഇതിനെതിരെ രണ്ട് കോണ്‍ഗ്രസ് എംപിമാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ ചലമേശ്വറിന്റെ മുന്നില്‍ ഉന്നയിച്ച ഹര്‍ജി രാത്രി ഭരണഘടനാബഞ്ചിന് കൈമാറിയതിന്റെ ഉത്തരവ് ആവശ്യപ്പെട്ട കപില്‍ സിബല്‍ ഹര്‍ജി നാടകീയമായി പിന്‍വലിക്കുകയായിരുന്നു. പ്രശാന്ത് ഭൂഷണ്‍ ഉത്തരവ് കിട്ടാന്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്കി. 
കൂടുതല്‍ എംപിമാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതിനൊപ്പം ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് ചോദ്യം ചെയ്യാനായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ ആലോചന. എന്നാല്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തെ ആദ്യം മുതല്‍ എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ തുടര്‍നീക്കങ്ങള്‍ക്കെതിരെയും ശക്തമായി രംഗത്തു വന്നു. പ്രതിപക്ഷ ഐക്യം തകര്‍ക്കുന്ന ഒറ്റയ്ക്കുള്ള നീക്കങ്ങള്‍ പാടില്ലെന്നാണ് തൃണമൂല്‍ മുന്നറിയിപ്പ് നല്കിയത്. ഒപ്പം ചീഫ് ജസ്റ്റിസിനെതിരെയാണ് നീക്കമെങ്കിലും ഇത് ജുഡീഷ്യറിക്കെതിരായ പൊതുവായ നീക്കമായി വ്യഖ്യാനിക്കപ്പെടും എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. 
ഈ സാഹചര്യത്തില്‍ ഇനി കൂടുതല്‍ നടപടി വേണ്ടെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. കപില്‍ സിബലിനെയും മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം അറിയിച്ചു. അതേസമയം രാജ്യസഭ സമ്മേളിക്കുമ്പോള്‍ അദ്ധ്യക്ഷന്റെ തീരുമാനത്തെ സഭയില്‍ ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക