Image

മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌കാ്വഡ് മുന്‍ മേധാവി ഹിമാന്‍ഷു റോയി സ്വയം വെടിവച്ച് ജീവനൊടുക്കി

Published on 11 May, 2018
മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌കാ്വഡ് മുന്‍ മേധാവി ഹിമാന്‍ഷു റോയി സ്വയം വെടിവച്ച് ജീവനൊടുക്കി
ഐപിഎല്‍ വാതുവയ്പ്പ് വിവാദം അന്വേഷിച്ച, മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌കാ്വഡ് ( എടിഎസ്) മുന്‍മേധാവി ഹിമാന്‍ഷു റോയി(54) സ്വയം വെടിവച്ച് ജീവനൊടുക്കി. മൂന്നു വര്‍ഷമായി അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു. ഇതിലുള്ള നിരാശയാണ് കാരണമെന്ന് കരുതപ്പെടുന്നു. ദീര്‍ഘകാലമായി ചികില്‍സാ അവധിയിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നമുക്കാലോടെ മുംബൈ മലബാര്‍ ഹില്‍സിലുള്ള വസതിയില്‍ വച്ച് സര്‍വ്വീസ് റിവോള്‍വര്‍ വായ്ക്കുള്ളില്‍ കടത്തി കാഞ്ചിവലിക്കുകയായിരുന്നു. 88 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഹിമാന്‍ഷു മഹാരാഷ്ട്ര പോലീസില്‍ അഡീഷണര്‍ ഡയറക്ടറുമായിരുന്നു. ഐപിഎല്‍ വാതുവയ്പ്പ് കേസ് അന്വേഷിച്ചിരുന്നതും ഇന്ധനക്കള്ളക്കടത്തുകാരന്‍ അലി ഷെയ്ഖിനെ അറസ്റ്റ് ചെയ്തതും ഹിമാന്‍ഷുവായിരുന്നു.

ഹിമാന്‍ഷു മുബൈ ക്രൈം ബ്രാഞ്ചിന്റെ മേധാവിയായിരുന്ന സമയത്താണ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അജ്മല്‍ കസബിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. പല്ലവി പുര്‍കായസ്ഥ, മാധ്യമപ്രവര്‍ത്തകന്‍ ജേ ഡേ എന്നിവരുടെ കൊലപാതകങ്ങള്‍ അന്വേഷിച്ചത് ഹിമാന്‍ഷുവിന്റെ നേതൃത്വത്തിലായിരുന്നു. അമേരിക്കന്‍ സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ട കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ അനീസ് അന്‍സാരിയെ പിടികൂടിയതും അദ്ദേഹമാണ്. അദ്ദേഹം എടിഎസ് മേധാവിയായിരുന്ന കാലത്താണ് ഐഎസില്‍ ചേരാന്‍ പോയ അരീബ് മജീദെന്ന ഭീകരനെ മടക്കിക്കൊണ്ടുവന്നത്. 

പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് അനുശോചിച്ചു. അസഹനീയമായ വേദനയാണ് താന്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി മുന്‍മുംബൈ പോലീസ് കമ്മീഷണര്‍ അരൂപ് പട്‌നായിക് പറഞ്ഞു. വളരെ വൈകി അസ്ഥികളിലേക്ക് വരെ പടര്‍ന്ന ശേഷമാണ് അര്‍ബുദം കണ്ടെത്തിയത്. അതു വച്ചുകൊണ്ട് കുറേക്കാലം അദ്ദേഹം ജോലി ചെയ്തു. ഇനിയും വര്‍ഷങ്ങള്‍ സര്‍വ്വീസ് ബാക്കിയിരിക്കെയാണ് അദ്ദേഹം ജീവനൊടുക്കിയത്.

ഐപിഎല്‍ വാതുവയ്പ്പ് വിവാദം അന്വേഷിച്ചത് ഹിമാന്‍ഷുവായിരുന്നു. കൊലപാതകങ്ങളും ഭീകരാക്രമണങ്ങളും അന്വേഷിച്ചിരുന്നെങ്കിലും ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് ഐപിഎല്‍ അന്വേഷണമായിരുന്നു. ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍, ചെന്നൈ സൂപ്പര്‍കിങ്ങ് ടീമിന്റെ ഉടമ മെയ്യപ്പന്‍,വിനോദ് ദാരാസിങ്ങ് എന്നിവരടക്കമുള്ളരെ അറസ്റ്റ് ചെയ്തത് അദ്ദേഹമായിരുന്നു. ബോളിവുഡ് താരം ലൈലാ ഖാന്റെയും കുടുംബത്തിന്റെയും കൊലപാതകം അന്വേഷിച്ചതും അദ്ദേഹമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക