Image

സ്വപ്‌ന സാഫല്യം പദ്ധതി വ്യാപിപ്പിക്കുന്നത്‌ സ്വാഗതാര്‍ഹം: സിദ്ദീഖ്‌ അഹമ്മദ്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 23 March, 2012
സ്വപ്‌ന സാഫല്യം പദ്ധതി വ്യാപിപ്പിക്കുന്നത്‌ സ്വാഗതാര്‍ഹം: സിദ്ദീഖ്‌ അഹമ്മദ്‌
റിയാദ്‌: ഗള്‍ഫ്‌ മേഖലയില്‍ വിവിധ കാരണങ്ങളാല്‍ തടവിലടയ്‌ക്കപ്പെടുകയും മോചന കാലാവധി കഴിഞ്ഞും നാട്ടില്‍ പോകാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന മലയാളികളെ നിയമാനുസൃതം മോചിപ്പിച്ച്‌ നാട്ടിലയക്കുന്നതിനായി കേരള സര്‍ക്കാര്‍ പ്രവാസി കാര്യ വകുപ്പും നോര്‍ക്കയും ചേര്‍ന്ന്‌ നടപ്പാക്കിയ സ്വപ്‌ന സാഫല്യം പദ്ധതി മുഴുവന്‍ ഗള്‍ഫ്‌ നാടുകളിലേക്കും വ്യാപിപ്പിക്കുന്നതിനായി ബജറ്റില്‍ തുക വകയിരുത്തിയ നടപടിയെ പ്രമുഖ പ്രവാസി വ്യവസായിയും ഐടിഎല്‍, ഇറാം ഗ്രൂപ്പുകളുടെ സിഎംഡി യുമായ സിദ്ദീഖ്‌ അഹമ്മദ്‌ സ്വാഗതം ചെയ്‌തു.

സൗദിയില്‍ ഐടിഎല്‍, ഇറാം ഗ്രൂപ്പുകളുടെ സഹകരണത്തോടെയാണ്‌ ഈ പദ്ധതിയില്‍ സൗദി ജയിലിലുള്ളവര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കുന്നത്‌.

2013 മുതല്‍ സൗദി അറേബ്യ കൂടാതെ മറ്റ്‌ ഗള്‍ഫ്‌ നാടുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക്‌ കൂടി ഈ പദ്ധതി ഉപകാരപ്പെടുത്തുന്നതിനാണ്‌ ബജറ്റില്‍ അരക്കോടി രൂപ വകയിരുത്തിയത്‌. മറ്റ്‌ ഗള്‍ഫ്‌ നാടുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതോടൊപ്പം ഇത്‌ മറ്റ്‌ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും മാതൃകയാകുമെന്ന്‌ കെഎസ്‌ഐഡിസി, ഇന്‍കെല്‍ എന്നിവയുടെ ഡയറക്‌ടര്‍ കൂടിയായ സിദ്ദീഖ്‌ അഹമ്മദ്‌ പ്രത്യാശ പ്രകടിപ്പിച്ചു.

ഇലക്‌ട്രോണിക്‌ ശൗച്യാലയങ്ങള്‍ക്ക്‌ (ഈ ടോയിലറ്റുകള്‍) സര്‍ക്കാര്‍ ചുമത്തുന്ന നികുതി 12ല്‍ നിന്നും അഞ്ചു ശതമാനമാക്കി കുറച്ചത്‌ സമൂഹം ഇന്ന്‌ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ മാലിന്യ സംസ്‌കരണത്തിനുള്ള നൂതന മാര്‍ഗങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതാണ്‌. നികുതി നിരക്ക്‌ കുറയ്‌ക്കുന്നതിന്‍െറ ആനുകൂല്യം ഈ ടോയിലറ്റ്‌ സംവിധാനം നടപ്പാക്കുന്ന സ്‌ഥാപനങ്ങള്‍ക്ക്‌ പ്രോത്‌സാഹനജനകമാണ്‌. സിദ്ദീഖ്‌ അഹമ്മദ്‌ ചെയര്‍മാനായുള്ള ഇറാം സയന്‍റിഫിക്‌ സൊലൂഷന്‍സ്‌ എന്ന സ്‌ഥാപനമാണ്‌ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഈ ടോയ്‌ലറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

സാമ്പത്തിക പരാധീനത അനുഭവിക്കുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മരണാനന്തര സഹായം, ചികിത്‌സാ സഹായം, വിവാഹ ധനസഹായം എന്നിവ ലഭ്യമാക്കുന്ന സാന്ത്വനം പദ്ധതിയലൂടെ ലഭിക്കുന്ന തുക 10,000 ത്തില്‍ നിന്നും പരമാവധി 20,000 രൂപയാക്കി വര്‍ധിപ്പിച്ചതിനേയും അതിനായി 1.5 കോടി നീക്കി വച്ചതിനേയും അദ്ദേഹം പ്രശംസിച്ചു.

പ്രവാസികളുടെ നിക്ഷേപ വ്യവസായ സംരഭങ്ങള്‍ക്ക്‌ ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ബിസിനസ്‌ സെന്റര്‍ ആരംഭിക്കുന്നതിന്‌ അമ്പത്‌ ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയ നടപടിയും പ്രവാസി മലയാളികള്‍ക്ക്‌ ഏറെ ഉപകാരപ്രദമാണ്‌. സാധാരണ ജനങ്ങള്‍ക്ക്‌ ഏറെ ആശ്വാസം പകരുന്ന ഒരു ക്രിയാത്‌മക ബജറ്റാണ്‌ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വപ്‌ന സാഫല്യം പദ്ധതി വ്യാപിപ്പിക്കുന്നത്‌ സ്വാഗതാര്‍ഹം: സിദ്ദീഖ്‌ അഹമ്മദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക