Image

ഈ കുടയാണ് താരം (ലൗഡ് സ്പീക്കര്‍ 32:ജോര്‍ജ് തുമ്പയില്‍)

Published on 11 May, 2018
ഈ കുടയാണ് താരം (ലൗഡ് സ്പീക്കര്‍ 32:ജോര്‍ജ് തുമ്പയില്‍)
ഡച്ചു നഗരത്തിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ കാണുന്നത് ഒരു അത്ഭുത കാഴ്ചയാണ്. കുട ചൂടി നടക്കുന്നവര്‍. അവരുടെ കുടകള്‍ക്ക് നാം കണ്ടിട്ടില്ലാത്ത ഒരു രൂപം. ഇതെന്തു സാധനമെന്നു ആശ്ചര്യപ്പെടുമ്പോഴാണ് അതിനു പിന്നിലെ കഥ അറിയുന്നത്. കാറ്റുകളെ പ്രതിരോധിക്കാനുള്ള കുടയാണത്. സാധാരണ വട്ടക്കുടകളില്‍ നിന്നും തികച്ചും വിഭിന്നം. ഗെര്‍വിന്‍ ഹൂഗന്‍ഡൂണ്‍ എന്നയാളാണ് ഈ കുടയുടെ ഉപജ്ഞാതാവ്. ഒരാഴ്ച കാറ്റില്‍പ്പെട്ട് തന്റെ മൂന്നു കുട നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്തരം കുടയിലേക്ക് ഗെര്‍വിന്‍ എത്തുന്നത്. ഗെര്‍വിന്റെ കണ്ടെത്തല്‍ പ്രകാരം 1.1 കോടിയിലധികം കുടകളാണ് പ്രതിവര്‍ഷം കാറ്റില്‍ പെട്ട് ഒടിഞ്ഞ് ഉപയോഗശൂന്യമാകുന്നത്. അതായത്, 70,000 ആനകളുടെ ഭാരത്തിന്റെയത്ര. അങ്ങനെയാണ് എട്ടാം വയസ്സു മുതല്‍ സര്‍ഫര്‍ ആയ ഗെര്‍വിന്‍ കുടയുടെ വഴിയെ തിരിയുന്നത്. ഗെര്‍വിന്‍ കണ്ടെത്തിയ കുടകള്‍ക്ക് 70 കിമീ വേഗത്തിലടിക്കുന്ന കാറ്റിനെ പോലും പ്രതിരോധിക്കാന്‍ കഴിയുന്ന എയറോ ഡയനാമിക്‌സ് ഡിസൈന്‍ ആണുള്ളത്. ഒക്ടോബര്‍ 2006-ല്‍ വിപണയിലിറക്കിയ ഈ കുടയാണ് ഇന്നു നെതര്‍ലന്‍ഡ്‌സിലെങ്ങും. ആദ്യഘട്ടത്തില്‍ പതിനായിരം കുടകളാണ് നിര്‍മ്മിച്ചത്. വൈകാതെ സ്റ്റോക്കൗട്ട് ആയതോടെ, കൂടതല്‍ കുടകള്‍, വിവിധ വര്‍ണ്ണങ്ങളില്‍, വിവിധ പ്രായത്തിലുള്ളവര്‍ക്കു വേണ്ടി നിര്‍മ്മിച്ചു. കുട പുറത്തേക്ക് മടങ്ങിയൊടിയാത്ത വിധത്തിലാണ് നിര്‍മ്മാണം. അതു കൊണ്ട് തന്നെ ഹിന്‍ജസ് ഒഴിവാക്കി. പോക്കറ്റ് സൈസ് കുടകള്‍ മുതല്‍ കാലന്‍കുട വരെ വിപണിയിലെത്തിച്ചു. സംഗതി ക്ലിക്കായി. കാറ്റുകള്‍ പ്രശ്‌നം സൃഷ്ടിക്കുന്ന ഡച്ചു പ്രദേശത്ത് പുതിയ കുട പെട്ടെന്നു തന്നെ താരമായി. ഇത്തരം ഡിസൈനിലുള്ള കുടകള്‍ മുന്‍പ് പണ്ടു കാലങ്ങളില്‍ ഈജിപ്ത്, ഇന്ത്യ, ഗ്രീസ്, റോം എന്നിവിടങ്ങളില്‍ ഉപയോഗിച്ചിരുന്നതായി ഗെര്‍വിന്‍ പറയുന്നു. സെന്‍സ് അബ്രല്ലകള്‍ എന്നാണ് ഇതിനു പറയുന്നത്. 40 മൈല്‍ വേഗത്തില്‍ കാറ്റ് അടിച്ചാല്‍ പോലും തന്റെ കുടയില്‍ കാറ്റ് പിടിക്കാറില്ലെന്നും മഴയില്‍ തെല്ലും നനയില്ലെന്നുമാണ് ഗെര്‍വിന്റെ അവകാശവാദം. എന്തായാലും യൂറോപ്യന്‍ വിപണിയില്‍ നിന്ന് ഈ കുടു അമേരിക്കന്‍ നാടുകൡലേക്ക് ചേക്കേറി തുടങ്ങിയിട്ടില്ലെന്നു തോന്നുന്നു. യൂറോപ്യന്‍ സന്ദര്‍ശനത്തിനു പോകുന്നവര്‍ സെന്‍സ് അബ്രല്ലകള്‍ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിന്റെ എയറോ ഡയനാമിക്ക് ഡിസൈന്‍ സാധാരണ കുടകളില്‍ നിന്നും തികച്ചും വിഭിന്നമാണ്. സ്‌റ്റൈല്‍ ആന്‍ഡ് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍ ഇത് കൂടുതല്‍ പേര്‍ ചോദിച്ചു വാങ്ങുകയും ചെയ്യുന്നുണ്ട്.

**** ***** *****
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ മോഷണം നടത്തുന്നവര്‍ ആരെങ്കിലുമുണ്ടോ. അതും വളരെ വ്യത്യസ്തമായ മോഷണം. ആ മോഷണം ക്യാമറയില്‍ ഷൂട്ട് ചെയ്ത് നേരെ സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റില്‍ ഇടുകയും ചെയ്യുക. ഭ്രാന്തന്മാരു പോലും ചെയ്യാത്ത പണി നടത്തിയിരിക്കുന്നത് ഒരു യുവാവാണ്. കള്ളന്‍ മോഷ്ടിച്ചതു മുഴുവന്‍ കാറിന്റെ ലോഗോ ആയിരുന്നു. ചെനയിലാണ് ഇങ്ങനെ കള്ളന്‍ ലോഗോ മാത്രം കൊണ്ടു പോയത്. അതും ബെന്‍സ് കാറുകളുടെ ലോഗോ. ലോഗോ മോഷ്ടിക്കുക മാത്രമല്ല, അത് ഊരി മാറ്റുന്ന വീഡിയോ എടുത്ത് ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ ലോകമാധ്യമങ്ങളും സംഭവം അറിഞ്ഞു. 25 വയസുകാരനാണ് ഈ ബെന്‍സ് ലോഗോ കള്ളന്‍. കള്ളനെ പോലീസ് പിടിച്ചിട്ടുണ്ട്. ടിക് ടോക്കില്‍ പ്രശസ്തനാകാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് പിടിയിലായ യുവാവ് പറഞ്ഞു. ഇയാളുടെ ടിക് ടോക്ക് പോസ്റ്റുകളൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ലത്രേ. അതില്‍ സങ്കടപ്പെട്ട് എങ്ങനെയെങ്കിലും പോസ്റ്റുകള്‍ക്ക് ലൈക്ക് കൂട്ടാന്‍ ഇയാള്‍ തീരുമാനിച്ചു. ബെന്‍സ് കാറുകളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്നുണ്ടെന്ന് മനസിലാക്കിയ യുവാവ് മറ്റുള്ളവരുടെ കാറുകളില്‍നിന്ന് ഇവ ഊരിയെടുക്കുന്നതിന്റെ വീഡിയോ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ 12 കാറുകളുടെ ലോഗോയാണ് ഇയാള്‍ ഊരിയെടുത്തത്. കാറുടമകള്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. ഊരിയെടുത്ത ലോഗോകള്‍ ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ ഒരോരുത്തര്‍ കാട്ടിക്കൂട്ടുന്ന വഴികള്‍ കാണുമ്പോള്‍ അറിയാതെ തലയില്‍ കൈവയ്ക്കുകയേ മാര്‍ഗ്ഗമുള്ളു.

**** ***** *****
ഡെത്ത് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കി രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആള്‍ നേരിട്ട് വന്നു ഈ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നു പറയുക. അങ്ങനെയൊന്ന് സംഭവിച്ചത് റൊമേനിയയിലാണ്. എന്നാല്‍ വാര്‍ത്ത അതല്ല, ആള്‍ നേരിട്ടു വന്നിട്ടും സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കോടതി തയ്യാറായില്ല. റോമേനിയന്‍ നഗരായ ബര്‍ലാന്‍ഡിലാണ് സംഭവം. കോണ്‍സ്റ്റാന്റിന്‍ റിലൂ എന്നയാളാണ് കക്ഷി. ഇവിടെയുള്ള പ്രാദേശിക ഭരണമാണ് തന്നെ കൊന്നു തള്ളുന്നതിനു തുല്യമായി മരണപ്പെട്ടതായി സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കിയതെന്നു റിലൂ പറയുന്നു. മരണ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന് സാധാരണ ഒരു സമയം നിശ്ചയിക്കാറുണ്ട്. അതു കഴഞ്ഞതിനു ശേഷമാണ് റിലൂ കോടതിയെ സമീപിച്ചതെന്നും അതു കൊണ്ടു തന്നെ കേസ് നിലനില്‍ക്കുന്നതല്ലെന്നുമാണ് കോടതിയുടെ ന്യായം. 1990 കളില്‍ കാര്‍പാത്യന്‍ നഗരമായ ബര്‍ലാന്‍ഡി വിട്ട റിലൂ ടര്‍ക്കിയിലേക്ക് ഒളിച്ചോടിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തിരിച്ചെത്തിയത്. അപ്പോഴാണ് തന്നെ കാണാനില്ലെന്നും, മരണപ്പെട്ടു പോയിരിക്കാമെന്നും വിചാരിച്ച് കുടുംബം കേസ് നല്‍കിയിരുന്നെന്നും അവര്‍ സ്വത്തവകാശത്തിനു വേണ്ടി ഡെത്ത് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നുവെന്നും റിലൂ അറിയുന്നത്. എന്നാല്‍ ജീവിച്ചിരുന്നുവെന്നു തെളിയിക്കാന്‍ പറ്റിയ യാതൊന്നും തന്റെ കൈയിലില്ലെന്നു റിലൂ ഇപ്പോള്‍ അറിയുന്നു. കോടതിയില്‍ പോയിട്ടും കാര്യമില്ലെന്നും നിയമജ്ഞര്‍ പറയുന്നു. ജീവിച്ചിരിക്കേ തന്നെ മരണപ്പെട്ടവനായി ജീവിക്കേണ്ട വന്ന ഹതഭാഗ്യനായി റിലൂ അങ്ങനെ ലോകത്തിനു മുന്നില്‍ മാറുകയാണ്. എന്തൊരു ജീവിതം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക