Image

64 ശതമാനം പോളിങ്ങുമായി കര്‍ണ്ണാടകം, പലേടത്തും സംഘര്‍ഷം

Published on 12 May, 2018
64 ശതമാനം പോളിങ്ങുമായി കര്‍ണ്ണാടകം, പലേടത്തും സംഘര്‍ഷം
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മണി വരെ 64 ശതമാനം പോളിങ്. ഇത്തവണ റെക്കോഡ് പോളിങ് നടക്കുമെന്നാണ് കണക്കുകൂട്ടല്‍. മൂന്നര പതിറ്റാണ്ടിന് ശേഷം 2013ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ഉയര്‍ന്ന പോളിങ് ശതമാനം (71.29) രേഖപ്പെടുത്തിയത്. 1978ലെ തെരഞ്ഞെടുപ്പിലാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം(71.9). വോട്ടിങ്ങ് മെഷീനില്‍ തകരാറുണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിങ് വൈകി. ബംഗളൂരുവിലെ അഞ്ചു ബൂത്തുകളിലെ വോട്ടിങ്ങ് മെഷീനില്‍ രേഖപ്പെടുത്തുന്ന വോട്ടുകളെല്ലാം താമരക്കാണ് വീഴുന്നതെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. പിന്നീട് പ്രശ്‌നം പരിഹരിച്ച് കുറച്ച് സമയം കഴിഞ്ഞാണ് പലയിടത്തും. പോളിങ് പുനരാരംഭിച്ചത് കാരാടിഗുഡയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പോളിങ് ബൂത്തിനു മുന്നില്‍ പ്രതിഷേധിച്ചു. 
ചിലയിടങ്ങളില്‍ അനിഷ്ട സംഭവങ്ങളും അരങ്ങേറി. ഹംപി നഗറിലെ ബൂത്തില്‍ ബി.ജെ.പി പ്രവര്‍ത്തകൈന മര്‍ദിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രവര്‍ത്തകനെ ആക്രമിച്ചതിനെതിരെ പൊലീസ് നടപടി ഒന്നും സ്വീകരിച്ചില്ലെന്ന് ബി.ജെ.പി ആരോപിച്ചു. തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് കാണിച്ച് ബെലഗവിയില്‍ ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ വോട്ടു ചെയ്യുന്നതില്‍ നിന്ന് തടഞ്ഞു. പിന്നീട് വനിതാ ഉദ്യോഗസ്ഥ എത്തി പരിശോധിച്ച ശേഷമാണ് വോട്ടു ചെയ്യാന്‍ അനുവദിച്ചത്.
അതിനിടെ, മെയ് 17 ബി.ജെ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.എസ് യെദിയുരപ്പയും യെദിയുരപ്പയുടെ മാനസിക നില തെറ്റിയെന്ന് സിദ്ധരാമയ്യയും ആരോപിച്ചു.
ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദിയുരപ്പ രാവിലെ തന്നെ വോട്ട് ചെയ്തിരുന്നു. ഷിമോഗയിലെ ശിഖര്‍പൂരിലാണ് വോട്ട് രേഖപ്പെടുത്തിയത് ശിഖര്‍പൂരിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചാണ് വോട്ടു ചെയ്യുന്നതിനായി യെദിയൂരപ്പ ബൂത്തിലെത്തിയത് പുത്തുരില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സദാനന്ദ ഗൗഡയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ജെ.ഡി.എസ് നേതാവ് എച്ച്ഡി. ദേവഗൗഡ പുതുവലൈപ്പില്‍ വോട്ട് രേഖപ്പെടുത്തി. ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് കൊരമംഗലയിലും വോട്ട് ചെയ്തു. അനില്‍ കുംബ്ലെയും കുടുംബവും ബംഗളൂരുവില്‍ വോട്ട് ചെയ്യുന്നതിനായി നില്‍ക്കുന്നു. ബി.ജെ.പിയുടെ ബി. ശ്രീരാമലു വോട്ട് ചെയ്യുന്നതിന് മുമ്ബ് ഗോപൂജ നടത്തി. ബദാമിയില്‍ സിദ്ധരാമയ്യക്കെതിരെ ശ്രീരാമലുവാണ് മത്‌സരിക്കുന്നത്.
ആറിടത്ത് വോട്ടിങ്ങ് യന്ത്രത്തില്‍ തകറാറുണ്ടായി. പൂര്‍ണമായും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം വിവിപാറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി 58,000 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ് സമയം. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. 2655 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി 224 സീറ്റിലും കോണ്‍ഗ്രസ് 222 സീറ്റിലും ജെ.ഡിഎസ് 201 സീറ്റിലുമാണ് മത്സരിക്കുന്നത്
പി.ആര്‍ നഗറില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നും ജയനഗരത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിങ്ങ് എം.എല്‍.എയുമായ ബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല.

മുഖ്യമന്ത്രി സിദ്ധരാമയ്യ മത്‌സരിക്കുന്ന ചാമുണ്ഡേശ്വരിയില്‍ പോളിങ് ഉദ്യോഗസ്ഥരോട് വോട്ടിങ്ങ് യന്ത്രം വാസ്തു പ്രകാരം മാറ്റിവെക്കണമെന്ന് ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.ടി ദേവ ഗൗഡയുടെ ഭാര്യ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട് വോട്ടിങ്ങ് തടസപ്പെടുത്തിയ പ്രവര്‍ത്തകനെ അറ്‌സറ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹെബ്ബാലയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി നാരായണസ്വാമി പോളിങ്ങ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചു. ഭരണത്തുടര്‍ച്ചക്ക് കോണ്‍ഗ്രസും ഭരണത്തിലേറാന്‍ ബി.ജെ.പിയും ജെ.ഡിഎസും പോരാടുന്ന പടക്കളത്തില്‍ മാസങ്ങള്‍ നീണ്ട വീറും വാശിയും നിറഞ്ഞ വോട്ടുതേടലിന് വെള്ളിയാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തോടെ സമാപനമായി. സംസ്ഥാനത്ത് 4.96 കോടി വോട്ടര്‍മാരാണുള്ളത് പുരുഷന്മാര്‍ 2.51 കോടി. സ്ത്രീകള്‍ 2.44.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക