Image

ജെസ്‌ന എവിടെ? കണ്ടവരുണ്ടോ?, വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം

Published on 12 May, 2018
ജെസ്‌ന എവിടെ? കണ്ടവരുണ്ടോ?,  വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം
കാണാതായ മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജെയിംസിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവല്ല ഡിവൈഎസ്പിക്കാണ് ഇതു സംബന്ധിച്ചു വിവരം നല്‍കേണ്ടത്.

ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ കേരള പോലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍, ജെസ്‌ന അവിടങ്ങളില്‍ എത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി പറഞ്ഞു.

ജെസ്‌നയെ ബംഗളൂരുവിലെ ആശ്വാസഭവനില്‍ കണ്ടതായ മൊഴിയുടെ വിശ്വാസ്യത തേടി പോലീസ് അന്വേഷണം നടത്തി. മൊഴി നല്‍കിയ പൂവരണി സ്വദേശി ഇതില്‍ ഉറച്ചു നില്‍ക്കുന്നതാണു പോലീസിനെ കുഴയ്ക്കുന്നത്. ബംഗളൂരുവില്‍ ജെസ്‌ന എത്തിയിരുന്നതായാണ് അവിടെയുള്ളവര്‍ പറയുന്നത്. പൂവരണി സ്വദേശി ജെസ്‌നയുമായി സംസാരിച്ചതായും ഒപ്പം തൃശൂര്‍ സ്വദേശിയായ യുവാവുമുണ്ടായിരുന്നുവെന്നുമാണു ലഭിച്ച മൊഴി.

എന്നാല്‍, ആശ്വാസഭവനിലോ തൊട്ടടുത്ത നിംഹാന്‍സ് ആശുപത്രിയിലെയോ സിസിടിവികളില്‍ ജെസ്‌നയുടെയോ ഒപ്പമുള്ളതായി പറയുന്ന യുവാവിന്റെയോ ഒരു ദൃശ്യവും പോലീസിനു കണ്ടെത്താനായില്ല. മുടി നീട്ടിവളര്‍ത്തിയ ഒരു യുവാവ് ജെസ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നതായാണ് പൂവരണി സ്വദേശി നല്‍കുന്ന വിവരം.

വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്തു ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ബികോം വിദ്യാര്‍ഥിനിയുമായ ജെസ്‌ന കഴിഞ്ഞ മാര്‍ച്ച് 22നാണ് വീട്ടില്‍നിന്നു പോയത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ കുട്ടി പിന്നീട് മടങ്ങിവന്നില്ല. എരുമേലി ബസ് സ്റ്റാന്‍ഡ് വരെ കുട്ടി എത്തിയിരുന്നത് കണ്ടവരുണ്ട്. മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ കുട്ടിയുടെ കൈവശമുണ്ടായിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക