Image

അമ്മയ്‌ക്കൊരുമ്മ .(ചാക്കോ ഇട്ടിച്ചെറിയ)

Published on 13 May, 2018
അമ്മയ്‌ക്കൊരുമ്മ .(ചാക്കോ ഇട്ടിച്ചെറിയ)
അമ്മതന്‍ സ്‌നേഹത്തെ ആര്‍ക്കുവര്‍ണ്ണിച്ചിടാം !?
ഇമ്മഹീതന്നില്‍ നാം കാണ്മതുണ്ടേതുമേ
മര്‍ത്യരെന്നല്ലയീ ജന്തുവര്‍ഗ്ഗത്തിലും
ഉത്തുംഗസ്രേണിയിലമ്മതന്‍ സ്‌നേഹമേ!

തള്ളക്കുതന്‍കുഞ്ഞു പൊന്‍കുഞ്ഞു സര്‍വദാ
പിള്ളക്കുതള്ളതാന്‍ കണ്‍കണ്ട ദൈവവും
ഉള്ളിന്റെയുള്ളിലെ തങ്കത്തളികയില്‍
തള്ളയും,പിള്ളയും തങ്ങളില്‍ തങ്ങളില്‍ .

അമ്മക്ക് തുല്ല്യമായമ്മയല്ലാതില്ല
ഇമ്മഹീ തന്നിലുമീരേഴുലകിലും
ഭൂമിയില്‍ സ്വര്‍ഗ്ഗം വിരിക്കുന്നൊരമ്മ പൊ
ന്നമ്മേനമിക്കുന്നു നിന്‍പാദതാരുകള്‍ !

കുഞ്ഞൊന്നുഞെട്ടിക്കരഞ്ഞുവെന്നാലമ്മ
നെഞ്ഞൊന്നു പൊട്ടികുതറിക്കുതിച്ചിടും
ഈരേഴുസ്വര്‍ഗ്ഗവും അമ്മതന്‍ മാറിടം
ഇമ്മട്ടില്ലല്ലോ രമിക്കുന്നിരുവരും!

മുന്നൂറുമാറുമറുപതും രാത്രികള്‍
എന്നെനീയൂട്ടിയുറക്കിയുറങ്ങാതെ !?
അമ്മതന്‍ സ്‌നേഹമതെത്രയോ ആശ്ച്ചര്യം !
ഒരുദിനംമാത്രമോര്‍പ്പൂ ക്ഷമിക്കമ്മേ!

കാറ്റും,മഴയും,കെടുതികളൊക്കെയും
ഉറ്റോരുടയോര്‍ കൊടും ക്രൂരതകളും
എല്ലാംസഹിച്ചു നീ ഞാനറിഞ്ഞില്ലവ
എല്ലാമറിയുന്നു ഞാനിന്നു ദൈവമേ !

അമ്മയ്‌ക്കൊരുമ്മ ഞാന്‍നല്‍കട്ടെയിദ്ദിനം !
അമ്മതന്‍ കൈകളിലെന്നേ സമര്‍പ്പിതം
എന്നെഞാനാക്കി വളര്‍ത്തി,വലുതാക്കി
എന്നുള്ളിലമ്മയും,ദൈവവും,സ്‌നേഹവും !!!.


* എല്ലാ അമ്മമാര്‍ക്കും നന്മകള്‍ നേരുന്നു!!!.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക