Image

കര്‍ണാടകത്തില്‍ ജെഡിഎസ് നിര്‍ണായക ശക്തി, ചര്‍ച്ചകള്‍ സജീവം, താമര വിരിയുമോ?

Published on 15 May, 2018
 കര്‍ണാടകത്തില്‍ ജെഡിഎസ് നിര്‍ണായക ശക്തി, ചര്‍ച്ചകള്‍ സജീവം, താമര വിരിയുമോ?
കര്‍ണാടകത്തില്‍ ബിജെപി നടത്തിയ മുന്നേറ്റത്തെ തുടര്‍ന്നു തൂക്കു മന്ത്രിസഭ എന്ന സാഹചര്യം ഉറപ്പായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങി. ജെഡിഎസ് മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസ് ജെഡിഎസ് ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്. എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗേഹ്‌ലോട്ട് ജെഡിഎസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. സര്‍ക്കാര്‍ രൂപീകരണമാണ് പ്രധാന അജണ്ട.
103 ഇടത്ത് ബിജെപിയും 70 ഇടത്ത് കോണ്‍ഗ്രസും മുന്നേറുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ സഫലമാകുന്ന സാഹചര്യമാണുള്ളത്. കോണ്‍ഗ്രസിന്റേത് അപ്രതീക്ഷിത തകര്‍ച്ചയുമാണിത്. നിര്‍ണായക ശക്തിയായുള്ള ജെഡിഎസിന്റെ മുന്നേറ്റമാണ് പ്രധാനപ്പെട്ട മറ്റൊരു വസ്തുത.
ജെഡിഎസിനെ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. എന്നാല്‍ സിദ്ധരാമയ്യയോടുള്ള ജെഡിഎസിന്റെ എതിര്‍പ്പിനെ മറികടന്ന് എങ്ങനെ സമവായമുണ്ടാക്കും എന്നത് നിര്‍ണായകമായിരിക്കും. സിദ്ധരാമയ്യ ഇല്ലാത്ത സര്‍ക്കാരിനെ പിന്തുണക്കുമെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതുമാണ്.
അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുമായും സഖ്യമുണ്ടാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 100 സീറ്റിനടുത്ത് ലീഡ് നേടിയിരിക്കുന്ന ബിജെപി ഒറ്റയ്ക്കു മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യതയും ഇപ്പോള്‍ തള്ളിക്കളയാനാവില്ല. ഒറ്റയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ജെഡിഎസിനെ ഒപ്പം കൂട്ടാമെന്ന ആത്മവിശ്വാസത്തില്‍ത്തന്നെയാണ് ബിജെപി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക