Image

ഏഷ്യാനെറ്റ് ബിഗ് ബോസിന്റെ അവതാരകനായി പദ്മശ്രീ ഭരത് ലെഫ്റ്റനന്റ് കേണല്‍ ഡോ മോഹന്‍ലാല്‍ എത്തുന്നു

Published on 15 May, 2018
ഏഷ്യാനെറ്റ് ബിഗ് ബോസിന്റെ അവതാരകനായി പദ്മശ്രീ ഭരത് ലെഫ്റ്റനന്റ് കേണല്‍ ഡോ മോഹന്‍ലാല്‍ എത്തുന്നു
മലയാള ടെലിവിഷന്‍ രംഗത്തെ മുന്‍ നിരക്കാരായ ഏഷ്യാനെറ്റ് 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി തികച്ചും വ്യത്യസ്തവും പുതുമയാര്‍ന്നതുമായ റിയാലിറ്റി ഷോയുമായി എത്തുന്നു. ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ബിഗ് ബോസ് എന്ന ഈ റിയാലിറ്റി ഷോ അവതരിപ്പിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ ശ്രീ കെ മാധവന്‍ അറിയിച്ചു.

ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോകളായ സ്റ്റാര്‍ സിംഗര്‍, നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പ്രശസ്ത പരമ്പരകളായ കുങ്കുമപ്പൂവ്, സ്ത്രീധനം, പരസ്പരം (1444 എപിസോഡുകുള്ള ഏറ്റവും ദീര്‍ഘമായ മലയാള പരമ്പര) എന്നിവപോലെ തന്നെ ഏഷ്യാനെറ്റിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവലാകും ഈ പ്രോഗ്രാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'കഴിഞ്ഞ 25 വര്‍ഷ കാലമായി പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥവും നാടകീയവുമായ ഉള്ളടക്കം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഞങ്ങളുടെ ഈ 25-ാം വാര്‍ഷികത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ഥമായ ഒന്ന് നല്‍കണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. മലയാള സിനിമയിലെ മെഗാ സൂപ്പര്‍ സ്റ്റാര്‍ അവതരിപ്പിക്കുന്ന ഏറ്റവും ആവേശഭരിതമായ ഒരു പരിപാടിയേക്കാള്‍ മികച്ചതായി വേറെ എന്താണ് നല്‍കാന്‍ കഴിയുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ ഏഷ്യാനറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസില്‍, പ്രത്യേകമായി നിര്‍മ്മിച്ച ബിഗ്‌ബോസില്‍ ഹൗസില്‍ 100 ദിവസങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതിനായി 16 പ്രശസ്തര്‍ ഉണ്ടാകും. മത്സരാര്‍ത്ഥികള്‍ക്ക് പുറംലോകവുമായുള്ള ബന്ധം പൂര്‍ണ്ണമായും വിഛേദിക്കപ്പെടുന്നു- അവര്‍ക്ക് ഇന്റര്‍നെറ്റ്, ഫോണ്‍, ടെലിവിഷന്‍, പത്രം എന്നിവ ഒന്നും ലഭ്യമായിരിക്കുന്നതല്ല. പുറമെ നിന്നുമുള്ള യാതൊരു ഇടപെടലുമില്ലാതെ ആ വീടിനുള്ളില്‍ ഓരോ മത്സരാര്‍ത്ഥികളും തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 60 റോബോട്ടിക് & മാന്‍ഡ് ക്യാമറകളിലൂടെ തുടര്‍ച്ചയായി ഇവരെല്ലാവരേയും നിരീക്ഷിക്കുന്നതാണ്. 100 ദിവസങ്ങള്‍ താമസിക്കുന്നതിനായുള്ള എല്ലാവിധ സൗകര്യങ്ങളും ബിഗ്‌ബോസ് ഹൗസില്‍ ഉണ്ടായിരിക്കുന്നതാണ്.

ഈ ഷോ അവതരണത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ശ്രീ മോഹന്‍ലാല്‍ പറഞ്ഞു. 'ഈ പരിപാടി തീര്‍ച്ചയായും എനിക്കൊരു പുതിയ അനുഭവമായിരിക്കും. ഞാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വേഷമാണിത്. എന്തെന്നാല്‍ ഇതിലെ വെല്ലുവിളി തികച്ചും വ്യത്യസ്ഥമായിരിക്കും.'

'മലയാളത്തില്‍ ബിഗ്‌ബോസ് അവതരിപ്പിക്കുന്നതിനായി സൂപ്പര്‍ സ്റ്റാറും മഹദ് വ്യക്തിയുമായ ശ്രീ മോഹന്‍ലാലിനെ ലഭിച്ചതില്‍ ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുവെന്ന് സ്റ്റാര്‍ സൗത്ത്. മാനേജിംഗ് ഡയറക്ടര്‍ ശ്രീ കെ മാധവന്‍ പറഞ്ഞു. ഈ ആവേശകരമായ വിനോദത്തിനായി തങ്ങളുടെ പ്രേക്ഷകരും കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക