Image

കുട്ടന്‍പിളളയുടെ ശിവരാത്രി: ഒരു തനി നാടന്‍ കഥ

Published on 16 May, 2018
 കുട്ടന്‍പിളളയുടെ ശിവരാത്രി: ഒരു തനി നാടന്‍ കഥ
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണരായ കുറേ മനുഷ്യരുടെയും അവര്‍ക്കിടയില്‍ നടക്കുന്ന സാധാരണ സംഭവങ്ങളുമാണ്‌ കഥയില്‍ നടക്കുന്നത്‌. കഥ പറഞ്ഞു പോകുന്നത്‌ തികച്ചും നര്‍മ്മത്തിന്റെ പശ്ചാത്തലത്തിലാണ്‌. തമാശയ്‌ക്ക്‌ ഏറെ പ്രാധാന്യമുള്ള ചിത്രം തുടങ്ങുന്നതും സഞ്ചരിക്കുന്നതും അവസാനിക്കുന്നതും തമാശയിലൂടെ തന്നെയാണ്‌.

കുട്ടന്‍ പിള്ള (സുരാജ്‌ വെഞ്ഞാറമൂട്‌) യും ഭാര്യയും പോലീസുകാരനാണ്‌. വളരെ ഗൗരവക്കാരനാണ്‌ കുട്ടന്‍ പിള്ള. അയാള്‍ക്ക്‌ ഏറ്റവും ഇഷ്‌ടം പറമ്പിലെ പ്‌ളാവിനോടാണ്‌. പ്‌ളാവും അതിലെ ചക്കയുമെല്ലാം കുട്ടന്‍ പിള്ളയ്‌ക്ക്‌ മറ്റെന്തിനേക്കാളും വലുതാണ്‌. അത്രയ്‌ക്ക്‌ സ്‌നേഹമാണ്‌ ആ പ്‌ളാവിനോട്‌. എന്നാല്‍ കുട്ടന്‍പിള്ളയുടെ മരുമകന്‍ സുനീഷിന്‌ ആ പ്‌ളാവില്‍ ഒരു നോട്ടമുണ്ടെന്ന്‌ കുട്ടന്‍പിള്ളയ്‌ക്ക്‌ അറിയാം. സുനീഷിന്‌ ആ പ്‌ളാവ്‌ വെട്ടി അതിന്റെ തടി കൊണ്ട്‌ തന്റെ വീടു പണിയണമെന്നാണ്‌ മോഹം. എന്നാല്‍ കുട്ടന്‍പിള്ളയാകട്ടെ, അതിന്‌ പൂര്‍ണമായും എതിരാണ്‌. പ്‌ളാവ്‌ വെട്ടിയാല്‍ മരുമകന്റെ കഴുത്തു വെട്ടുമെന്നാണ്‌ കുട്ടന്‍ പിള്ളയുടെ ഭീഷണി. അദ്ദേഹത്തിന്റെ വീട്ടില്‍ പിന്നീട്‌ നടക്കുന്ന സംഭവങ്ങളും അതിനെ ചുറ്റിപ്പററിയുള്ള സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തിന്റെ കഥ.

കുട്ടന്‍ പിള്ളയായി സുരാജ്‌ വെഞ്ഞാറമൂടാണ്‌ എത്തുന്നത്‌. സുരാജ്‌ ആദ്യന്തം ഗൗരവക്കാരനായി എത്തുന്ന ചിത്രം കൂടിയാണിത്‌. പലപ്പോഴും സുരാജിന്റെ ഗൗരവഭാവത്തിലുളള നോട്ടവും പ്രകടനവും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പോന്നതാണ്‌. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഇടവേളയ്‌ക്കു ശേഷമുള്ള ഭാഗം. സമകാലിക സംഭവങ്ങളും തമാശയും ഫിക്ഷനമൊക്കെ കൂട്ടിച്ചേര്‍ത്താണ്‌ കഥ മുന്നോട്ടു പോകുന്നത്‌. ഗ്രാമവും അമ്പലവും ഉത്സവവും നാട്ടിന്‍പുറത്തെ മനുഷ്യരും അവരുടെ കൊച്ചു കൊച്ചു തമാശകളും കുന്നായ്‌മകളുമൊക്കെയാണ്‌ കഥയില്‍ ആകെ നിറഞ്ഞു നില്‍ക്കുന്നത്‌. സിനിമയുടെ അവസാനം ചെറിയ രീതിയില്‍ ഒരു സസ്‌പെന്‍സും സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്‌.

കുട്ടന്‍ പിള്ളയായി എത്തുന്ന സുരാജിന്റെ മിന്നുന്ന പ്രകടനം തന്നെയാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. മക്കളും മരുമക്കളുമൊക്കെയായി വരുന്ന മിഥുന്‍ രമേശ്‌, സ്രിന്റ, ബിജു സോപാനം എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ കുട്ടന്‍ പിള്ളയ്‌ക്കൊപ്പം മററു കഥാപാത്രങ്ങളുമുണ്ട്‌. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ച ഗായിക സയനോര തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിലെ മൂന്നു ഗാനങ്ങളും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്‌.

അതിഭാവുകത്വമോ അതിരു കടന്ന അവകാശ വാദങ്ങളോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നില്ല. എങ്കിലും ഒരു നല്ല ചിത്രമൊരുക്കാനുള്ള ശ്രമം കഥയിലുടനീളം കാണാം. ലളിതമായ കഥയും ആഖ്യാനശൈലിയും ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ധൈര്യമായി കാണാന്‍ കഴിയുന്ന ചിത്രമാണ്‌ കുട്ടന്‍പിളളയുടെ ശിവരാത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക