Image

കുതിരക്കച്ചവടത്തിന്റെ തനിയാവര്‍ത്തനം : ബിജെപിയെ ക്ഷണിച്ച് ഗവര്‍ണര്‍ ; സത്യപ്രതിജ്ഞ ഇന്ന്

Published on 16 May, 2018
കുതിരക്കച്ചവടത്തിന്റെ തനിയാവര്‍ത്തനം : ബിജെപിയെ ക്ഷണിച്ച് ഗവര്‍ണര്‍ ; സത്യപ്രതിജ്ഞ ഇന്ന്
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴിയൊരുക്കി കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വജുഭായ് വാല ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയെ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന ന്യായം പറഞ്ഞാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയില്‍നിന്ന് നിയമോപദേശം തേടിയശേഷമാണ് നടപടി. വ്യാഴാഴ്ച രാവിലെ 9.00ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും.
ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം നല്‍കി. ഗവര്‍ണറുടെ ഈ നടപടി കുതിരക്കച്ചവടത്തിന് അവസരമൊരുക്കാനാണെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നു. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കേസ് അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കമെന്ന് ബുധനാഴ്ച രാത്രി കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിങ്‌വിയുെട നേതൃത്വത്തിലുള്ള സംഘമാണ് ചീഫ് ജസ്റ്റിസിനെ കണ്ടത്.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാജ്ഭവനുമുന്നില്‍ കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങള്‍ ധര്‍ണ നടത്തും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ജെഡിഎസും ബിജെപിയും ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. നിയമോപദേശം തേടിയശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. ഇരു കക്ഷികളും ഒരുപോലെ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് മുകുള്‍ റോഹ്ത്തഗിയോട് നിയമോപദേശം തേടിയത്. തുടര്‍ന്ന് രാത്രി എട്ടരയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി എസ് യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. അതിനിടെ, ഗവര്‍ണറുടെ തീരുമാനം വരുന്നതിനുമുമ്ബ് ബിജെപി ഇക്കാര്യം ട്വീറ്റ് ചെയ്തതും വിവാദമായി. ഇതോടെ ട്വീറ്റ് പിന്‍വലിച്ച് ബിജെപി തടിയൂരി.
ബുധനാഴ്ച പകല്‍ മൂന്നരയ്ക്ക് യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നും അറിയിച്ചു. വൈകിട്ട് നാലരയോടെ പിന്തുണക്കത്ത് സഹിതം 117 എംഎല്‍എമാരെ കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വം രാജ്ഭവനില്‍ എത്തിച്ചിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഗവര്‍ണര്‍ പക്ഷപാതം കാട്ടരുതെന്ന് നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ എംഎല്‍എമാര്‍ അവര്‍ക്കൊപ്പമില്ല. ഇക്കാര്യം ഉന്നയിച്ചായിരിക്കും കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുക. അതിനിടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ നഗരത്തിനു പുറത്തെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റി. ഇനി വിശ്വാസവോട്ടെടുപ്പു ദിവസം എംഎല്‍എമാരെ സഭയില്‍ എത്തിക്കാനാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക