Image

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ കേസെടുക്കാനാവില്ല: ഹൈക്കോടതി

Published on 16 May, 2018
 ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ കേസെടുക്കാനാവില്ല: ഹൈക്കോടതി
വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു നിയമവിരുദ്ധമല്ലെന്നും അതിനാല്‍ പോലീസിനു കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു നിയമംമൂലം നിരോധിച്ചിട്ടില്ലെന്നും ഇപ്രകാരം കേസെടുക്കണമെങ്കില്‍ അതിനു നിയമം പാസാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഇത്തരത്തില്‍ കേസെടുത്ത പോലീസ് നടപടി ചോദ്യം ചെയ്തു കാക്കനാട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയ്‌ക്കെതിരേ കേസെടുക്കാനാണ് പോലീസ് ആക്ടിലെ 118 ഇ അധികാരം നല്‍കുന്നത്. എന്നാല്‍ ഇങ്ങനെ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പോലീസ് നടപടി സാധ്യമാകൂ എന്നു കോടതി വിലയിരുത്തി. വാഹനമോടിക്കുമ്‌ബോള്‍ മൊബൈല്‍ ഫോണില്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ പോലീസ് ആക്ടില്‍ നിലവിലില്ല. അതുകൊണ്ട് ഇത്തരത്തില്‍ വാഹനം ഓടിക്കുന്നയാള്‍ പൊതുജനങ്ങളെ അപകടപ്പെടുത്തുന്നതായി അനുമാനിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. 
നിയമഭേദഗതി വരുത്താതെ നടപടിയെടുക്കുന്നത് നിയമലംഘനമാണ്. പോലീസ് ആക്ടില്‍ 118 (ഇ) വകുപ്പ് സംബന്ധിച്ച് വിവിധ വ്യാഖ്യാനങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ സാഹചര്യത്തിലാണ് കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്. കോടതി വിധിയോടെ കേരളത്തില്‍ എവിടെയെങ്കിലും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് അത് റദ്ദാക്കാന്‍ കേസ് പരിഗണനയിലിരിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക