Image

ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക്‌ 15 ദിവസം വേണ്ടെന്ന്‌ യെദ്യൂരപ്പ

Published on 17 May, 2018
ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക്‌ 15 ദിവസം വേണ്ടെന്ന്‌ യെദ്യൂരപ്പ
കര്‍ണാടകയില്‍ അധികാരമേറ്റ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ തനിക്ക്‌ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ. കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കാനായി ശ്രമിക്കുകയാണ്‌. അധികാരത്തില്‍ എത്തിച്ചതിന്‌ യെദ്യൂരപ്പ നന്ദി അറിയിച്ചു.

കോണ്‍ഗ്രസിന്റെ ആര്‍.വി.ദേശ്‌പാണ്ഡെയെ പ്രോടെം സ്‌പീക്കറായി മന്ത്രിസഭാ ( മന്ത്രിമാരില്ലാതെ) ശുപാര്‍ശ ചെയ്‌തു. കോണ്‍ഗ്രസും ജെഡിഎസും നിയമസഭാമന്ദിരത്തിന്‌ മുമ്പില്‍ പ്രതിഷേധം നടത്തുന്ന വേളയിലായിരുന്നു ഏകാംഗ മന്ത്രിസഭാ യോഗം ചേര്‍ന്ന്‌ യെദ്യൂരപ്പ തീരുമാനങ്ങള്‍ എടുത്തത്‌.

ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദിയും അമിത്‌ ഷായും പങ്കെടുത്തിരുന്നില്ല. നാളെ സുപ്രീം കോടതിയില്‍ ഭൂരിപക്ഷം തെളിയിക്കുന്ന കത്ത്‌ ഹാജാരാക്കാരണമെന്നത്‌ യെദ്യൂരപ്പയക്ക്‌ കനത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌.

നിലവില്‍ ബിജെപിക്ക്‌ 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്‌. ഇതില്‍ ഒരാള്‍ സ്വതന്ത്രനാണ്‌. കേവല ഭൂരിപക്ഷത്തിന്‌ ഇനിയും എട്ടു പേരുടെ പിന്തുണ കൂടി ആവശ്യമാണ്‌. അതേസമയം കോണ്‍ഗ്രസ്‌ ജെഡിഎസ്‌ സഖ്യത്തിന്‌ 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്‌. തനിക്ക്‌ 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അതു കൊണ്ട്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട്‌ ജെഡിഎസ്‌ നേതാവ്‌ എച്ച്‌.ഡി.കുമാരസ്വാമി ഗവര്‍ണര്‍ക്കു കത്ത്‌ നല്‍കിയിരുന്നു.

ഇതു തള്ളിയാണ്‌ ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചത്‌. ഇതിനു പുറമെ 15 ദിവസത്തിനകം സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്നും ഗവര്‍ണര്‍ യെദ്യൂരപ്പയെ അറിയിച്ചിട്ടുണ്ട്‌.

ബിജെപിക്ക്‌ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കോണ്‍ഗ്രസ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക