Image

വരാപ്പുഴ കസ്റ്റഡി മരണം: ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രനെതിരേയും മൊഴിയെന്നു സൂചന

Published on 17 May, 2018
വരാപ്പുഴ കസ്റ്റഡി മരണം: ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രനെതിരേയും മൊഴിയെന്നു സൂചന

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ല ചന്ദ്രനെതിരേയും അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചതായി സൂചന. എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജ് തന്റെ കീഴിലുള്ള ആര്‍ടിഎഫ് സ്‌ക്വാഡ് അംഗങ്ങളെ ആലുവ ഡിവൈഎസ്പിക്കായിരുന്നു വിട്ടുകൊടുത്തത്. 

മുന്‍ എസ്പിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത ശേഷം ഡിവൈഎസ്പി, എസ്പിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കസ്റ്റഡി മര്‍ദനത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ യഥാര്‍ഥ പ്രതികളെയാണ് അറസ്റ്റു ചെയ്തതെന്നാണു പറഞ്ഞിരിക്കുന്നതെന്നാണു വിവരം. ഇതു വിശ്വസിച്ചാണു മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലും പോലീസിനെ എസ്പി ന്യായീകരിച്ചതെന്നാണു മൊഴി ലഭിച്ചത്. വരാപ്പുഴ ദേവസ്വംപാടത്ത് നടന്ന പ്രശ്‌നങ്ങളുടെ രൂക്ഷത സംബന്ധിച്ച് മേലുദ്യോഗസ്ഥനു കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞില്ലെന്ന ആരോപണവും ഡിവൈഎസ്പിക്കെതിരേയുണ്ടെന്നാണ് സൂചന. 

എന്നാല്‍, ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. നിരവധി ഉദ്യോസ്ഥരില്‍നിന്നു കേസില്‍ മൊഴിയെടുത്തിട്ടുണ്ട്. ഇതെല്ലാം കൃത്യമാണെന്ന് ഉറപ്പിക്കാതെ കൂടുതല്‍ അറസ്റ്റു നടത്താനോ പ്രതിപ്പട്ടിക വിപുലീകരിക്കാനോ സാധിക്കില്ലെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക