Image

ജീവിതത്തിന്റെ കൃത്യമായ ഓഡിയോ ട്രാക്ക് (അശ്വതി ശങ്കര്‍ )

അശ്വതി ശങ്കര്‍ Published on 18 May, 2018
ജീവിതത്തിന്റെ കൃത്യമായ ഓഡിയോ ട്രാക്ക് (അശ്വതി ശങ്കര്‍ )
വ്യത്യസ്തമായ പാതയിലൂടെയുള്ള സഞ്ചാരം ആരും പെട്ടെന്ന് അംഗീകരിച്ച് തരില്ലെങ്കിലും ആ വ്യത്യസ്തത ശ്രദ്ധിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്യ. അങ്ങനെ നോക്കുമ്പോള്‍ ജേക്കബ് ഏബ്രഹാമിന്റെ ' അമുതല്‍അം വരെ പോവുന്ന തീവണ്ടി   'തികച്ചും വ്യത്യസ്തത
പുലര്‍ത്തുന്ന ഒരു നോവലാണ്. ശബ്ദങ്ങള്‍ നിറ ഞ്ഞൊരു തീവണ്ടി. ശബ്ദത്തിന്റെ മാസ്മരിക പ്രപഞ്ചത്തെ ഫിക്ഷന്റെ മാന്ത്രികതയില്‍ മുക്കിയെടുത്ത്ന നമ്മെ ഒരു പാട് ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പുസ്തകം. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന നോവല്‍ തീരുമ്പോഴും ശബ്ദത്തെ പ്രണയിച്ച്ജീവിതം നഷ്ടപ്പെട്ട ഒരു പാട് കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റും ആര്‍ത്തു കരയുന്നതായി അനുഭവപ്പെടും.
തന്റെ ജീവിതവഴി ഒരിക്കല്‍ അടച്ചുകളഞ്ഞ ശബ്ദത്തെ പിന്നീട് പ്രണയിച്ച്... ശബ്ദത്തിന്റെ പല വഴികളിലൂടെ ജീവിതത്തെ മുന്നോട്ട് കൊണ്ടു പോവുന്ന ഋഷിയാണ് ഈ നോവലിലെ കേന്ദ്രം..
ഋഷിയുടെ അത്ഭുത ലോകത്തിലൂടെ സഞ്ചരിക്കു മ്പോഴും ഇടയില്‍ റേഡിയോയെയും അതിന്റെ ശബ്ദ സൗകുമാര്യത്തെയും പ്രണയിച്ച് പരാജയമടഞ്ഞ കുറെ കുഞ്ഞ് കഥകളിലേക്കും കഥാപാത്രങ്ങളിലേക്കും കഥാകൃത്ത് നമ്മെ കൊണ്ടുപോവുന്നുണ്ട്. കഥയ്ക്കുള്ളിലെ അവാന്തരവിഭാഗങ്ങള്‍. ശ്രീലങ്കന്‍ യുദ്ധ കാലത്ത് മരണഭയമില്ലാതെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ത്യാഗം ചെയ്ത് മരണമടയുന്ന സുഭാഷിണിയും, തെരുവില്‍ ഉറ്റവരാരുമില്ലാതെ റേഡിയോ മാത്രം കൈമുതലായുണ്ടായി തെരുവില്‍ അവസാനിക്കുന്ന ഒച്ചനും, പകല്‍ വീട്ടില്‍ ഒറ്റയ്ക്കാ വുമ്പോള്‍ റേഡിയോയില്‍ അഭയം കണ്ട് ഒടുവില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന കടന്നാക്രമണത്തില്‍ റേഡിയോ നഷ്ടപ്പെടുന്ന വീട്ടമ്മയു, സ്‌കൂളില്‍ നിന്ന് ആകാശവാണിയില്‍ മിമിക്രി അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട് ഒടുവില്‍ ശബ്ദം കൈമോശം വന്ന് തകര്‍ന്ന സുനുവും, റേഡിയോയിലെ വയലും വീടും പരിപാടിയില്‍ മുഴുകി സ്വന്തം കുടുംബം തന്നെ തകര്‍ക്കപ്പെട്ടു പോവുന്ന കര്‍ഷകനും, കൂട്ടുകാരന്‍ മരണഭീതിയിലകപ്പെട്ട സംഭവം കേട്ട് മൗനത്തിലായിപ്പോയ ആര്‍ ജെ റിസ്വാനുമൊന്നും അത്ര പെട്ടെന്ന് നമ്മെ വിട്ടു പോവില്യ. ഇന്നലെ പെയ്ത മഴയില്‍ വാകപ്പൂക്കളും പൂമൊട്ടുകളും വീണു കിടക്കുന്ന കോട്ടയില്‍ വെച്ച് ഋഷി തന്റെ ഇതുവരെ വെളിപ്പെടുത്താത്ത വ്യക്തിത്വത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍ അരുണയോട് വെളിപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്രകഥ മുന്നോട്ട് പോവുന്നത്. ഒരു പാട് പ്രതീക്ഷികളോടെ മംഗലാപുരത്ത് എഞ്ചിനിയറിംഗിന് പഠിക്കുന്ന കാലത്ത്
കടുത്ത തലവേദനയാല്‍ ഹോസ്റ്റല്‍ മുറിയിലെ ഇരുണ്ട മുറിയില്‍ മൂടിപ്പുതച്ച് കിടക്കുമ്പോഴാണ് ഒരു കൊച്ചു കുട്ടിയുടെയും ഒരു മുതിര്‍ന്ന പുരുഷന്റെയും സംഭാഷണം കാതില്‍ വന്ന് അലയടിക്കാന്‍ തുടങ്ങിയത്.. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ആ സംഭവം അവന്റെ ജീവിതം കോട്ടയ്ക്കകം വീട്ടിലും ആശുപത്രിയിലുമാക്കിത്തീര്‍ത്തു. എല്ലാറ്റില്‍ നിന്നുമകന്ന് ഏകാന്തവാസത്തിലായിരുന്ന ഋഷി അസുഖങ്ങളില്‍ നിന്ന് എന്ന് മോചനം നേടിയോ അന്ന് മുതല്‍ ശബ്ദത്തെ പ്രണയിച്ചു തുടങ്ങുകയായിരുന്നു. പ്രകൃതിയെ അവന്‍ ഏറ്റവും വലിയ സംഗീത സംവിധായകനായി കണ്ടു.കര്‍ണ്ണപുടങ്ങളില്‍ നേരിട്ട് പതിക്കുന്ന പ്രകൃതിയുടെ അലയൊലികള്‍ക്കപ്പുറം ഒരു ടെക്‌നോളജിക്കും ഒന്നും ചെയ്യാനില്ലെന്ന് ഋഷി വിശ്വസിച്ചു.ഈ ശബ്ദ പ്രണയം അവനെ ഗോവയിലെ ഡെ സിബല്‍ സൗണ്ട് അക്കാദമി തലവന്‍ മിര്‍സ് ബാന്റെ മുന്നിലെത്തിച്ചു... ആ കൂടിക്കാഴ്ച ഋഷിയുടെ ജീവിതത്തെ മാറ്റി മറിക്കുകയാണ്.. മിര്‍സ് ബാന്റെ പ്രിയപ്പെട്ടവനായിത്തീരുന്ന ഋഷിക്ക് മിര്‍സ് ബാനില്‍ നിന്നും അയാളുടെ സൗണ്ട് പ്രോജക്ടുകളില്‍ നിന്നും ഒരിക്കലും മോചനമില്യ അരുണയ്ക്ക് അത്ഭുതമായിത്തീരുകയാണ് ഋഷി .അരുണയുടെ കാതോരത്ത് തന്നെ ഋഷി ഇരുന്നു. അവള്‍ പറയുന്നത് കേള്‍ക്കുന്നതിനൊപ്പം അകത്തും പുറത്തും നാം കേള്‍ക്കുന്ന ശബ്ദങ്ങളെക്കുറിച്ചാലോചിക്കുകയായിരുന്നു അവന്‍. പുറമേ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ശബ്ദങ്ങള്‍ക്കപ്പുറം ഒരാള്‍ അയാള്‍ക്കകത്ത്, അവള്‍ക്കകത്ത് അടച്ച് സൂക്ഷിക്കുന്ന ശബ്ദങ്ങളുണ്ട്... മൗനങ്ങങ്ങളുണ്ട്, നിലവിളികളുണ്ട്. അനുഭവങ്ങളും അനുഭൂതികളും നിറഞ്ഞ ഒരു ശബ്ദശേഖരം കുട്ടിയായിരുന്നപ്പോള്‍ അമ്മ ആദ്യമായി മധുരമായി പേരെടുത്ത് വിളിച്ചത്, ആദ്യമായി കടലോ തീവണ്ടിയോ കണ്ടപ്പോള്‍ കേട്ടത്, ആദ്യമായി നമ്മള്‍ മരണം കണ്ട മൗനമായിത്തിരിച്ചറിഞ്ഞതണുത്ത ജലം പോലുള്ള നിശ്ശബ്ദത, ആരോ നമ്മളെ നോവിച്ചപ്പോ മനസില്‍ വിങ്ങിയ നിലവിളി, സ്‌കൂള്‍ ബെല്‍, സന്തോഷത്തിന്റെ നിമിഷങ്ങളിലെ നിസ്വനങ്ങള്‍ ആദ്യത്തെ രതിയിലൂടെ തിരിച്ചറിഞ്ഞ ശരീരത്തിന്റെ സ്പര്‍ശനങ്ങളുടെ ശബ്ദം, ഇങ്ങനെ ചിതറിക്കിടക്കുന്ന ശബ്ദശ കലങ്ങളെ ലൈബ്രറിയിലെന്നോണം ക്രോഡീകരിച്ചടുത്താല്‍ ജീവിതത്തിന്റെ കൃത്യമായ ഒരു ഓഡിയോ ട്രാക്ക് ലഭിക്കുമെന്ന് ഋഷി വ്യക്തമാക്കുന്നു .. വ്യത്യസ്ത തരം ശബ്ദങ്ങള്‍ക്കായി കാതോര്‍ത്ത് ഋഷി പ്രയാണം തുടരുകയാണ്.

ജീവിതത്തിന്റെ കൃത്യമായ ഓഡിയോ ട്രാക്ക് (അശ്വതി ശങ്കര്‍ )ജീവിതത്തിന്റെ കൃത്യമായ ഓഡിയോ ട്രാക്ക് (അശ്വതി ശങ്കര്‍ )ജീവിതത്തിന്റെ കൃത്യമായ ഓഡിയോ ട്രാക്ക് (അശ്വതി ശങ്കര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക