Image

കുട്ടികളെ യൂണിഫോമില്‍ ചോദ്യം ചെയ്യരുത്‌: ഡി ജി പി ബെഹ്‌റ

Published on 19 May, 2018
കുട്ടികളെ യൂണിഫോമില്‍ ചോദ്യം ചെയ്യരുത്‌: ഡി ജി പി  ബെഹ്‌റ
 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യുമ്പോള്‍ എന്തെല്ലാം നിബന്ധനകള്‍ പാലിക്കണം എന്നത്‌ സംബന്ധിച്ച്‌ ജില്ലാ പൊലീസ്‌ മേധാവിമാര്‍ക്കു ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ സര്‍ക്കുലര്‍ അയച്ചു. ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ കൃത്യമായി സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്‌. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു സര്‍ക്കുലര്‍. സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌:

കുട്ടികളെ ചോദ്യംചെയ്യാന്‍ വരുന്ന പൊലീസുദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കാന്‍പാടില്ല. പൊലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ കുഞ്ഞുങ്ങളെ ചോദ്യം ചെയ്യാനോ, കസ്റ്റഡിയിലെടുക്കാനോ പാടില്ല. സ്‌കൂളുകളില്‍വച്ച്‌ കുട്ടികളുടെ മൊഴിയെടുക്കേണ്ടി വന്നാല്‍ പ്രധാനാധ്യാപകന്റെയോ പ്രിന്‍സിപ്പലിന്റെയോ സമ്മതപത്രം വാങ്ങണം. മാത്രമല്ല, കുട്ടികളെ ചോദ്യംചെയ്യുമ്പോള്‍ പ്രധാനാധ്യാപകന്‍ നിര്‍ദേശിക്കുന്ന ഒരു അധ്യാപകനെ കുട്ടിക്കൊപ്പം നിര്‍ത്തണം. വീട്ടില്‍വച്ചു കുട്ടികളെ ചോദ്യം ചെയ്യാന്‍ രക്ഷിതാക്കളുടെ സമ്മതം വാങ്ങണം.

ഇതുസംബന്ധിച്ച്‌ ചൈല്‍ഡ്‌ ലൈന്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സി.ജെ ആന്റണി പറഞ്ഞു. കുട്ടികള്‍ ചെയ്‌ത കുറ്റകൃത്യം എന്തുതന്നെയായാലും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വയനാട്‌ കല്ലിന്‍കട സ്വദേശി സുരേന്ദ്രന്‍ സമര്‍പ്പിച്ച പരാതിയില്‍ ആണ്‌ സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ചു ശുപാര്‍ശകള്‍ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക