Image

ഭൂരിപക്ഷം ഇല്ലെങ്കില്‍ രാജിവെക്കാന്‍ അമിത്‌ ഷായുടെ നിര്‍ദേശം

Published on 19 May, 2018
ഭൂരിപക്ഷം ഇല്ലെങ്കില്‍ രാജിവെക്കാന്‍ അമിത്‌ ഷായുടെ നിര്‍ദേശം

ന്യൂഡല്‍ഹി:കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിന്‌ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ രാഷ്ട്രീയ നാടകം തുടരുന്നു. ശനിയാഴ്‌ച നാലുമണിക്ക്‌ മുമ്‌ബുതന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഏതുവിധേനയും ഭൂരിപക്ഷം ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ്‌ ബി ജെ പി. അതിനിടെ എം എല്‍ എമാരെ ചാക്കിലാക്കാനുള്ള ശ്രമങ്ങളും പാളിയതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന നേതാക്കളെയാണ്‌ കാണാന്‍ കഴിയുന്നത്‌. അതിനിടെ ഭൂരിപക്ഷം ഇല്ലെങ്കില്‍ രാജിവെക്കാന്‍ അമിത്‌ ഷാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

'കാണാതായ' കോണ്‍ഗ്രസ്‌ എംഎല്‍എമാരായ ആനന്ദ്‌ സിങ്ങിനെയും പ്രതാപ്‌ ഗൗഡയേയും നിയമസഭയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്‌ ഊര്‍ജിതമാക്കിയതോടെ ബിജെപിക്ക്‌ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന നിലയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നത്‌. ബിജെപി ക്യാംപില്‍ തിരക്കിട്ടു നടക്കുന്ന ചര്‍ച്ചകള്‍ ഇതാണ്‌ പ്രകടമാക്കുന്നത്‌. ഭൂരിപക്ഷം തെളിയിക്കാനാകാത്ത സാഹചര്യമുണ്ടായാല്‍ യെദ്യൂരപ്പയ്‌ക്ക്‌ സഭയ്‌ക്കു മുന്നില്‍ അവതരിപ്പിക്കാനായി രാജിക്കത്ത്‌ തയാറാക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്‌.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ജെഡിഎസ്‌ സഖ്യത്തിന്‌ രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെ 117 പേരുടെ പിന്തുണയാണുള്ളത്‌. ബിജെപിക്ക്‌ 104 എംഎല്‍എമാരുമുണ്ട്‌. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 113 പേരുടെ പിന്തുണയാണ്‌ വേണ്ടത്‌. അതിനിടെ, നേരത്തെ വിട്ടുനിന്നിരുന്ന കോണ്‍ഗ്രസ്‌ എംഎല്‍എ ആനന്ദ്‌ സിങ്‌ ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും നിയമസഭയിലേക്ക്‌ പുറപ്പെട്ടു.

ആനന്ദ്‌ സിങ്ങിനെയും പ്രതാപ ഗൗഡയെയും ഗോള്‍ഡന്‍ ഫിഞ്ച്‌ ഹോട്ടലില്‍ ബിജെപി പിടിച്ചുവച്ചിരിക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ കര്‍ണാടക ഡിജിപിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഹോട്ടലിലെത്തിയിരുന്നു. നേരത്തെ, വിരാജ്‌ പേട്ട എംഎല്‍എ കെ.ജി.ബൊപ്പയ്യക്ക്‌ കര്‍ണാടക പ്രോടെം സ്‌പീക്കറായി തുടരാമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക