Image

വിശ്വാസ വോട്ടെടുപ്പിന്‌ നില്‍ക്കാതെ യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

Published on 19 May, 2018
 വിശ്വാസ വോട്ടെടുപ്പിന്‌ നില്‍ക്കാതെ യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

ബെംഗളൂരു: അത്യന്തം നാടകീയമായ സാഹചര്യങ്ങള്‍ക്കൊടുവില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു. വിശ്വാസ വോട്ടെയുപ്പിന്‌ മിനിറ്റുകള്‍ ശേഷിക്കെയാണ്‌ യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്‌. ദേശീയ തലത്തല്‍ തന്നെ ബി.ജെ.പിക്ക്‌ നാണക്കേടുണ്ടാക്കുന്നതാണ്‌ രാജി.

വികാരനിര്‍ഭരമായ പ്രസംഗത്തിനൊടുവിലാണ്‌ യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്‌. പ്രസംഗത്തിനിടെ യെദ്യൂരപ്പ വോട്ടര്‍മാര്‍ക്ക്‌ നന്ദി പറഞ്ഞു. കോണ്‍ഗ്രസിനെതിരെയാണ്‌ ജനങ്ങള്‍ വോട്ട്‌ ചെയ്‌തതെന്നും കോണ്‍ഗ്രസ്‌ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ ആരോപിച്ചു.

ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ തന്നെ ഭീഷണിയാവുന്ന തരത്തിലുള്ള നാടകീയത സൃഷ്ടിച്ച ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കിടെ സുപ്രീം കോടതിയുടെ ഇടപെടല്‍ നിര്‍ണായകമായി.

ഭൂരിപക്ഷമില്ലാതെ മന്ത്രി സഭ രൂപീകരിക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായ്‌ വാല യെദ്യൂരപ്പയ്‌ക്ക്‌ 15 ദിവസം നല്‍കിയതും സുപ്രീം കോടതി ചോദ്യം ചെയ്‌തു. ഇതേ തുടര്‍ന്നാണ്‌ ഇന്ന്‌ വൈകിട്ട്‌ 4 മണിക്ക്‌ തന്നെ വിശ്വാസ വോട്ടെടുപ്പ്‌ നടത്താന്‍ കോടതി വിധിച്ചത്‌. ഇതോടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള വഴിയടഞ്ഞ ബി.ജെ.പിക്ക്‌ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിയല്ലാതെ മറ്റ്‌ വഴികളില്ലാതായി.

കോണ്‍ഗ്രസ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചതും ബി.ജെ.പിക്ക്‌ കനത്ത തിരിച്ചടിയുണ്ടാക്കി. തെരഞ്ഞെടുപ്പ്‌ ഫലം പുറത്ത്‌ വന്നതിന്‌ പിന്നാലെ തന്നെ ജെ.ഡി.എസുമായി ചേര്‍ന്ന്‌ മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനമെടുത്താണ്‌ കോണ്‍ഗ്രസ്‌ ബി.ജെ.പിക്ക്‌ ആദ്യ അടി നല്‍കിയത്‌. എന്നാല്‍ ഭൂരിപക്ഷത്തെ മാനിക്കാതെ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. പക്ഷേ ഇതിനെതിരെ കോണ്‍ഗ്രസ്‌ജെ.ഡി.യു സഖ്യം ശക്തമായാണ്‌  പ്രതിരോധിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക