Image

ജസ്റ്റിസ്‌ ചെലമേശ്വര്‍ സുപ്രിംകോടതിയുടെ പടിയിറങ്ങി

Published on 20 May, 2018
ജസ്റ്റിസ്‌ ചെലമേശ്വര്‍ സുപ്രിംകോടതിയുടെ പടിയിറങ്ങി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയനാടകങ്ങള്‍ക്കിടെ അത്രയാരും ശ്രദ്ധിക്കാതെ ജസ്റ്റിസ്‌ ചെലമേശ്വര്‍ സുപ്രിംകോടതിയുടെ പടിയിറങ്ങി. ചീഫ്‌ജസ്റ്റിസ്‌ കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്‌ജിയായ ചെലമേശ്വര്‍ അടുത്തമാസം 22നാണ്‌ ഔദ്യോഗികമായി വിരമിക്കുന്നതെങ്കിലും വേനലവധിക്കു അടച്ച സുപ്രിംകോടതിയില്‍ അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തിദിനമായിരുന്നു വെള്ളിയാഴ്‌ച.

വിരമിക്കുന്ന ജഡ്‌ജിമാര്‍ അവസാന പ്രവര്‍ത്തിദിനം ചീഫ്‌ജസ്റ്റിസിന്റെ ബെഞ്ചില്‍ അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന പതിവിനപ്പുറം, ഔദ്യോഗിക യാത്രയയപ്പു ചടങ്ങിനു നിന്നുകൊടുക്കാതെയാണ്‌ ചെലമേശ്വറിന്റെ പടിയിറക്കം.

സാധാരണ രണ്ടാം നമ്‌ബര്‍ കോടതിമുറിയില്‍ ജസ്റ്റിസ്‌ എസ്‌.കെ കൗളിനൊപ്പമാണ്‌ ചെലമേശ്വര്‍ കേസ്‌ കേള്‍ക്കാറുള്ളത്‌. ഈ ബെഞ്ചില്‍ വ്യാഴാഴ്‌ചയായിരുന്നു ചെലമേശ്വറിന്റെ അവസാനദിവസം. അന്ന്‌ നടപടികള്‍ പൂര്‍ത്തിയായി കോടതി പിരിയാന്‍ നേരം, ഇന്നാണ്‌ ചെലമേശ്വറിന്‌ ഒപ്പം ഇരിക്കുന്ന അവസാന ദിനമെന്ന്‌ പറഞ്ഞു ജ. കൗള്‍ അനൗപചാരിക യാത്രയയപ്പ്‌ നേര്‍ന്നു. എന്നാല്‍, വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ചെലമേശ്വര്‍ അനുവദിച്ചില്ല.

അതിനു മുമ്‌ബേ കോടതിമുറിയില്‍ മുതിര്‍ന്ന അഭിഭാഷകരായ മുന്‍കേന്ദ്രനിയമമന്ത്രി ശാന്തിഭൂഷണ്‍, മകന്‍ പ്രശാന്ത്‌ ഭൂഷണ്‍, ദുശ്യന്ത്‌ ദവെ എന്നിവര്‍ എത്തിയിരുന്നു. ചെലമേശ്വറിനോടുള്ള നന്ദിയും കടപ്പാടും ഏതാനും വാക്കുകളില്‍ ഇവര്‍ ഒതുക്കി. ഇതിനുള്ള മറുപടി ചെലമേശ്വര്‍ മൂന്നുവാചകത്തിലും ഒതുക്കി. കഴിഞ്ഞ ആറുവര്‍ഷവും പത്തുമാസവും ദേഷ്യത്തിലും അവിവേകത്തിലും ആയിരുന്നു. എന്നാല്‍, ഇത്‌ മനപ്പൂര്‍വമോ ഏതെങ്കിലും വ്യക്തികളോടുള്ള വിരോധം കൊണ്ടോ ആയിരുന്നില്ല. ആര്‍ക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നു. ഇതും പറഞ്ഞ്‌ കൈ കൂപ്പി ചെലമേശ്വര്‍ ഇറങ്ങി.

പിന്നീട്‌ വെള്ളിയാഴ്‌ച ചീഫ്‌ജസ്റ്റിസിനൊപ്പമാണ്‌ ചെലമേശ്വര്‍ ഇരിക്കേണ്ടത്‌.  11 അപ്രധാന കേസുകള്‍ മാത്രമാണ്‌ ചീഫ്‌ജസ്റ്റിസ്‌, ചെലമേശ്വര്‍, ഡി.വൈ ചന്ദ്രചൂഡ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ കേട്ടത്‌. ഇടയ്‌ക്കിടെ ചെലമേശ്വറുമായി ചീഫ്‌ജസ്റ്റിസ്‌ ആശയവിനിമയം നടത്തികൊണ്ടിരുന്നു. ഒരുമണിക്കൂര്‍ തികയും മുമ്‌ബേ ബെഞ്ച്‌ പിരിഞ്ഞു. ഇതോടെ നന്ദിപ്രകടനത്തിന്റെ സമയമായി.

രാജ്യത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും ജ. ചെലമേശ്വര്‍ നല്‍കിയ സംഭാവനകള്‍ ഭാവി തലമുറ ഓര്‍ക്കുമെന്ന്‌ അഭിപ്രായപ്പെട്ട്‌ പ്രശാന്ത്‌ ഭൂഷണ്‍ തുടങ്ങിവച്ചു. സുപ്രിംകോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികളോ മറ്റോ ചടങ്ങിനെത്തിയിരുന്നില്ല. ഹൃസ്വമായ പരിപാടിക്കു ശേഷം മറുപടി പ്രസംഗം നടത്താതെ എല്ലാത്തിനും മറുപടിയായി കൈ കൂപ്പി ചെലമേശ്വര്‍ മടങ്ങി.

പിന്നീട്‌ ഉച്ച സമയം ഏതാനും സമയത്തേക്ക്‌ കൊളീജിയം യോഗം ചേര്‍ന്നു. ബുധനാഴ്‌ച ചേര്‍ന്ന യോഗത്തിന്റെ നടപടികള്‍ പരസ്യപ്പെടുത്താന്‍ മാത്രം തീരുമാനിച്ച്‌ യോഗം പിരിഞ്ഞു. ജസ്റ്റിസ്‌ ചെലമേശ്വര്‍ ഔദ്യോഗികമായി അടുത്ത മാസം 22നു വിരമിക്കും. അതിനു മുമ്‌ബായി കൊളീജിയം ചേരാനുള്ള സാധ്യത കുറവാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക