Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം, തീരുമാനം ഉടന്‍

Published on 21 May, 2018
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം, തീരുമാനം ഉടന്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം. നിലവിലെ സര്‍ക്കാരിന്റെ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. മാര്‍ച്ചിന് മുന്‍പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനും ഇതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടത്താനാണ് നീക്കം.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതിയാണ് രാജ്യത്ത് നടപ്പാക്കാനിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സെമിനാറുകള്‍, കോണ്‍ഫറന്‍സ്, മറ്റ് പ്രവര്‍ത്തനങ്ങള്‍ വഴി ജനങ്ങളില്‍ അവബോധം വളര്‍ത്താനാണ് നീക്കം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമായിരിക്കും നടത്തുകയെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കുന്നതോടെ പ്രസിഡന്റ് ഭരണം കൊണ്ടുവരാനും നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുമാണ് നീക്കം. 2018 ഡിസംബര്‍ അവസാനം നടത്തിയേക്കുമെന്നും സൂചനയുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത് ബിജെപിക്ക് അനുകൂലമായിരിക്കുമെന്നാണ് ചില വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് ബിജെപി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും സൂചനയുണ്ട്. ഈ പദ്ധതിയുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതോടെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഒറീസ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരിക്കും നടക്കുക. ഡിസംബര്‍ മധ്യത്തോടെ മിസോറാം തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുന്നത്. ഇതോടെ പരീക്ഷകള്‍ ഫെബ്രുവരി മാസത്തോടെ നടത്താന്‍ സിബിഎസ്സിക്ക് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക