Image

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം; ബിജെപി ഓഫീസിന് നേരെ ബോംബേറ്, പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published on 22 May, 2018
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം; ബിജെപി ഓഫീസിന് നേരെ ബോംബേറ്, പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂരിലെ സമാധാനചര്‍ച്ചകള്‍ പ്രഹസനമാണെന്ന ആരോപണം ശരി വയ്ക്കുന്ന വിധത്തില്‍ വീണ്ടും സംഘര്‍ഷം. പയ്യന്നൂരില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി ഓഫീസിന് നേരെ ബോംബേറ്. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്‍ത്തകനെ കാറിലെത്തി ബൈക്ക് തടഞ്ഞ് വെട്ടുകയായിരുന്നു. തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റതോടെ സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്ത് പൊലീസ് രംഗത്തെത്തി. മാഹിയിലും ന്യൂ മാഹിയിലും സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ മേഖലയിലാണ് ഇപ്പോള്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷ സാഹചര്യം തെല്ലൊന്ന് അടങ്ങുന്നതിന് പിന്നാലെ വീണ്ടും കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷമുണ്ടായത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പയ്യന്നൂരിലാണ് ബിജെപി-സിപിഎം സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ബിജെപിയില്‍ നിന്ന് മാറി സിപിഎമ്മിലേക്ക് ചില പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇതിനെച്ചൊല്ലി കുറച്ചുനാളായി സംഘര്‍ഷാവസ്ഥയുണ്ടെന്നാണ് സൂചന. പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെയാണ് ബോംബേറ് ഉണ്ടായത്. പുതിയ സ്റ്റാന്‍ഡ് പരിസരത്തെ മാരാര്‍ ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകനാണ് ആദ്യം വെട്ടേറ്റത്. ബിജെപിയില്‍ നിന്ന് അടുത്തകാലത്ത് സിപിഎമ്മിലേക്ക് വന്ന പ്രവര്‍ത്തകനായ ഷിനുവിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. തൊട്ടുപിന്നാലെ ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടാവുകയും ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും ചെയ്തു. സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്‍ത്തകന്‍ ഷിനുവിന് വെട്ടേറ്റതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് സിപിഎം ആരോപിച്ചു. ഷിനു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഷിനുവിന് വെട്ടേറ്റ് അല്‍പസമയത്തിനകം ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിനും വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവനുനേരെ സ്റ്റീല്‍ബോംബ് എറിഞ്ഞതോടെ സംഘര്‍ഷം വ്യാപിക്കുകയാണെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക