Image

ഹാസ്യത്തില്‍ നിന്നു ചുവടുമാറുന്ന സുരാജിന്റെ കുട്ടന്‍പിള്ള (മീട്ടു റഹ്മത്ത് കലാം)

Published on 22 May, 2018
ഹാസ്യത്തില്‍ നിന്നു ചുവടുമാറുന്ന സുരാജിന്റെ കുട്ടന്‍പിള്ള (മീട്ടു റഹ്മത്ത് കലാം)
ഹാസ്യം വഴങ്ങുന്നവര്‍ക്ക് അഭിനയത്തിന്റെ ഏതുവശവും അനായാസം ഫലിപ്പിക്കാന്‍ കഴിയും എന്നതിന് അടൂര്‍ ഭാസി, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍,സലിം കുമാര്‍ തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും 2013 ല്‍ പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കിയ സുരാജ് വെഞ്ഞാറമ്മൂടിനെ ഈ ജനുസ്സില്‍ പെടുത്താം. തിരുവന്തപുരത്തിന്റെ ഗ്രാമ്യഭാഷയുമായി വെള്ളിത്തിരയിലെത്തി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച അദ്ദേഹം, സമീപ കാലത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും അടക്കമുള്ള ചിത്രങ്ങളിലൂടെ ഭാവാഭിനയത്തിന്റെ പുതുതലങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമായ എത്തുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍, ആഭാസം എന്നീ സിനിമകളുടെ വിശേഷങ്ങളിലേക്ക്...

കുട്ടന്‍പിള്ളയുടെ ശിവരാത്രികളില്‍ ടൈറ്റില്‍ കഥാപാത്രമാണല്ലോ?

പ്‌ളാച്ചോട്ടില്‍ കുട്ടന്‍പിള്ള എന്ന എന്റെ കഥാപാത്രം ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആണ്. വേലക്കാരിക്ക് ജാനു, കന്യാസ്ത്രീ ആണെങ്കില്‍ സൂസി കോണ്‍സ്റ്റബിളിന് കുട്ടന്‍പിള്ള അങ്ങനെ പേരിടുന്ന ഒരു പ്രവണത സിനിമയിലുണ്ട്. മനസ്സില്‍ തങ്ങുന്ന പേറുന്ന നിലയിലാണ് കുട്ടന്‍പിള്ള എന്ന പേര് തെരഞ്ഞെടുത്തതെന്നാണ് സംവിധായകന്‍ ജീന്‍ മാര്‍ക്കോസ് പറഞ്ഞത്. കഥ കേട്ടപ്പോള്‍ കുട്ടന്‍പിള്ളയ്ക്ക് എവിടെ ഒക്കെയോ എന്റെ അച്ഛന്റെ ഛായ തോന്നി. വാസുദേവന്‍ നായര്‍ എന്നാണു അച്ഛന്റെ പേര്. പട്ടാളക്കാരനായതുകൊണ്ട് പുറമെ എപ്പോഴും ഗൗരവം ഭാവിക്കും. എന്നാല്‍ ഉള്ളില്‍ ഒരുപാട് സ്‌നേഹം കാണും. കുട്ടന്‍പിള്ളയും അത്തരത്തില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയാത്ത ഒരാളാണ്.
ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ ബന്ധങ്ങള്‍ക്ക് വലിയ പ്രസക്തി ഇല്ലെന്ന പരാതിക്ക് പരിഹാരം കൂടിയാണ് ഈ ചിത്രം, മക്കള്‍,മരുമക്കള്‍,ചെറുമക്കളും,മാമന്‍, അപ്പച്ചി,ചിറ്റപ്പന്മാര്‍ അങ്ങനെ എല്ലാ ടീമുമുണ്ട്. കുട്ടന്‍പിള്ളയുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിക്കാന്‍ ബന്ധുക്കള്‍ എത്തുന്നതും, അതിനിടയിലെ നര്‍മ്മവും പ്രശ്‌നങ്ങളുമാണ് സിനിമ.

പ്‌ളാച്ചോട്ടില്‍ എന്ന വീട്ടുപേരിനും പ്രസക്തി ഉണ്ടല്ലോ?
തീര്‍ച്ചയായും. കുട്ടന്‍പിള്ളയോളം തന്നെ പ്രാധാന്യമുണ്ട് സിനിമയില്‍, പ്‌ളാച്ചോട്ടില്‍ തറവാടിനും വീട്ടുമുറ്റത്തെ പ്ലാവിനും. പ്ലാവും ചക്കയും മലയാളികള്‍ക്കൊരു വീക്‌നെസ്സ് ആണല്ലോ. ഒരു നിമിത്തം പോലെയാണ് കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്ക പ്രഖ്യാപിച്ചതിനു പിന്നാലെ ഇതിലെ ചക്കപ്പാട്ട് റിലീസ് ആയതും വൈറല്‍ ആയതും.

ഗായകനായും തിളങ്ങിയല്ലോ?
സയനോര ഏഴുതി സംഗീതം ചെയ്ത ഗാനമാണ് 'ശിവനേ..' കഥാപാത്രം തന്നെ പാടേണ്ട പാട്ടാണ്, ഞാന്‍ പാടണമെന്ന് പറഞ്ഞപ്പോള്‍ അറിയാന്‍ പാടില്ലെന്നു പറഞ്ഞ് മുങ്ങി നടന്നു. വരികള്‍പോലും എന്നെ മനസ്സില്‍കണ്ടാണ് എഴുതിയതെന്ന് പറഞ്ഞു. ചട്ടമ്പിനാട് എന്ന സിനിമയില്‍ ക്ലിക്ക് ആയ ' എന്റെ ശിവനേ' എന്ന വിളിപോലുമുണ്ട് ആ പാട്ടില്‍ . പിടിവിടില്ലെന്ന് മനസ്സിലായപ്പോള്‍ ഒരുവിധം പാടി ഒപ്പിച്ചു. അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കുട്ടന്‍പിള്ളയുടെ ആ നേരത്തെ ധര്‍മ്മസങ്കടമൊക്കെ ഉള്‍ക്കൊണ്ട് പാടാന്‍ ആ കഥാപാത്രം ചെയ്യുന്ന ആളെന്ന നിലയില്‍ കഴിഞ്ഞു. ഈ പടത്തിലെ പാട്ടുകളില്‍ ഞാന്‍ കാണുന്ന പ്രത്യേകത എന്താന്നുവെച്ചാല്‍ കഥയുമായി വളരെ ചേര്‍ന്നുകിടക്കുന്ന വരികളാണ്. പാട്ടുകേള്‍ക്കുമ്പോള്‍ തന്നെ കഥയെക്കുറിച്ചൊരു ചെറിയ ധാരണ കിട്ടും. കുട്ടന്‍പിള്ള ,ഭാര്യ ശകുന്തള അവരുടെ മൂന്ന് മക്കള്‍, എല്ലാം പാട്ടിലെ വരികളിലുണ്ട്.

ആഭാസം എന്ന ചിത്രത്തെക്കുറിച്ച്?
ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ ചുരുക്കെഴുത്താണ് ആഭാസം. നവാഗതനായ ജൂബിത്ത് നമ്ബറാടത്ത് ഒരുക്കുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ആണിത് . സെന്‍സറിംഗിന് കുറച്ച് ബുദ്ധിമുട്ട് നേരിട്ടതും പച്ചയായ അവതരണം കൊണ്ടാണ്.ഗാന്ധി ട്രാവെല്‍സ് എന്ന ബസ്സില്‍ ബാംഗ്ലൂര്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയാണ് കഥാപശ്ചാത്തലം. ബസിലെ കിളി ആയിട്ടാണ് ഞാന്‍, അലന്‍സിയര്‍ ചേട്ടന്‍ െ്രെഡവര്‍. റിമാ കല്ലിങ്കല്‍, ഇന്ദ്രന്‍സ്, ശീതള്‍ ശാം തുടങ്ങിയവര്‍ യാത്രക്കാര്‍. നായിക നായകന്‍ അങ്ങനൊന്നുമില്ല. എല്ലാവര്‍ക്കും അവരവരുടേതായ കഥയുണ്ട്.

ആഭാസത്തിലെ കഥാപാത്രങ്ങള്‍ക്ക് പേരില്ലെന്നു പറഞ്ഞല്ലോ?
അതെ. അത് ഈ സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്. കിളി, െ്രെഡവര്‍, യാത്രക്കാര്‍ എന്നല്ലാതെ കഥാപാത്രങ്ങള്‍ക്ക് പേരില്ല. യാത്രയ്ക്കിടയില്‍ നമ്മള്‍ അനുഭവിച്ചിട്ടുള്ള കാര്യങ്ങളാണ് സിനിമയില്‍ കാണുന്നത്. പ്രേക്ഷകന് ഇതെനിക്ക് സംഭവിച്ചതാണല്ലോ , എന്റെ കഥയാണല്ലോ എന്ന് തോന്നും. ഓരോ ക്യാരക്ടറും ആരുടെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്നോ ആ പേരിട്ടു വിളിക്കാം.

രണ്ടു ചിത്രങ്ങളെയുംകുറിച്ച് ഒരുവരിയില്‍ എങ്ങനെ വിശേഷിപ്പിക്കും?
കുട്ടന്‍പിള്ളയുടെ ശിവരാത്രികള്‍ നമ്മുടെ വീട്ടില്‍ നടക്കുന്ന കഥയും ആഭാസം നാട്ടില്‍ നടക്കുന്നതുമാണ്.

(കടപ്പാട്: മംഗളം)
ഹാസ്യത്തില്‍ നിന്നു ചുവടുമാറുന്ന സുരാജിന്റെ കുട്ടന്‍പിള്ള (മീട്ടു റഹ്മത്ത് കലാം)ഹാസ്യത്തില്‍ നിന്നു ചുവടുമാറുന്ന സുരാജിന്റെ കുട്ടന്‍പിള്ള (മീട്ടു റഹ്മത്ത് കലാം)ഹാസ്യത്തില്‍ നിന്നു ചുവടുമാറുന്ന സുരാജിന്റെ കുട്ടന്‍പിള്ള (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക