Image

സഭാതര്‍ക്കം രമ്യമായി പരിഹരിക്കണം: പാത്രിയര്‍ക്കീസ് ബാവാ

Published on 22 May, 2018
സഭാതര്‍ക്കം രമ്യമായി പരിഹരിക്കണം: പാത്രിയര്‍ക്കീസ് ബാവാ
കൊച്ചി : സഹോദരസഭകളെന്ന നിലയില്‍ അന്തസ്സും അഭിമാനവും സംരക്ഷിച്ചു പരസ്പര വിശ്വാസത്തോടെ സഭാപ്രശ്‌നത്തിനു പരിഹാരം കാണണമെന്നും അതിനുള്ള തീരുമാനങ്ങള്‍ ഇവിടെത്തന്നെയാണ് ഉണ്ടാകേണ്ടതെന്നും പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ.

യാക്കോബായാ–ഓര്‍ത്തഡോക്‌സ് സഭാപ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ സഹായിക്കണമെന്നല്ല, അതിനുള്ള സാഹചര്യമുണ്ടാക്കണമെന്നാണു ഭരണാധികാരികളോടു തന്റെ അഭ്യര്‍ഥനയെന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇതേ കാര്യത്തിന് ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെയും നാളെ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.

‘മലങ്കര സഭയില്‍ സമാധാനം ഉണ്ടാക്കുകയെന്നത് ഇരുസഭകളുടെയും ആത്മീയ പിതാവായ എന്റെ ദൗത്യവും കടമയുമാണ്. ഒന്നിച്ചിരുന്നു ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന് ഇതു സംബന്ധിച്ചു സന്ദേശം അയച്ചിരുന്നു. അനുകൂല മറുപടി ലഭിച്ചില്ല. ചര്‍ച്ചയ്ക്ക് ഓര്‍ത്തഡോക്‌സ് നേതൃത്വം തയാറാകുമെന്നു തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.’

അഞ്ചുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ പാത്രിയര്‍ക്കീസ് ബാവായ്ക്കു ഹൃദ്യമായ വരവേല്‍പു നല്‍കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായും മെത്രാന്‍മാരും നൂറുകണക്കിനു വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക