Image

2 പേര്‍ കൂടി മരിച്ചു; നിപ്പ വൈറസ് ബാധിച്ച് മരിച്ചവര്‍ 11 ആയി

Published on 22 May, 2018
2 പേര്‍ കൂടി മരിച്ചു; നിപ്പ വൈറസ് ബാധിച്ച് മരിച്ചവര്‍ 11 ആയി
കൊച്ചി: നിപ്പ വൈറസ് പിടിപെട്ട് ഇന്നലെ ജില്ലയില്‍ രണ്ടുപേര്‍ കൂടി മരിച്ചതോടെ അന്തക വൈറസ് ജീവനെടുത്തവരുടെ എണ്ണം 11 ആയി. ഇവരില്‍ 10 പേരുടെ മരണവും നിപ്പ മൂലമാണെന്നു സ്ഥിരീകരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ മാടമ്പളളിമീത്തല്‍ രാജന്‍ (47), നാദാപുരം ചെക്യാട് ഉമ്മത്തൂര്‍ തട്ടാന്റവിട ടി.വി. അശോകന്‍ (52) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു.

നിപ്പ സ്ഥിരീകരിച്ചു മരിച്ച പത്തില്‍ ഏഴുപേരും കോഴിക്കോട് ജില്ലക്കാരാണ്. മൂന്നുപേര്‍ മലപ്പുറംകാരും. ഏറ്റവുമാദ്യം മരിച്ച പേരാമ്പ്ര ചങ്ങരോത്തെ മുഹമ്മദ് സാബിത്തിന്റെ (22) മരണം സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനാല്‍ നിപ്പയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതുവരെ 18 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12 പേരുടേതില്‍ നിപ്പ വൈറസ് കണ്ടെത്തിയതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 12ല്‍ പത്തുപേരും മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. ആറുപേര്‍ക്ക് വൈറസ് ബാധയില്ല.

ഇവരെക്കൂടാതെ മൂന്നു നഴ്‌സുമാര്‍ അടക്കം 12 പേര്‍ നിപ്പ സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

ഡല്‍ഹിയിലെ എയിംസ് പഠനസംഘം ഇന്നലെ കോഴിക്കോട്ടെത്തി കൂടിയാലോചനകള്‍ നടത്തി ചികിത്സാരീതി സംബന്ധിച്ച മാര്‍ഗരേഖ തയാറാക്കി. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മിഷണര്‍ ഡോ. സുരേഷ് ഉനപ്പഗോളിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്രയിലെത്തി.

മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിയെ പനി ബാധയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ്പ വൈറസ് ബാധയെന്ന സംശയത്തെത്തുടര്‍ന്ന് ഇവരെ ഐസൊലേഷന്‍ മുറിയിലേക്കു മാറ്റി.

സിന്ധുവാണ് ഇന്നലെ മരിച്ച രാജന്റെ ഭാര്യ. മക്കള്‍:സാന്ദ്ര, സ്വാതി. സഹോദരങ്ങള്‍: ഗോപാലന്‍, ജാനു, കല്യാണി. ബന്ധുവിനെ ശുശ്രൂഷിക്കാന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നപ്പോഴാകാം വൈറസ് പിടിപെട്ടതെന്നു കരുതുന്നു.

അശോകന്റെ ഭാര്യ: അനിത. മക്കള്‍: നിഖില്‍ (ആര്‍മി), അശ്വതി, ആദിത്യ. സഹോദരിമാര്‍: ശാന്ത, ജാനു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍നിന്നു കഴിഞ്ഞയാഴ്ചാണു കോഴിക്കോട്ടെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക