Image

നിപ വൈറസ് വയനാടും കനത്ത ജാഗ്രതയില്‍, സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

Published on 23 May, 2018
നിപ വൈറസ് വയനാടും കനത്ത ജാഗ്രതയില്‍, സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍  നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍
നിപ വൈറസ് അയല്‍ജില്ലയായ കോഴിക്കോട് വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാടും കനത്ത ജാഗ്രതയില്‍. വവ്വാലുകള്‍ പരത്തുന്ന രോഗമെന്ന നിലയില്‍ ആയിരക്കണക്കിന് വാവലുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മാനന്തവാടി പഴശിപാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം നിരോധിച്ചു. നിപ വൈറസ് ഇതുവരെ വയനാട്ടില്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പടിഞ്ഞാറത്തറയിലെ ഒരു വയസുള്ള പെണ്‍കുഞ്ഞ് സമാനരോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നുണ്ട്.

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഈ കുട്ടിയുടെ രക്തസാമ്ബിള്‍ മണിപ്പൂര്‍ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമെ രോഗം സ്ഥിരീകരിക്കാനാവൂ. എന്നാല്‍ പടിഞ്ഞാറത്തറയിലെ കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാജപ്രചരണങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിപ വൈറസിനെ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുന്നറിയിപ്പ് നല്‍കി. കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഇന്റന്‍സിഫൈഡ് ഡയേറിയ കണ്‍ട്രോള്‍ ഫോര്‍ട്ട്‌നൈറ്റ് ഇന്റര്‍സെക്ടറല്‍ മീറ്റിങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വൈറസിനെതിരെ പ്രതിരോധിക്കാന്‍ ശുചിത്വം പാലിക്കുകയാണ് വേണ്ടതെന്നും അതിനായി ആരോഗ്യ വകുപ്പ് വ്യാപക ബോധവത്ക്കരണ പ്രവര്‍ത്തനം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ ഫാമുകളില്‍ പരിശോധന നടത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. നിപ വൈറസുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്ഥിതിഗതികള്‍ നേരിടുന്നതിന് റാപിഡ് റെസ്‌പോണ്‍സ് സംഘത്തെ നിയോഗിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ നൂന മര്‍ജ യോഗത്തില്‍ അറിയിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കെ.ജി.എം.ഒ എയുടെ നേതൃത്വത്തില്‍ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ചു ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി.

മാനന്തവാടിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ഷിനാസ്, മാനന്തവാടി ജില്ല ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ വി.ജിതേഷ് എന്നിവര്‍ ക്ലാസുകളെത്തു. ജനങ്ങള്‍ക്കായുള്ള ബോധവത്കരണ ക്ലാസുകള്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ സംഘടിപ്പിക്കും. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു ദ്രുതകര്‍മ്മ സേന ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുണ്ട് .ജില്ലയിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കൊപ്പം രോഗബാധ ഉണ്ടായാല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഡോക്ടര്‍മാര്‍ മുന്നിട്ടിറങ്ങും, മറ്റു ജില്ലകളില്‍ അടിയന്തിര സാഹജര്യങ്ങളില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വയനാട് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സേവനം നല്‍കുമെന്നും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക