Image

ബ്ലൂടൂത്തിന്റെ ശവകുടീരം, ഇതാ- ഇവിടെ...(ലൗഡ് സ്പീക്കര്‍ 34: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 23 May, 2018
ബ്ലൂടൂത്തിന്റെ ശവകുടീരം, ഇതാ- ഇവിടെ...(ലൗഡ് സ്പീക്കര്‍ 34: ജോര്‍ജ് തുമ്പയില്‍)
ബ്ലൂടൂത്തിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം. എന്നാല്‍ ഈ പേര് എങ്ങനെ ഇതിനു വന്നുവെന്നു ചോദിച്ചാല്‍ പലര്‍ക്കും അറിയണമെന്നില്ല. ഡെന്‍മാര്‍ക്ക് രാജാവായിരുന്ന ഹരാള്‍ഡ് ബ്ലൂടൂത്തില്‍നിന്നാണ് വൈഫൈയുടെ ആദ്യകാല സാങ്കേതിക വിദ്യയ്ക്ക് ഈ പേര് നല്‍കിയത്. ഡെന്‍മാര്‍ക്കിലേക്ക് ആദ്യമായി ക്രിസ്തുമതം കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. എഡി 958 മുതല്‍ 986 വരെ ഡെന്‍മാര്‍ക്ക് ഭരിച്ച രാജാവായിരുന്നു ഹരാള്‍ഡ് ബ്ലൂടൂത്ത്. ഇപ്പോള്‍, ഈ രാജാവിന്റെ ശവകുടീരം ജര്‍മനിയില്‍ കണ്ടെത്തിയതാണ് വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത്. പണ്ട് ഡെന്‍മാര്‍ക്കിന്റെ ഭാഗമായിരുന്ന ഉത്തര ജര്‍മനിയിലാണ്  കല്ലറ കണ്ടെത്തിയത്. കണ്ടെത്തിയതാവട്ടെ ഒരു 15 കാരനും. പിന്നീട്, ഒരു പുരാവസ്തു ശാസ്ത്ര ഗവേഷകന്റെ  സഹായത്തോടെ ചേര്‍ന്ന് നടത്തിയ ഖനനത്തിനിടെയാണ് ബ്ലൂടൂത്ത് രാജാവിന്റെ ശവകുടീരം കണ്ടെത്തിയത്. ഇവരുടെ നിധി അന്വേഷിച്ചുള്ള യാത്രയ്ക്കിടെയാണ് ബ്ലൂടൂത്തിന്റെ ശവകുടീരം ശ്രദ്ധയില്‍പ്പെടുന്നത്. 400 ചതുരശ്രഅടി സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ചെമ്പില്‍ തീര്‍ത്ത മാലകളും മോതിരങ്ങളും നാണയങ്ങളും പേള്‍ ആഭരണങ്ങളും ചുറ്റികയുമെല്ലാം ഈ ശവകുടീരത്തില്‍നിന്ന് കണ്ടെടുത്തു. ഈ നിധി ശേഖരമാവട്ടെ, ചരിത്രാതീത കാലത്തേക്കുള്ള ഒരു യാത്രയാണ്. ചരിത്രത്തിന്റെ സാക്ഷിപത്രമായി ഈ വിലയേറിയ വിവരങ്ങള്‍ മാറിയേക്കുമെന്നാണ് സൂചന.

***** ***** ***** ***** ***** ***** *****
ജപ്പാന്‍കാരനായ മസാക്കി നഗുമോയ്ക്ക് അമേരിക്കയില്‍ എന്തു കാര്യം എന്നോര്‍ത്തു അന്തിക്കാന്‍ വരട്ടെ. നഗുമോയ്ക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത റോബോട്ടിനെ ഉണ്ടാക്കിയ ആളാണിത്. ഒപ്പം, റോബട്ടിനെ നിര്‍മ്മിക്കാനിറങ്ങി, പണമില്ലാതെ വലഞ്ഞ എന്‍ജിനിയറുടെ വിജയത്തിന്റെ കഥയാണിത്. ഇവിടെ, കഠിനാധ്വാനം മാത്രമല്ല, നിദാന്ത പരിശ്രമത്തിന്റെയും പരാജയത്തിന്റെ പടുകുഴിയില്‍ വീണ് എല്ലാം നഷ്ടപ്പെട്ട് ജീവിതത്തില്‍ നിന്നു വിട്ടെറിഞ്ഞവര്‍ക്ക് മാതൃകയാക്കാവുന്ന ജീവിതം കൂടിയാണ് നഗുമോയുടേത്. 28 അടി ഉയരവും എട്ടു ടണ്‍ ഭാരവുമുള്ള എല്‍ഡബ്ല്യു റോബട്ടിനെ കണ്ടാല്‍ ട്രാന്‍സ്‌ഫോമേഴ്‌സ് എന്ന ഹോളിവുഡ് ചിത്രമാകും ആളുകളുടെ മനസില്‍ വരിക. പണം ഇല്ലാതിരുന്നിട്ടും ഉള്ള പണം ചെലവഴിച്ച് പ്രോട്ടോടൈപ്പ് ഉണ്ടാക്കിയ ഈ മെക്കാനിക്കല്‍ എന്‍ജിനിയര്‍ റോബോട്ടിക്‌സില്‍ വിദഗ്ധനാണ്. പഠിച്ചതും ഇതിനുവേണ്ടിയാണെങ്കിലും റോബട്ട് നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ മേടിക്കാന്‍ പണമില്ലാതിരുന്നത് പ്രതിസന്ധിയായി. അങ്ങനെ മസാക്കി ജോലിക്കു പോയി കിട്ടിയ ശമ്പളത്തില്‍നിന്നു മിച്ചംവച്ചു റോബോട്ടിനെ ഉണ്ടാക്കാന്‍ ആവശ്യമായി സാധനസാമഗ്രികള്‍ ഒക്കെ സംഘടിപ്പിച്ചു. എന്നാല്‍, അപ്പോഴേയ്ക്കും മസാക്കി പഠിച്ച വിദ്യകള്‍ പഴഞ്ചനായിരുന്നു. പലരും റോബോട്ടുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിരുന്നു. ഒരു സാധാരണ റോബട്ടിനെ നിര്‍മിച്ചിട്ട് ഇനി വലിയ കാര്യമില്ലെന്നു മസാക്കി തിരിച്ചറിഞ്ഞതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത റോബട്ടിന്റെ സൃഷ്ടിയിലേക്കു മസാക്കിയെ നയിച്ചത്.  മസാക്കി നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചു സഞ്ചരിക്കാനും വിരലുകള്‍ ചലിപ്പിക്കാനുമെല്ലാം ഈ ഭീമന്‍ റോബട്ടിനു കഴിയും.  ഓടാനും ലക്ഷ്യംനോക്കി വെടിയുതിര്‍ക്കാനുമൊക്കെ ഇതിനു കഴിയും. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനാണ് മസാക്കിയുടെ ലക്ഷ്യം. കാര്യം ലോകമാകെ അറിഞ്ഞതോടെ, പലരും എത്തിയിട്ടുണ്ട് ഭീമന്‍ റോബോട്ടിനെ കാരണാനും മസാക്കിയെ അഭിനന്ദിക്കാനും. മനുഷ്യനായാല്‍ ജപ്പാന്‍കാരനെ പോലെയാവണം, പ്രത്യേകിച്ച് മസാക്കിയെ പോലെ. എല്ലാവര്‍ക്കും ഈ മാതൃക പിന്തുടരാവുന്നതാണ്.
***** ***** ***** ***** ***** ***** *****

ഏഷ്യാഡ് അപ്പുവിനെ ഓര്‍മ്മയില്ല. ഏഷ്യന്‍ ഗെയിംസ് ഇന്ത്യയില്‍ നടന്നപ്പോള്‍ ആനചിഹ്നമായി എത്തിയതാണ് അപ്പു എന്ന ആനക്കൂട്ടി. ഇപ്പോള്‍ സമാനമായ ഒരു സംഭവം റഷ്യയിലും. അവിടെ ആനയ്ക്കു പകരം എത്തിയത് കരടിയാണെന്നു മാത്രം. റഷ്യയില്‍ നടന്ന ഫുട്‌ബോള്‍ കളിയില്‍ റഫറിയെ സഹായിക്കാനെത്തിയത് ഒരു കരടി. അതോടെ മത്സരം കൊഴുത്തു. കാണാനിരുന്ന കാണികള്‍ കളിയെക്കാളും കരടികളുടെ ചെയ്തികളിലാണ് ആവേശം കൊണ്ടത്.  രണ്ടു കാലില്‍ നിന്ന് റഫറിക്ക് ബോള്‍ കൊടുത്തശേഷം കൈയടിച്ച് കാണികളെ രസിപ്പിച്ച കരടിക്കുട്ടന്റെ പേര് ടിം. ടിമ്മിനെ ടിവി ചാനലുകളില്‍ കണ്ടതോടെ സംഭവം വന്‍ ഹിറ്റായി കഴിഞ്ഞു. റഷ്യയിലെ ദേശീയ മൃഗമാണ് കരടി. കരടിയെ കൊണ്ട് ഫുട്‌ബോള്‍ മത്സരത്തിന് എത്തിയത് വന്‍ തരംഗമുണ്ടാക്കി. തന്നെയുമല്ല, ചുവന്ന കണ്ണുള്ള കരടിയാണ് ജൂണില്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നം. അപ്പോള്‍ ഇത്തരം കരടികള്‍ ഇനി കൂടുതലായി ഫുട്‌ബോള്‍ ഗ്രൗണ്ടിലെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. അമ്മയെ തല്ലിയാല്‍ രണ്ടു പക്ഷമുണ്ടെന്നു പറയുന്നതു പോലെ, ഇതിനെതിരേ വന്‍ വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. മൃഗങ്ങളെക്കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കുന്നത് മനുഷ്യത്വമില്ലായ്മയാണെന്നു വ്യക്തമാക്കി മൃഗാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പുറമേ, വന്യമൃഗമായ കരടിയെ ജനങ്ങള്‍ കൂടിയിരിക്കുന്ന പൊതുസ്ഥലത്ത് കൊണ്ടുനടന്നത് അപകടകരമാണെന്നും അരോപണുമുണ്ട്. ഫുട്‌ബോള്‍ പ്രസിദ്ധിക്കുവേണ്ടി ഇത്തരം കാര്യങ്ങള്‍  ചെയ്യാന്‍ പാടില്ലെന്നും ഇവര്‍ പറയുന്നു. എന്തായാലും റഷ്യയും കടന്നു ടിം ഇപ്പോള്‍ സൂപ്പര്‍ താരമായിട്ടുണ്ട്.

ബ്ലൂടൂത്തിന്റെ ശവകുടീരം, ഇതാ- ഇവിടെ...(ലൗഡ് സ്പീക്കര്‍ 34: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക