Image

നിപ വൈറസ് ബാധിതര്‍ക്ക് മലേഷ്യയില്‍ നിന്നുമെത്തിച്ച മരുന്നുകള്‍ നല്‍കി തുടങ്ങി

Published on 24 May, 2018
നിപ വൈറസ് ബാധിതര്‍ക്ക് മലേഷ്യയില്‍ നിന്നുമെത്തിച്ച മരുന്നുകള്‍ നല്‍കി തുടങ്ങി
നിപ വൈറസ് ബാധിതര്‍ക്ക് മലേഷ്യയില്‍ നിന്നുമെത്തിച്ച മരുന്നുകള്‍ നല്‍കി തുടങ്ങി. ഈ മരുന്നിന് ചില പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനോടകം രണ്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നുമെത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നാലായിരം ഗുളികകള്‍ കൂടി എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം നിപ ചികിത്സയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. നിപ രോഗലക്ഷണങ്ങളുമായി ഒരാള്‍ വന്നാല്‍ ഏത് രീതിയില്‍ ചികിത്സ നടത്തണം എന്തെല്ലാം മുന്‍കരുതലുകള്‍ പാലിക്കണം എന്നീ കാര്യങ്ങളില്‍ പ്രോട്ടോകോള്‍ പിന്തുടരുണം. ഇതോടെ നിപ ചികിത്സയ്ക്ക് സംസ്ഥാനമൊന്നാകെ ഏകീകൃത രൂപം വരും. ഇതോടൊപ്പം നിപ ബാധിച്ച് മരിക്കുന്നവരെ മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ചും ഇന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചേക്കും. 

ഇതുവരെ 13 പേര്‍ക്കാണ് സംസ്ഥാനത്ത് നിപ്പാ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും ഇതിനോടകം മരിച്ചു. രണ്ട് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ബുധനാഴ്ച്ച മാത്രം അഞ്ച് പേര്‍ നിപ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് പേരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരാളും കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടാളുമാണ് ചികിത്സ തേടിയത്. നിപാ വൈറസിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനും നാളെ വ്യക്തത വന്നേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭോപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ച വവ്വാലുകളുടെ രക്തത്തിന്റെ പരിശോധനാഫലം നാളെ ലഭിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക