Image

ബഹറിന്‍ കെ എംസിസി പ്രവാസി പെന്‍ഷന്‍ പത്താം വര്‍ഷത്തിലേക്ക്

Published on 24 May, 2018
ബഹറിന്‍ കെ എംസിസി പ്രവാസി പെന്‍ഷന്‍ പത്താം വര്‍ഷത്തിലേക്ക്

മനാമ: ബഹറിന്‍ കെ എംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തന വര്‍ഷ ത്തെ കര്‍മ പദ്ധതിയായ വിഷന്‍ 33 ന്റെ ഭാഗമായി 111 വീടുകളില്‍ ഈ വര്‍ഷവും ശിഹാബ് തങ്ങള്‍ സ്മാരക സ്‌നേഹസ്പര്‍ശം എന്ന പേരില്‍ പ്രവാസിപെന്‍ഷനും സ്‌നേഹപൂര്‍വം സഹോദരിക്ക് എന്ന പേരില്‍ വിധവാ പെന്‍ഷനും നല്‍കും. പ്രവാസി പെന്‍ഷന്‍ പദ്ധതി മുന്‍മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയും വിധവാ പെന്‍ഷന്‍ പദ്ധതി പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളുമാണ് ഉദ്ഘാടനം ചെയ്തത്. പ്രവാസ ലോകത്തു ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടും കഷ്ടപ്പാടും മാരകരോഗവുമായി പ്രയാസപ്പെടുന്ന മുന്‍ ബഹറിന്‍ പ്രവാസികള്‍ക്കും മരണമടഞ്ഞ ബഹറിന്‍ പ്രവാസികളുടെ വിധവകള്‍ക്കുമായി മാത്രമാണ് ഈ മാസാന്ത സഹായം നല്‍കിവരുന്നത്. 

2009 ല്‍ അഞ്ചു പേര്‍ക്ക് വിതരണം ചെയ്തുകൊണ്ട് ആരംഭിച്ച പദ്ധതി ഇന്ന് 67 പ്രവാസികള്‍ക്കും 44 വിധവകള്‍ക്കുമായി 111 വീടുകളില്‍ നല്‍കിവരുന്നു. വര്‍ഷങ്ങളോളം ബഹ്‌റൈനില്‍ ജോലി ചെയ്തിട്ടും ജീവിതസായാഹ്നത്തില്‍ ഒരു നേരത്തെ മരുന്നിനുപോലും വകയില്ലാത്ത നാട്ടില്‍ കഴിയുന്നവരാണ് അപേക്ഷകരായി വരുന്നത്. അപേക്ഷകരുടെ എണ്ണം നിത്യേന വര്‍ധിക്കുകയാണ്. വൃക്ക രോഗം, കാന്‍സര്‍ രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളും കൂടാതെ അംഗവൈകല്യം, അന്ധത തടങ്ങി കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി വളരെ രഹസ്യമായി അവരുടെ ബാങ്കുകളിലോ വീടുകളിലോ സഹായം എത്തിക്കുന്നതാണ് പദ്ധതിയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് ബഹറിനിലെ സുമനസുകളുടെ സഹായം ഇനിയും ആവശ്യമാണെന്നു ജില്ലാ പ്രസിഡന്റ് എ.പി. ഫൈസലും ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളിയും പറഞ്ഞു. 

ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ അലി കൊയിലാണ്ടിയും യൂസുഫ് ഹാജി കൊയ്‌ലാണ്ടിയും ആണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. പത്താം വര്‍ഷത്തെ പെന്‍ഷന്‍ പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ് ഉദ്ഘാടനം പത്തു പ്രവാസികളുടെ സ്‌പോണ്‍സര്‍ഷിപ് ഏറ്റെടുത്തുകൊണ്ട് ബഹറിനിലെ വ്യവസായ പ്രമുഖനും കാരുണ്യ പ്രവര്‍ത്തകനുമായ കെ.ടി.കെ അബ്ദുള്ള ഹാജി ഓര്‍ക്കാട്ടേരി കെ എംസിസി ജില്ലാ സെക്രട്ടറി ഫദീല മൂസ ഹാജിക്ക് സഹായം കൈമാറി.

ചടങ്ങില്‍ എ.പി. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ എംസിസി പ്രസിഡന്റ് എസ്.വി. ജലീല്‍, ജനറല്‍സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍,സമസ്ത പ്രസിഡന്റ് സയിദ് ഫക്രുദീന്‍ തങ്ങള്‍, ഖലീല്‍ ഹുദവി കാസര്‍ഗോഡ്, കെ എംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷംസുദ്ധീന്‍ വെള്ളിക്കുളങ്ങര, ടി.പി. മുഹമ്മദലി, കുട്ടൂസ മുണ്ടേരി, കെ എംസിസി സംസ്ഥാന ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്തു നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈസല്‍ കോട്ടപ്പള്ളി സ്വാഗതവും ഒകെ കാസിം നന്ദിയും പറഞ്ഞു. നാസര്‍ഹാജി പുളി യാവ്, അബൂബക്കര്‍ ഹാജി, സൂപ്പി ജീലാനി, അഷ്‌റഫ് നരിക്കോടന്‍, അസ്ലം വടകര, ശരീഫ് കോറോത്, കാസിം നൊച്ചാട്, അബ്ദുറഹ്മാന്‍ തുന്‌പോളി, എസ്.കെ അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക