Image

ബെന്‍സോകെയില്‍ ചേര്‍ന്ന ക്രീമുകള്‍ എഫ് ഡി എ വിലക്കി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 May, 2018
ബെന്‍സോകെയില്‍ ചേര്‍ന്ന ക്രീമുകള്‍ എഫ് ഡി എ വിലക്കി (ഏബ്രഹാം തോമസ്)
കൊച്ചുകുട്ടികള്‍ പല്ല് മുളയ്ക്കുമ്പോള്‍ ഉണ്ടാകുന്ന വേദന അകറ്റാന്‍ ബെന്‍സോകെയില്‍ ചേര്‍ന്ന ക്രീമുകളും ജെല്ലുകളും മോണയില്‍ പുരട്ടുന്നത് സാധാരണയാണ്. എന്നാല്‍ മരവിപ്പ് നല്‍കാന്‍ പുരട്ടുന്ന ഈ ക്രീമുകളും ജെല്ലുകളും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇവ ഉപയോഗിക്കുന്നത് ഉടനെ തന്നെ നിര്‍ത്തണമെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചു. ഈ മരുന്നുകള്‍ ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ വിതരണക്കാരോടും ഉത്പാദനം നിര്‍ത്തുവാന്‍ ഫാര്‍മസി കമ്പനികളോടും എഫ്ഡിഎ ആവശ്യപ്പെട്ടു.

ഈ ക്രീമുകളും ജെല്ലുകളും പുരട്ടുന്നത് കൊച്ചുകുഞ്ഞുങ്ങളുടെയും ചെറിയ കുട്ടികളുടെയും മോണയിലാണ്. ബെന്‍സോ കെയിന്‍ മിശ്രിതത്തിന് അത്യപൂര്‍വ്വ, മാരക അനുബന്ധഫലങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുമെന്ന് എഫ്ഡിഎ പറയുന്നു. പ്രത്യേകിച്ച് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് പ്രത്യാഘാതങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്.
ഈ ഉല്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് കഴിഞ്ഞ 10 വര്‍ഷമായി ഏജന്‍സി പറയുന്നുണ്ടെങ്കിലും ഇവയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന മരത്തിന്റെയും അസുഖങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. വിപണിയില്‍ നിന്ന് ഈ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യണമെന്ന് ഏജന്‍സി പറഞ്ഞു. മാതാപിതാക്കളും വിതരണക്കാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് എഫ്ഡിഎ കമ്മീഷ്ണര്‍ സ്‌കോട്ട് ലീബ് പറഞ്ഞു.

ഓറജെല്‍ ടീനിംഗ് മരുന്നുകള്‍ നിര്‍മ്മിക്കുന്ന ചര്‍ച്ച് ആന്റ് ഡ്വിവൈറ്റ് കമ്പനി ഇവയുടെ നിര്‍മ്മാണം നിര്‍ത്തുന്നതായി അറിയിച്ചു. സ്വയം ഈ നിര്‍ദ്ദേശം പാലിക്കാത്ത നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാവുമെന്ന് എഫ്ഡിഎ പറഞ്ഞു.
ഓവര്‍ ദ കൗണ്ടറായി(പ്രിസ്‌ക്രിഷന്‍ ഇല്ലാതെ) ലഭിക്കുന്ന പല്ലു വേദനയ്ക്കും വായ്കുരുക്കുകള്‍ക്കുമുള്ള ഓറജെല്‍ അന്‍ബസോള്‍ എന്നിങ്ങനെയുള്ള മുതിര്‍ന്നവര്‍ക്കുള്ള മരുന്നുകളില്‍ ബെന്‍സോ കെയിന്‍ ഉപയോഗിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള മരുന്നുകളുടെ വില്പന എഫ്ഡിഎ നിരോധിച്ചിട്ടില്ല. എന്നാല്‍ പുതിയ മുന്നറിയിപ്പ് പാക്കറ്റുകളില്‍ ഉണ്ടാവണമെന്ന് ഏജന്‍സി നിര്‍ദേശിച്ചു.

രക്തത്തില്‍ അത്യപൂര്‍വവമായ സ്ഥിതിവിശേഷം സൃഷ്ടിക്കുവാന്‍ ബെന്‍സോകെയിന്‍ കഴിയും. ഇത് മൂലം ശ്വാസതടസം ഉണ്ടാവും. രക്തത്തില്‍ പ്രോട്ടീനുമായി പോകുന്ന ഓക്‌സിജന് തടസം നേരിടും. ശ്വാസതടസം, ഹൃദയമിടിപ്പ് വര്‍ധന, തലവേദന എന്നിവ ഉണ്ടാകാം.

അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് ടീതിംഗ് ക്രീമുകള്‍ ശുപാര്‍ശ ചെയ്യുന്നില്ല. കാരണം മിനിട്ടുകള്‍ക്കുള്ളില്‍ കുഞ്ഞിന്റെ വായില്‍ നിന്ന് ഇവ ഒഴുകിപ്പോകും. ഇതിന് പകരം ടീതിംഗ്  റിംഗ്‌സോ മോണകളുടെ മസ്സാജിംഗോ നടത്തിയാല്‍ മതിയെന്നാണ് അക്കാഡമി പറയുന്നത്.

ഉപഭോക്ത ഉപദേശകസംഘടനയായ പബ്ലിക് സിറ്റിസന്‍ കോടതിയില്‍ നല്‍കിയ പെറ്റീഷനാണ് എഫ്ഡിഎ നടപടിക്ക് കാരണമായത്. എഫ്ഡിഎ 2006 ലും 2011 ലും 2014 ലും മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും വിപണിയില്‍ നിന്ന് ഉത്പന്നം മാറ്റാന്‍ നിര്‍ദേശിച്ചില്ല. ബെന്‍സോകെയിനുമായി ബന്ധപ്പെട്ട് 119 രക്ത സംബന്ധിയായ കേസുകള്‍ 2009 നും 2017നും ഇടയില്‍ അധികാരികള്‍ക്ക് മുന്നിലെത്തി. ഇവയില്‍ നാല് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പബ്ലിക് സിറ്റി നല്‍കിയ കേസില്‍ നടപടി അടുത്ത ആഴ്ചയ്ക്കുള്ളില്‍ ഉണ്ടാവണമെന്ന് കോടതി എഫ്ഡിഎയോട് ആവശ്യപ്പെട്ടിരുന്നു.

ബെന്‍സോകെയില്‍ ചേര്‍ന്ന ക്രീമുകള്‍ എഫ് ഡി എ വിലക്കി (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക