Image

മാച്ചു പിക്ച്ചു - ആകാശങ്ങള്‍ക്കും ഭൂമിക്കുമിടയിലായൊരു സ്വപ്നനഗരി (അനിലാല്‍ ശ്രീനിവാസന്‍)

Published on 26 May, 2018
മാച്ചു പിക്ച്ചു - ആകാശങ്ങള്‍ക്കും ഭൂമിക്കുമിടയിലായൊരു സ്വപ്നനഗരി (അനിലാല്‍ ശ്രീനിവാസന്‍)
1911 -ല്‍ മാത്രം വീണ്ടും കണ്ടെടുക്കപ്പെട്ട ഇന്‍കാ സാമ്പ്രാജ്യത്തിന്റെ നഷ്ട്ട നഗരിയായ മാച്ചുപിക്ച്ചു ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാവുകയാണ്. ചുറ്റും പര്‍വത നിരകള്‍ തീര്‍ത്ത കൂടിനുള്ളില്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഒരു ജനതയുടെ മുഴുവന്‍ ശക്തിയും സംസ്‌കാരവും ആവഹിച്ചു വിരിഞ്ഞുവീണതാണീ നഗരപ്പക്ഷി. ഒരു നൂറു വര്‍ഷങ്ങള്‍ക്കു ശേഷം വ്യക്തമല്ലാത്ത ഏതൊക്കെയോ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട അവളെ കാലാന്തരത്തില്‍ പ്രകൃതിയും കാലവും പച്ചപ്പട്ടിട്ടുമൂടി ഒളിപ്പിച്ചു. അധിനിവേശത്തിന്റെ മസ്സുരി വിത്തുകളും അവളേറ്റു വാങ്ങിയിട്ടുണ്ടാവം.

ഒരു പ്രോജെക്റ്റിനായി സൌത്ത് അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലിമയിലെത്തിയ ഞങ്ങളുടെ വീക്ക് എന്‍ഡ് പ്രോഗ്രമായിരുന്നു മാച്ചു പിക്ച്ചു എന്ന മഹാത്ഭുതം കാണാന്‍ പോവുകയെന്നത്. കൂട്ടത്തില്‍ പറയട്ടെ, പാട്ടുകളുടെ ചിത്രീകരണത്തിനായി പുതിയ ലൊക്കേഷനുകള്‍ തിരഞ്ഞു പോവുന്ന നമ്മുടെ സിനിമാക്കാര്‍ ഈ സ്ഥലത്തെയും വെറുതെ വിട്ടില്ല. 'എന്തിരന്‍' എന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യ റായ് മാച്ചുപിക്ച്ചുവില്‍ പാട്ടിനു ചുവടുകള്‍ വക്കുന്നുണ്ട്. എന്നോടൊപ്പം യാത്രക്ക് ഒരു മെക്‌സിക്കന്‍ സുഹൃത്തും തയാറായി. ഞങ്ങളെത്തുന്നതിനു മുന്‍പും ഒരു ഗ്രൂപ്പ് മാച്ചുപിച്ചു കാണാന്‍ പോയിരുന്നു. എന്നാല്‍ അവര്‍ക്ക് സ്ഥലം ഒട്ടും ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒരു ദിവസം മുഴുവനും ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയേണ്ടിയും വന്നു. മാച്ചു പിക്ച്ചുവെന്നത് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തിലുള്ള സ്ഥലമാണ്. Acute Mountain Disease ( AMD ) അഥവാ സോരോച്ചേ എന്നറിയപ്പടുന്ന altitude രോഗം പിടിപെട്ടതാണ് കാരണം. തീര്‍ച്ചയായും വേണ്ട മരുന്നുകള്‍ കരുതിവെക്കണം എന്ന് അവര്‍ താക്കീത് നല്കി. എന്നാല്‍ അവര്‍ പറഞ്ഞ മരുന്നില്‍ ആസ്പിരിന്‍ ഉള്ളതിനാല്‍ എനിക്ക് കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. സത്യം പറഞ്ഞാല്‍ ഞാനൊന്നും കരുതീല്ല.എന്തും വരട്ടെ എന്ന് കരുതി..അല്ലെങ്കില്‍ തന്നെ എന്ത് ചെയ്യാനാണ്..ഒന്നുകില്‍ പോവുക അല്ലെങ്കില്‍ പോകണ്ട എന്ന് തീരുമാനിക്കുക.

സൌത്ത് അമേരിക്കയുടെ സെന്‍ട്രല്‍ പസഫിക് തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് പെറു. കിഴക്കും തെക്കുമായി ബൊളിവിയ, ബ്രസീല്‍, ചിലി എന്നീ രാജ്യങ്ങളും കൊളംബിയയും ഇക്വഡോറും വടക്കും അതിരിടുന്നു.ലിമാ സിറ്റിയാണ് തലസ്ഥാനം.അലാസ്‌കയോടൊപ്പം വലുപ്പമുള്ള രാജ്യം. റോഡ് ഐലണ്ടിനോടൊപ്പം വലിപ്പമുള്ള തലസ്ഥാനം.വടക്ക് നിന്നും തെക്കോട്ട് കിടക്കുന്ന ആന്റിസ് പര്‍വതനിരകളും, കിഴക്ക് ഭാഗത്തായുള്ള ആമസോണ്‍ വനങ്ങളും മനോഹരമായ കടല്തീരങ്ങളും കൊണ്ട് പ്രകൃതീ സമ്പന്നമാണ് ഈ രാജ്യം.

ഞങ്ങള്‍ ഒരു വെള്ളിയാഴ്ച അതിരാവിലെ ലിമാ സിറ്റി എയര്‍പോര്‍ട്ടിലെത്തി. സന്ദര്‍ശകര്‍ സാധാരണയായി ഇന്‍കാ തലസ്ഥാനം ആയി അറിയപ്പെടുന്ന കുസ്‌കോ സിറ്റിയിലെത്തി അവിടം കണ്ടശേഷം ട്രെയിനിലാണ് മാച്ചു പിക്ച്ചുവില്‍ എത്തുക. ഇതല്ലാതെ മാച്ചു പിക്ച്ചുവിന്റെ താഴ്വാരത്തിലുള്ള ആഗുഅസ് കാളിഎന്റെസ് എന്ന ചെറു പട്ടണത്തില്‍ നിന്നും ബസ്സിലോ കാല്‍നടയായോ ആയും അവിടെ എത്താവുന്നതാണ്. അല്പം സാഹസികത വേണമെങ്കില്‍ പ്രസിദ്ധമായ ഇനകാ ട്രയല്‍ വഴിയും മാച്ചു പിക്ച്ചുവില്‍ എത്തിച്ചേരാം. ഞങ്ങള്‍ കുസ്‌കോ സിറ്റിയിലേക്കുള്ള പ്ലെയിനില്‍ കയറി. ഒരു മണിക്കൂര്‍ കൊണ്ട് അത് കുസ്‌കോയിലെത്തി. കുസ്‌കോയകട്ടെ സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തിലാണ്. നേരത്തെ ചെയ്ത ഏര്‍പ്പാടനുസരിച്ചു ഒരാള്‍ ഞങ്ങളുടെ പേരുകള്‍ എഴുതിയ പ്ലക്കാര്‍ഡും പിടിച്ചു നില്‍പ്പുണ്ടായിരുന്നു. അയാള്‍ ഞങ്ങളെ വാനില്‍ കയറ്റി ഹോട്ടലിലേക്ക് യാത്രയായി. കൂടെ ഒരു വയസ്സായ സ്ത്രീയും അവരുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. അവര്‍ നല്ല ഒന്നാംതരം ഇംഗ്ലീഷില്‍ സംസാരിച്ചത് കണ്ട് എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ചോദിച്ചു. അവര്‍ അമേരിക്കന്‍ എംബസ്സിയില്‍ ആണെന്നും ഈയിടെയായി എല്ലാ വര്‍ഷവും ഭര്‍ത്താവുമൊത്തു കുസ്‌കോയും മച്ചുപിച്ച്ചുവും കാണാന്‍ വരുമെന്നും അതവരുടെ ഏറ്റവും പ്രിയപ്പെട്ട റൊമാന്റിക് യാത്രയാണെന്നും പറഞ്ഞു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഞാന്‍ അവരോടു സോരോചെയെന്ന altitude രോഗത്തെപ്പറ്റി ചോദിച്ചു. അവര്‍ അതിന്റെ ശാസ്ത്രീയമായ വശം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി തന്നു. Acclimatization എന്ന പദപ്രയോഗത്തിലൂടെ ഈ രോഗത്തിന്റെ അടിസ്ഥാനം ഞങ്ങള്‍ക്കു പറഞ്ഞുതന്നു. ഉയരങ്ങളിലെ ഓക്‌സിജന്‍ കുറവായ അവസ്ഥയുമായി നമ്മുടെ ശരീരം പൊരുത്തപ്പെടുന്ന പ്രക്രിയയാണ് അത്. അതിനു ചെയ്യേണ്ടാതെന്തൊക്കെയാണെന്നും അവര്‍ പറഞ്ഞു തന്നു. അവരെ അവര്‍ക്ക് താമസിക്കേണ്ട ഹോട്ടലില്‍ ഇറക്കിയശേഷം ഞങ്ങളുടെ ഹോട്ടലിലേക്ക് വാന്‍ തിരിച്ചുവിട്ടു. കുസ്‌കോ ഒരു പ്രത്യേക സ്ഥലമാണ്..പഴയ ഇന്കാ സാമ്പ്രാജ്യത്തിന്റെ തലസ്ഥാനം. 7 -8 അടി മാത്രം വീതിയുള്ള കരിങ്കല്ല് പാകിയ നിരത്തിലൂടെ വണ്ടി മുന്നോട്ടു പോയി. പാതക്കിരുവശവും വീടുകളും ഹോട്ടലുകളും ഭക്ഷണ ശാലകളും.

വാനില്‍ കണ്ട സുഹൃത്ത് പറഞ്ഞതനുസരിച്ച് വെറും കൊക്കയില കൊണ്ടുള്ള ചായ മാത്രം കുടിച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. പെറുവില്‍ കൊക്കയില സാധാരണമാണ് പ്രത്യേകിച്ചും കുസ്‌കോയിലും മാച്ചു പിക്ച്ചുവിലും. കൊക്കയിലയില്‍നിന്നാണ് കൊക്കെയിന്‍ എന്ന ലഹരി ഉണ്ടാക്കുന്നതെങ്കിലും അതുകൊണ്ടുള്ള ചായക്ക് ലഹരിയില്ല. കൊക്കയില അതി സങ്കീര്‍ണമായ രാസപ്രക്രിയക്ക് ശേഷമാണ് കൊക്കെയിന്‍ ആയി മാറുക. പരസ്യമായി കൊക്കയില ഉപയോഗിക്കുന്നത് പെറുവില്‍ മാത്രം അനുവദനീയമാണ്. എന്നാല്‍ മറ്റെല്ലാ സൌത്ത് അമേരിക്കന്‍ രാജ്യങ്ങളിലും അത് നിയമവിരുദ്ധവും. എന്തായാലും ഞങ്ങളുടെ യാത്ര അവസാനിക്കും വരെ ഞാന്‍ കൊക്കാ ചായ കുടിച്ചുകൊണ്ടേയിരുന്നു.

പിറ്റേന്ന് രാവിലെ ബസ്സെത്തി. ഒരൊന്നര മണിക്കൂറോളം പുറം പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. മാച്ചുപിക്ച്ചുവിലേക്കുള്ള ട്രെയിന്‍ യാത്ര ഏകദേശം രണ്ടു മണി ക്കൂറോളമെടുത്തു. മഴക്കാടുകള്‍ക്കിടയിലുടെ മലകയറിയുള്ള യാത്ര ഒരിക്കലും മറക്കാനാവാത്തതാണ്. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗൈഡ് ഒരു പെറുവിയന്‍ സുന്ദരി ഞങ്ങളുടെ പേരുകളെഴുതിയ പ്ലക്കാര്‍ഡും പിടിച്ചു കാത്തുനില്‍പ്പുണ്ടായിരുന്നു. പിന്നെ കുറച്ചു നേരം പച്ചയായ കാടിനുള്ളിലുടെയുള്ള ബസ് യാത്രയായിരുന്നു. ഉച്ചയോടെ ഞങ്ങള്‍ മാച്ചു പിക്ച്ചുവിലെത്തി സ്ഥലങ്ങള്‍ കാണാന്‍ തുടങ്ങി.

പിക്ച്ചു എന്നാല്‍ സ്പാനിഷ് ഭാഷയില്‍ പര്‍വതം എന്നര്‍ത്ഥം. മാച്ചു പിക്ച്ചു എന്ന പുരാതന നഗരം ആന്റിസ് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്നു. തെക്കേ അമേരിക്ക്കയിലെ ഏറ്റവും പ്രബലമായിരുന്ന ഇന്‍കാ സാമ്പ്രാജ്യത്തിന്റെ പ്രധാന പ്രതീകമായി അറിയപ്പെടുന്ന ഈ നഗരം 'ദി ലോസ്റ്റ് സിറ്റി ഓഫ് ദി ഇന്‍കാസ്' അഥവാ 'ഇന്കാസിന്റെ നഷ്ട നഗരം' എന്നാണ റിയപ്പെടുന്നത് . വളരെ അടുത്ത കാലത്ത്, അതായത് 1911 ലാണ് അമേരിക്കന്‍ പുരാവസ്തു ഗവേഷകനായ ഹിരം ബിന്ഗം മണ്മറഞ്ഞു പോയ ഈ നഗരം വീണ്ടും കണ്ടെടുക്കുന്നത്.

ഇന്‍കാ സാമ്പ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായോ, ആത്മീയ കേന്ദ്രമായോ, കൃഷി കേന്ദ്രമായോ ഒക്കെ കരുതപ്പെടുന്ന ഈ നഗരത്തിനു പ്രത്യേകതകള്‍ ഏറെയുണ്ട്. തലസ്ഥാനമായ കുസ്‌കോയില്‍ നിന്നും അകലെ പര്‍വതങ്ങള്‍ക്കു നടുവില്‍ ഉയരത്തിലായി ഇങ്ങനെയൊരു സ്വപ്ന നഗരി എന്തിനായിരുന്നു എന്ന് സാധരണക്കാരായ സന്ദര്‍ശകര്‍ പോലും ചിന്തിച്ചുപോകും. പ്രഭുക്കളും രാജവംശത്തില്‍പ്പെട്ടവരുമുള്‍പ്പെടെ ഒരേ സമയത്ത് 200 കുടുംബങ്ങളിലായി 700 ഓളം പേര്‍ ഇവിടെ താമസിച്ചിരുന്നു. മാച്ചു പിക്ച്ചു നഗരത്തിനെ രണ്ടുമുഖ്യ വിഭാഗങ്ങളായി തിരിക്കാവുന്നതാണ് - അര്‍ബന്‍ (സിറ്റി ) വിഭാഗവും കാര്‍ഷിക വിഭാഗവും.

ഈ നഗരം കാണുന്ന ഒരാള്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇതിന്റെ നിര്‍മാണ രീതിയാണ്. നിര്‍മാണത്തിന് പൊതുവേ നിശ്ചിത രൂപത്തില്‍ മുറിച്ചെടുത്ത കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും അമ്പലങ്ങള്‍ തുടങ്ങിയ എല്ലാ പ്രധാന നിര്‍മാണവും ക്ലാസിക്കല്‍ ഇനകാ ശില്‍പ്പകലാ സമ്പ്രദായമായ ആശ്ലര്‍ രീതിയിലാണ്. മിനുസ്സപ്പെടുത്തിയെടുത്ത കൂറ്റന്‍ കല്ലുകള്‍ (സാമാന്യം വലിയ കല്ലുകള്‍ക്ക് ഒരു അഞ്ചടിയോളം ഉയരവും വീതിയും കനവുമുണ്ടാവും ) സിമന്റോ ചാന്തോ ഇല്ലാതെ ചേര്‍ത്തുവച്ചുള്ള ഒരു പ്രത്യേക രീതിയാണത്. ഒട്ടും സഞ്ചാര യോഗ്യമാല്ലാതെ കിടന്നിരുന്ന ഈ മലകള്‍ക്ക് നടുവില്‍ ചക്രങ്ങളുടെയോ മറ്റു സങ്കേതങ്ങളുടെയോ സഹായമില്ലാതെ ഇത്തരം കല്ലുകളെത്തിച്ചു പണിതീര്‍ത്ത ഈ മഹാനഗരം എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. 100 കണക്കിനാളുകളെയാണ് മലന്ച്ചരിവുകളിലൂടെ ഈ കല്ലുകള്‍ നീക്കുവാനായി ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. കൃഷി ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന ചെറിയ വീടുകളും മറ്റും നിര്‍മിക്കാന്‍ സിമന്റും ചാന്തും ഉപയോഗിച്ചിരുന്നു. പെറു, പണ്ട് മുതല്‍ക്കേ ഭൂകമ്പങ്ങള്‍ക്ക് വളരെ സാധ്യതയുള്ള രാജ്യമായിരുന്നു. സിമന്റും ചാന്തും ഉപയോഗിക്കാത്ത നിര്‍മാണം കെട്ടിടങ്ങളെ ഭൂകമ്പങ്ങളെ അതിജീവിക്കുന്നതില്‍ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട്. ഭൂചലനങ്ങള്‍ ക്കൊപ്പം ഈ കല്ലുകള്‍ക്ക് കുറച്ചൊക്കെ സ്ഥാനചലനം സംഭവിക്കുമെങ്കിലും കല്ലുകള്‍ മുറിച്ചടുക്കുന്ന രീതി കാരണം അവ വീണ്ടും സ്വസ്ഥാനങ്ങളില്‍ പോയുറക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം കുസ്‌കോയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ ആകെ അതിജീവിച്ചത് ഇത്തരത്തില്‍ നിര്‍മിച്ച കെട്ടിടങ്ങളാ യിരുന്നു. ഭൂചലനങ്ങളെ അതിജീവിക്കുന്നതില്‍ ഇനകാ ചുമരുകള്‍ക്കൊപ്പം ഈ സങ്കേതത്തിന്റെ ഡിസൈനും സഹായിക്കുന്നുണ്ട്. വാതിലുകള്‍ക്കും ജനലുകള്‍ക്കും trapezoidal ആകൃതിയാണ്. അതോടൊപ്പം അവ താഴെനിന്നും മുകളിലേക്ക് ഉള്ളിലേക്ക് ചരിഞ്ഞിട്ടാണ്.

ഈ നഗരത്തില്‍ വീടുകള്‍ക്ക് പുറമേ അമ്പലങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി കൃഷിയാവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയ ചെറിയ കെട്ടിടങ്ങള്‍ വരെയുണ്ടായിരുന്നു. ഇവുടത്തെ ജലവിതരണ സമ്പ്രദായം എടുത്തു പറയേണ്ടതാണ്. മാച്ചുപിച്ക്ച്ചുവിലെത്തിച്ചെരാന്‍ ഇന്‍കാസ് 'ഇനകാ ട്രയല്‍ ' എന്ന ഒരു റോഡ് സിസ്റ്റവും ഉണ്ടാക്കിയിട്ടുണ്ട്. കുസ്‌കോയിലെത്തുന്ന സഞ്ചാരികളില്‍ നൂറുകണക്കിനാളുകള്‍ 'ഉറുബാമ്പ ' താഴ്വരയില്‍ നിന്നും ഇനകാ ട്രയല്‍ വഴി മൂന്നു നാല് ദിവസം ആന്റീസ് പര്‍വതനിരകളിലൂടെ നടന്നു മാച്ചുപിച്കുവില്‍ എത്തുന്നുണ്ട്.

നേരത്തെ പറഞ്ഞ 'അര്‍ബന്‍ (urban)' സെക്ടര്‍, ദി സേക്രഡ് ഡിസ്ട്രിക്ട്, ദി പോപ്പുലര്‍ ഡിസ്ട്രിക്ട്, ദി ഡിസ്ട്രിക്ട് ഓഫ് ദി പ്രീസ്‌റ്‌സ് ആന്‍ഡ് ദി നോബിളിറ്റി എന്ന മൂന്നു ഡിസ്ട്രിക്റ്റുകള്‍ ചേര്‍ന്നതാണ് . 'intihuatana ', 'ടെംപിള്‍ ഓഫ് ദി സണ്‍ ', 'റൂം ഓഫ് ത്രീ വിന്‍ഡോസ് ' എന്നിവയാണ് സേക്രഡ് ഡിസ്ട്രിക്ടിലെ പ്രധാന കെട്ടിടങ്ങള്‍. ഇന്റി എന്നത് ഇന്‍കാ ജനതയുടെ ഏറ്റവും പ്രിയ ദൈവമായ സുര്യ ദേവനാണ്. പോപ്പുലര്‍ ഡിസ്ട്രിക്ട് എന്നത് സാധാരണക്കാരന്റെ വാസസ്ഥലമാണ്, ഇവിടെ കൊച്ചു കൊച്ചു വീടുകള്‍ ഞങ്ങള്‍ കണ്ടു. മൂന്നാമത്തെ ഡിസ്ട്രിക്റ്റ് സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ക്കു വേണ്ടിയുള്ളതാണ്. രാജാവും രാണിമാരും, പ്രഭുക്കളും പുരോഹിതന്മാരും ഇവിടെയാണ് വാണിരുന്നത്. രാജാവിന്റെയും റാണിയുടേയും കിടപ്പറയും ഞങ്ങള്‍ കണ്ടു. ഇന്‍ കാ രാജാവും റാണിയും തറയിലായിരുന്നു കിടന്നിരുന്നതെന്നത് ഞങ്ങളില്‍ കൌതുകമുണര്‍ത്തി.

ഇവിടം ശരിക്കൊന്നു കാണണമെങ്കില്‍ ഒരു ദിവസം കൂടി വേണ്ടി വരും. എന്നാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ചു പിറ്റേന്ന് കുസ്‌കോ സിറ്റി കാണെ ണ്ടതിനാല്‍ ഞങ്ങള്‍ വൈകുന്നേരത്തെ ട്രെയിനില്‍ തന്നെ മടങ്ങിയെത്തി.

പതിനഞ്ചാം ശതകത്തിന്റെ മധ്യത്തില്‍ പണിതതാണ് മാച്ചു പിക്ച്ചു. എന്നാല്‍ ഒരു നൂറു വര്‍ഷം മാത്രമേ ഈ അത്ഭുത നഗരത്തില്‍ ആള്‍പ്പാര്‍പ്പുണ്ടായിരുന്നുള്ളു. അതിനു ശേഷം ഈ സ്ഥലം ഏതൊക്കെയോ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടു. പതിനാറാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം ഉണ്ടായ സ്പാനിഷ് അധിനിവേശം ഈ നഗരത്തിന്റെ നാശത്തിനു കാരണമായി ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ സ്പാനിഷ് എത്തുന്നതിനു മുന്‍പ് തന്നെ മസ്സൂരി രോഗം പിടിപെട്ടു ഈ നഗര വാസികള്‍ മരിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട്. മാത്രമല്ല ഏകദേശം 150 -ഓളം വരുമായിരുന്ന സ്പാനിഷ് അധിനിവേസസേനക്ക് പര്‍വതനിരകള്‍ താണ്ടി അവിടെയെത്തി ഇനകാ നഗരിയെ ചെറുക്കാന്‍ ഒട്ടും തന്നെ സാധ്യമാവുമായിരുന്നില്ലത്രേ. എന്നാലും സ്പാനിഷ് സേന വിതറിയ മസ്സുരി വിത്തുകളാണ് മാച്ചുപിക്ച്ചുവിലെ ഇനകാ ജനതയെ കൊന്നോടുക്കിയതെന്ന കണ്ടുപിടുത്തത്തിനും സാധ്യതയില്ലാതില്ല. അങ്ങനെയെങ്കില്‍ ശത്രുവിനെ കീഴ്‌പെടുത്താന്‍ ജൈവായുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത് ഇവിടെയാണ്.
മാച്ചു പിക്ച്ചു - ആകാശങ്ങള്‍ക്കും ഭൂമിക്കുമിടയിലായൊരു സ്വപ്നനഗരി (അനിലാല്‍ ശ്രീനിവാസന്‍)മാച്ചു പിക്ച്ചു - ആകാശങ്ങള്‍ക്കും ഭൂമിക്കുമിടയിലായൊരു സ്വപ്നനഗരി (അനിലാല്‍ ശ്രീനിവാസന്‍)മാച്ചു പിക്ച്ചു - ആകാശങ്ങള്‍ക്കും ഭൂമിക്കുമിടയിലായൊരു സ്വപ്നനഗരി (അനിലാല്‍ ശ്രീനിവാസന്‍)മാച്ചു പിക്ച്ചു - ആകാശങ്ങള്‍ക്കും ഭൂമിക്കുമിടയിലായൊരു സ്വപ്നനഗരി (അനിലാല്‍ ശ്രീനിവാസന്‍)മാച്ചു പിക്ച്ചു - ആകാശങ്ങള്‍ക്കും ഭൂമിക്കുമിടയിലായൊരു സ്വപ്നനഗരി (അനിലാല്‍ ശ്രീനിവാസന്‍)മാച്ചു പിക്ച്ചു - ആകാശങ്ങള്‍ക്കും ഭൂമിക്കുമിടയിലായൊരു സ്വപ്നനഗരി (അനിലാല്‍ ശ്രീനിവാസന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക