Image

ജസ്‌നയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം; വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക്‌ 5 ലക്ഷം രൂപ

Published on 27 May, 2018
ജസ്‌നയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം; വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക്‌ 5 ലക്ഷം രൂപ

തിരുവനന്തപുരം: കോട്ടയം മുക്കൂട്ടുതറ സ്വദേശിനി ജസ്‌ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ ഡിജിപിയുടെ ഉത്തരവ്‌. ഐജി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ്‌ ഇനി കേസന്വേഷിക്കുക. ജസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ 5 ലക്ഷം രൂപ പാരിതോഷികവും പൊലീസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

കാഞ്ഞിരപ്പിള്ളി എസ്‌ ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട്‌ 66 ദിവസം പിന്നിട്ടു. പൊലീസ്‌ നടത്തി അന്വേഷണത്തില്‍ ഇതുവരെ ജസ്‌നയെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചിരുന്നില്ല. ജസ്‌നയെ കാണാതായ മാര്‍ച്ച്‌ 22ന്‌ എരുമേലി പൊലീസിലും തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും ജസ്‌നയുടെ പിതാവ്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ നാലാം ദിവസം മാത്രമാണ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌. അന്വേഷണം വഴിമുട്ടിയതോടെ പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെ 47ാം ദിവസമാണ്‌ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്‌. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്‌ച കെട്ടുകഥകള്‍ക്ക്‌ പിന്നാലെ ബംഗ്ലൂരുവില്‍ അലഞ്ഞതല്ലാതെ ഫലമുണ്ടായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക