Image

വിഘടനവാദിയെന്ന്‌ ആരോപിക്കപ്പെട്ട്‌ ജയിലിലായ ഷാബിര്‍ ഷായുടെ മകള്‍ക്ക്‌ സി.ബി.എസ്‌.സി പ്ലസ്‌ ടുവില്‍ ഒന്നാം റാങ്ക്‌

Published on 27 May, 2018
വിഘടനവാദിയെന്ന്‌ ആരോപിക്കപ്പെട്ട്‌ ജയിലിലായ ഷാബിര്‍ ഷായുടെ മകള്‍ക്ക്‌ സി.ബി.എസ്‌.സി പ്ലസ്‌ ടുവില്‍ ഒന്നാം റാങ്ക്‌


കാശ്‌മീര്‍: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ പണമിടപാട്‌ നടത്തിയെന്ന ആരോപണം നേരിട്ട്‌ തീഹാര്‍ ജയിലില്‍ കഴിയുന്ന ഷാബിര്‍ അഹമ്മദ്‌ ഷായുടെ മകള്‍ സാമയ്‌ക്ക്‌ സി.ബി.എസ്‌.സി പ്ലസ്‌ ടു പരീക്ഷയില്‍ സംസ്ഥാനത്ത്‌ ഒന്നാം റാങ്ക്‌. ശ്രീനഗറിലെ ദല്‍ഹി പബ്ലിക്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്‌ സാമ. 97.8 ശതമാനമാണ്‌ സാമയുടെ സ്‌കോര്‍.

മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി സാമയ്‌ക്ക്‌ അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തെ യുവതയ്‌ക്ക്‌ സാമ പ്രചോദനമാണെന്നും മുഫ്‌തി പറഞ്ഞു. '97.8 ശതമാനം മാര്‍ക്ക്‌ നേടി ജയിച്ച സാമയ്‌ക്ക്‌ അഭിനന്ദനങ്ങള്‍. അവളുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ സഹായിച്ചു. സംസ്ഥാനത്തെ എല്ലാ യുവതയ്‌ക്കും സാമ മാതൃകയാണ്‌'- മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി നയീം അക്തറും ട്വിറ്ററില്‍ സാമയ്‌ക്ക്‌ അഭിനന്ദനം അറിയിച്ചിട്ടുണ്ട്‌. `നമ്മുടെ എല്ലാ കുട്ടികള്‍ക്കുമുള്ള പ്രചോദനമാണിത്‌. വിദ്യാഭ്യാസവും മിടുക്കുമാണ്‌ നമ്മുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. അഭിനന്ദനങ്ങള്‍.' അക്തര്‍ ട്വീറ്റ്‌ ചെയ്‌തു.

തന്റെ പിതാവാണ്‌ തനിക്ക്‌ പ്രചോദനമെന്നും അദ്ദേഹമാണ്‌ തനിക്ക്‌ മാതൃകയെന്നും സാമ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട്‌ പറഞ്ഞു. `എന്റെ ഉപ്പയെ ഓര്‍ത്ത്‌ എനിക്ക്‌ അഭിമാനമുണ്ട്‌. അദ്ദേഹം 31 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ഈ ഒരു വര്‍ഷം എന്റെ പഠനത്തെ ബാധിക്കുകയില്ല.' സാമ പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക