Image

ഭീതിയൊഴിഞ്ഞ് സലാല, മെകുനു സൗദി തീരത്തേയ്ക്ക്

Published on 27 May, 2018
ഭീതിയൊഴിഞ്ഞ് സലാല, മെകുനു സൗദി തീരത്തേയ്ക്ക്

മസ്‌കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റിന്റെ ഭീതിയില്‍ നിന്ന് സലാല വിമുക്തമായി. വെള്ളിയാഴ്ച അര്‍ധരാത്രി കനത്ത ആള്‍നാശമുള്‍പ്പെടെ ഉണ്ടാക്കുമെന്ന് ഭയപ്പെട്ടിരുന്ന മെകുനു ശക്തി കുറഞ്ഞ് സൗദി അറേബ്യന്‍ തീരത്തേക്ക് കടന്നുപോയി. 

എന്നാല്‍ ദോഫാര്‍, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ അടുത്ത പന്ത്രണ്ടു മണിക്കൂറില്‍ കനത്ത മഴയ്ക്കും തീവ്രത കുറഞ്ഞ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ പറഞ്ഞു.

ചുഴലിക്കാറ്റിലും കനത്ത മഴയിലും ഇതുവരെ മൂന്നു പേരാണ് മരിച്ചത്. ഒരാള്‍ ഏഷ്യന്‍ വംശജനും മറ്റു രണ്ടുപേര്‍ സ്വദേശികളുമാണ്. റോയല്‍ ഒമാന്‍ പോലീസിലെ പബ്ലിക് റിലേഷന്‍ വകുപ്പിലെ ക്യാപ്റ്റന്‍ താരിഖ് അല്‍ ഷന്‍ഫാരി മരണം സ്ഥിരീകരിച്ചു.

റോഡുകള്‍ക്കു പുറമെ നൂറു കണക്കിന് വാഹനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും ആടുമാടുകള്‍ക്കും കനത്ത നാശമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്. രക്ഷാ പ്രവര്‍ത്തകര്‍ സലാല സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം സ്വദേശി കുടുംബത്തിലെ ആറ് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെ രക്ഷപ്പെടുത്തി. മറ്റൊരു സ്ഥലത്ത് നിന്നും ടുണീഷ്യന്‍ കുടുംബത്തിലെ ആറ് പേരെയും സൈനിക വിഭാഗം രക്ഷപ്പെടുത്തി. താഖയില്‍ നിന്നാണ് മറ്റു രണ്ട് പേരെ രക്ഷപ്പെടുത്തിയത്.

സിവില്‍ ഡിഫന്‍സിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും വിവിധ ഷെല്‍ട്ടറുകളാണ് വെള്ളിയാഴ്ച തുറന്നത്. കൂടുതല്‍ പേരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി തന്നെ നിരവധി പേരെ മാറ്റിയിരുന്നു. വെള്ളിയാഴ്ച പകല്‍ വെള്ളം കയറിയതും തകര്‍ന്നതുമായ വീടുകളില്‍ കഴിഞ്ഞവരെയും മാറ്റി താമസിപ്പിച്ചു. ഇവര്‍ക്കു വേണ്ട ആവശ്യ സാധനങ്ങള്‍ പോലീസ് എത്തി വിതരണം ചെയ്തു. ആയിരക്കണക്കിന് പേരെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദിന്റെ നിര്‍ദേശ പ്രകാരം സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സേനകളും മെകുനുവിനെ നേരിടാന്‍ വലിയ മുന്നൊരുക്കമാണ് നടത്തിയത്. അധികൃതരുടെ ജാഗ്രത 50,000 വരുന്ന മേഖലയില്‍ താമസിക്കുന്ന മലയാളി സമൂഹമുള്‍പ്പെടെ നന്ദിയോടെയാണ് സ്മരിക്കുന്നത്. വെള്ളിയാഴ്ച ആളുകള്‍ വീട്ടില്‍ തന്നെ ഭീതിയില്‍ കഴിയുന്ന അവസ്ഥയായിരുന്നു. പുറത്തിറങ്ങരുതെന്ന് അധികൃതരുടെ കര്‍ശനമായ നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാസലാത് ബസ് കന്പനി സലാലക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു.

രണ്ടു ദിവസമായി അടച്ചിട്ടിരുന്ന സലാലാ വിമാനത്താവളം വെള്ളിയാഴ്ച രാത്രിയോടെ തുറന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്‍പ്പെടെ പോകുന്ന വിമാനങ്ങള്‍ ഒമാന്റെ വ്യോമയാന മേഖലയാണ് ഉപയോഗിക്കുന്നത്.പ്രതികൂല കാലാവസ്ഥ മൂലം സര്‍വീസുകള്‍ ഗതിമാറ്റിവിടുകയാണ്.

ഇതിനിടയില്‍ മെകുനു ചുഴലിക്കാറ്റിന്റെ കെടുതികളുടെ തെറ്റായ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് റോയല്‍ ഒമാന്‍ പോലീസ് പത്രകുറിപ്പില്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ 3,000 ഒമാനി റിയാല്‍ പിഴയും (5.25 ലക്ഷം രൂപ) മൂന്നുവര്‍ഷം തടവും ശിക്ഷ ലഭിക്കും. 

ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുന്ന തരത്തില്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. മറ്റു രാജ്യങ്ങളില്‍ മുന്പുണ്ടായ കൊടുങ്കാറ്റിന്റെ ചിത്രങ്ങളും വീഡിയോകളും വരെയാണ് സലാലയിലേതെന്ന പേരില്‍ പ്രചരിപ്പിച്ചത്.

ദല്‍ക്കൂത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റര്‍. സദാഹ് (76.4 മില്ലിമീറ്റര്‍), മിര്‍ബാത്ത് (55.6 മില്ലിമീറ്റര്‍), സലാല തുറമുഖം (47.8) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പെയ്ത മഴയുടെ അളവ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക