Image

ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Published on 28 May, 2018
ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
കൊല്ലം/കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോട്ടയം കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിന്റെ(26) മൃതദേഹമാണ് പുനലൂര്‍ ചാലിയേക്കര പുഴയില്‍ നിന്ന് കണ്ടെത്തിയത്. നാട്ടുകാരാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് മൂന്നു കാറുകളിലായി എത്തിയ സംഘം കെവിനെ തട്ടിക്കൊണ്ടു പോയത്. കെവിനൊപ്പം ബന്ധു മാന്നാനം കളമ്പാട്ടുചിറ അനീഷിനേയും ഇവര്‍ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് ഇയാളെ വഴിയില്‍ ഉപേക്ഷിച്ചു. കെവിന്റെ ഭാര്യ കൊല്ലം തെന്‍മല ഷനുഭവനില്‍ നീനു (20) വിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.തന്റെ സഹോദരനും സംഘവുമാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു നീനുവിന്റെ പരാതി.
സഹോദരന്‍ അടുത്തിടെയാണ് വിദേശത്തുനിന്ന് വന്നത്. ഇവര്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനങ്ങളിലൊന്ന് തെന്മല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കോട്ടയത്തിന് സമീപമുള്ള കോളേജില്‍ ബിരുദവിദ്യാര്‍ഥിനിയായിരുന്നു നീനു. 24ന് പരീക്ഷാവിവരം അറിയാനാണ് നീനു കോട്ടയത്തെത്തിയത്. വൈകീട്ട് 7.30ന് നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചു. വീട്ടുകാര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല. നീനുവിന്റെ ബന്ധുക്കള്‍ 25നു ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി.

വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിനെ കാണിച്ചെന്ന് കെവിന്റെ ബന്ധുക്കള്‍ പറഞ്ഞു. കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചിട്ടും അത് പരിഗണിക്കാതെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിച്ചെന്നും അവര്‍ ആരോപിച്ചു.

നീനു പ്രതിഷേധിച്ചപ്പോഴാണ് കെവിനൊപ്പം പോകാന്‍ പോലീസ് സമ്മതിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് നീനു മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോസ്റ്റലിലേക്കും കെവിന്‍ അനീഷിന്റെ വീട്ടിലേക്കും പോയി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു കാറുകളിലായി എത്തിയവര്‍ അനീഷിന്റെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് ഇരുവരെയും വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇരുവരെയും മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു

ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചവരാണ്. 
നീനു റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും പിന്നാക്ക വിഭാഗത്തില്‍പെട്ട കുടുംബമാണെന്ന ചിന്തയുമാണ് ബന്ധത്തോടുള്ള എതിര്‍പ്പിനും തുടര്‍ന്നുള്ള കുറ്റകൃത്യത്തിനും നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. 

കെവിന്റെ മൃതദേഹത്തിന് മുന്നിലും സംഘര്‍ഷം. 

മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒയുടെയോ കളക്ടറുടെയോ സാന്നിധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. തഹസില്‍ദാരുടെ നേതൃത്വത്തില്‍ തന്നെ ഇന്‍ക്വസ്റ്റ് നടക്കട്ടെ എന്ന വാദമായിരുന്ന സിപിഎമ്മുകാര്‍ ഉയര്‍ത്തിയത്. ഈ തര്‍ക്കത്തിനിടെയാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

പുനലൂരിന് പത്ത് കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച യുവാവിന്റെ മൃതദേഹം രാവിലെ മുതല്‍ തോട്ടുവക്കില്‍ കിടത്തിയിരിക്കുകയാണ്. കനത്ത മഴയും പ്രദേശത്തുണ്ട്. സംസ്ഥാനം മുഴുവന്‍ പ്രതിഷേധം ഉയരുന്പോഴും മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പോലും തുടങ്ങാന്‍ വൈകുകയാണ്. വലിയ പോലീസ് സാന്നിധ്യവും പ്രദേശത്തുണ്ട്. കെവിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക


സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയില്‍ യൂ.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍.

ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയാണ് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണി എന്നിവരാണ് ഉപരോധത്തിന് നേതൃത്വം കൊടുക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ്സിനെ കൂടാതെ യുവമോര്‍ച്ച, സി.എസ്.ഡി.എസ്, എ.ഐ.വൈ.എഫ്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി സ്റ്റേഷന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം തെന്മലയില്‍ നിന്ന് 20 കി.മി അകലെനിന്ന്് കണ്ടെത്തിയത്. കണ്ണിനും തലയ്ക്കുമടക്കം നിരവധി പരിക്കുകള്‍ കെവിന്റെ ശരീരത്തിലുണ്ട്.

വധു കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോ(20)യുടെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് കെവിനെ വീടുകയറി അക്രമിച്ച് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ തന്റെ സഹോദരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.

അതേസമയം പരാതിയെ ഗൗരവമായി കാണാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം മടങ്ങിയ ശേഷം അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.

എസ്പിക്കും എസ്.ഐയ്ക്കുമെതിരെ നടപടി

സംഭവത്തില്‍ എസ്പിക്കും എസ്.ഐയ്ക്കുമെതിരെ നടപടി. എസ്.പി വി.എം.മുഹമ്മദ് റഫീക്കിനെ സ്ഥലംമാറ്റി. കെവിന്റ ഭാര്യ നീനുവിന്റെ പരാതി ലഭിച്ചിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐ എം.ആര്‍.ഷിബുവിനേയും എ.എസ്.ഐ സണ്ണിയെയും നേരത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ വകുപ്പു തല അന്വേഷണം നടത്തും.
സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ജിയോട് നിര്‍ദ്ദേശിച്ചതായും ബെഹ്റ വ്യക്തമാക്കി

തന്റെ യാത്രയുമായി കെവിന്റെ മരണവുമായി നടന്ന പ്രശ്നത്തെ ഒരുതരത്തിലും ബന്ധിപ്പിക്കേണ്ടതില്ല, മുഖ്യമന്ത്രി


നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുമായി
ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരണമെന്ന് ഡിജിപിയോട് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കോട്ടയത്തും കൊല്ലത്തുമായി ക്രൈം ബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും ഈരണ്ട് ടീമുകള്‍ പ്രതികളെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.അന്വേഷണത്തിനായി സ്പെഷ്യല്‍ ടീമിനെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വലിയ താമസമില്ലാതെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ടാണ് ഈ കൊലപാതകം നടന്നതെന്നാണ് ഏഷ്യാനെറ്റിന്റെ കണ്ടുപിടിത്തം.അത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. പൊലീസ് കാണിക്കേണ്ട ജാഗ്രത ഇത്തരം കാര്യങ്ങളില്‍ കാണിക്കുക തന്നെ വേണം. അതില്‍ മുഖ്യമന്ത്രിക്കുള്ള യാത്രയോ മുഖ്യമന്ത്രിയുടെ സുരക്ഷയോ ഒരു പ്രശ്നമായി വരുന്നില്ല.

സുരക്ഷ കാര്യങ്ങള്‍ ഒരുക്കുന്നത് അതുമായി ബന്ധപ്പെട്ട പ്രത്യേക ടീമാണ്. അല്ലാതെ എസ്ഐയോ മറ്റാരെങ്കിലുമോ അല്ല. മുഖ്യമന്ത്രിയുടെ യാത്രയുമായി ഈ പ്രശ്നത്തെ ഒരുതരത്തിലും ബന്ധിപ്പിക്കേണ്ടതില്ല. പൊലീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടായാല്‍ അത്തരം പരാതികള്‍ സംബന്ധിച്ച് അതീവ ഗൗരവമായി അന്വേഷിക്കുകയാണ്. കര്‍ക്കശ നടപടിയും ഇക്കാര്യത്തില്‍ സ്വീകരിച്ചുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക