Image

പ്രേമത്തെ മുക്കിക്കൊല്ലുമ്പോള്‍ (മുരളി തുമ്മാരുകുടി)

Published on 28 May, 2018
പ്രേമത്തെ മുക്കിക്കൊല്ലുമ്പോള്‍ (മുരളി തുമ്മാരുകുടി)
പ്രേമിച്ച് വിവാഹം കഴിച്ച യുവാവിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് യുവാവിന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തിയെന്നുമുള്ള വാര്‍ത്തയാണ് ജനീവയില്‍ വിമാനമിറങ്ങിയ എന്നെ വരവേറ്റത്. എന്റെ ആദ്യത്തെ ചിന്ത മുഴുവന്‍ ആ പെണ്‍കുട്ടിയെ പറ്റിയും ആ യുവാവിന്റെ കുടുംബത്തെ പറ്റിയും ആയിരുന്നു. ഇത്രമാത്രം അതിക്രമം നടത്തുന്ന ബന്ധുക്കളാണ് കുട്ടിക്ക് ഉള്ളതെങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോരുന്നതിന് മുന്‍പ് എന്തൊക്കെ ആ കുട്ടി അനുഭവിച്ചു കാണും ?. മരിക്കുന്നതിന് മുന്‍പ് എന്തൊക്കെ ആ യുവാവ് നേരിടേണ്ടി വന്നു ?. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും എത്ര ദുരിതപൂര്‍ണ്ണം ആയ ജീവിതം ആണ് ആ കുട്ടിക്ക് ഇനി ഉണ്ടാവാന്‍ പോകുന്നത്. ഇതൊക്കെ തരണം ചെയ്യാനുള്ള ശക്തി ഉണ്ടാകട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു. ഈ അക്രമികളെ ഏറ്റവും വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, പരമാവധി ശിക്ഷ കൊടുക്കണം, പറ്റിയാല്‍ പതിറ്റാണ്ടുകളോളം ജയിലിന് പുറം ലോകം കാണുകയും അരുത്. പോലീസിന്റെ തുടക്കത്തിലുള്ള ഇടപെടല്‍ കാണുമ്പോള്‍ കഷ്ടം തോന്നുന്നു. എത്ര ലാഘവത്തോടെ ആണ് പ്രശ്‌നത്തില്‍ ഇടപെട്ടത്, കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇവരൊക്കെ വിചാരിച്ചാല്‍ സാധിക്കുമോ ?. ഇനിമുതല്‍ പ്രേമ വിവാഹം ചെയ്യുന്നവര്‍ സ്വന്തം സംരക്ഷണത്തിന് ക്വോട്ടേഷന്‍ ഗാങിനെ വക്കാന്‍ തീരുമാനിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ ?

പക്ഷെ ഇതൊരു വ്യക്തിയുടെ കാര്യം മാത്രമല്ലല്ലോ. പ്രേമ വിവാഹത്തിന്റെ പേരില്‍ ബന്ധുക്കള്‍ കുട്ടികളെ കൊല്ലുന്ന സംഭവം ആദ്യമായിട്ടല്ല നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നത്. ഈ വര്‍ഷം പകുതിയാകുന്നതിന് മുന്‍പ് തന്നെ ഇത് രണ്ടാമത്തെ ആണ്. ഇതാകട്ടെ അവസാനത്തേതും അല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഇതിനൊരറുതി വരണം. ലോകം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എത്തിയതും ലോകത്തിലെ ബഹുഭൂരിപക്ഷം യുവാക്കളും യുവതികളും സ്വന്തം പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തുകയാണെന്നും ഒക്കെ ഉള്ള കാര്യം ഇവരൊന്നും അറിഞ്ഞിട്ടില്ലേ? നൂറു വര്‍ഷം മുന്‍പ് പോലും അറേന്‍ജ്ഡ് വിവാഹങ്ങള്‍ ധാരാളമുണ്ടായിരുന്ന ചൈനയില്‍, സ്ത്രീകളും പുരുഷന്മാരും വിവാഹത്തിന് മുന്‍പ് പരിചയപ്പെടാന്‍ ഏറെ നിയന്ത്രണങ്ങള്‍ ഇപ്പോഴും ഉള്ള മധ്യേഷ്യയില്‍, വിദ്യാഭ്യാസപരമായി കേരളത്തേക്കാള്‍ പിന്നോട്ട് നില്‍ക്കുന്ന ആഫ്രിക്കയില്‍, എല്ലാം യുവാക്കള്‍ സ്വന്തം പങ്കാളിയെ കണ്ടുപിടിക്കുന്നതിലേക്ക് കാലം മാറിക്കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും 'അറേന്‍ജ്ഡ് മാര്യേജ്' എന്ന സാമൂഹിക അനാചാരത്തെപ്പറ്റി അവിടുത്തെ കുട്ടികള്‍ പുസ്തകത്തില്‍ വായിക്കുന്നതേ ഉള്ളൂ. എന്നിട്ടും നമ്മള്‍ ഇപ്പോഴും ജാതിയും മതവും ജാതകവും നോക്കി വിവാഹം കഴിക്കുന്നു എന്നത് പോകട്ടെ, എല്ലാ തരത്തിലും യോജിച്ചതാണെങ്കില്‍ പോലും കുട്ടികള്‍ സ്വയം തീരുമാനമെടുത്തു എന്ന ഒറ്റ കാരണത്താല്‍ അവരെ വെട്ടിക്കൊല്ലുന്നു. ഏത് നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്, ഏതു നൂറ്റാണ്ടിലേക്കാണ് നാം പുരോഗമിക്കുന്നത് ?

മൂന്നു കാര്യങ്ങളാണ് ഈ അവസരത്തില്‍ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്.

1. പ്രായപൂര്‍ത്തിയായ കുട്ടികള്‍ സ്വയം പങ്കാളിയെ കണ്ടെത്തുന്നത് ഒരു 'തെറ്റായി' നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോഴും വിശ്വസിക്കുന്നു. മകളെ കൊല്ലുന്നവരും സഹോദരിയുടെ ഭര്‍ത്താവിനെ മരണത്തിലേക്ക് തള്ളിവിടുന്നവരും കുറവായിരിക്കും. എന്നാല്‍ പ്രേമിച്ച് വിവാഹിതരാകാന്‍ ശ്രമിക്കുന്നവരെ കുറ്റപ്പെടുത്തുന്നവരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവരും ഏറെയുണ്ട്. ഇന്നും, ഈ ദിവസവും കേരളത്തില്‍ എത്രയോ വീടുകളില്‍ ഇത്തരം പീഢനങ്ങള്‍ നടക്കുന്നുണ്ടാകും. ഇതും അവസാനിക്കണം. ഈ മരണത്തിന് അത്രെയെങ്കിലും മാറ്റം ഉണ്ടാക്കാന്‍ കഴിയണം. രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടോ പത്തു പേരെ കുറച്ചു നാള്‍ ജയിലിലിട്ടതുകൊണ്ടോ ഈ സംഭവം അവസാനിച്ചാല്‍ അതാണ് യഥാര്‍ത്ഥ ദുരന്തം.

2. ഓരോ മരണവും കഴിയുമ്പോള്‍ കൊലയെ ന്യായീകരിച്ചു മക്കളെ 'വളര്‍ത്തി വലുതാക്കി' എന്ന സെന്റിമെന്റ് പറഞ്ഞ് പിന്തുണക്കുന്നവര്‍ ഏറെയുണ്ട്, ഇത്തവണയും ഉണ്ടാകും. ഇത് ശുദ്ധ ഭോഷ്‌കാണ്. യഥാര്‍ത്ഥത്തില്‍ വളര്‍ത്തി വലുതാക്കുക എന്നാല്‍ സ്വന്തം കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് അര്‍ത്ഥം. അല്ലാതെ മാടിനെ പോലെ തീറ്റ കൊടുത്തു വളര്‍ത്തി വേണ്ട വലുപ്പം ആകുമ്പോള്‍ ഉടമസ്ഥന് തോന്നുന്നത് പോലെ വില്‍ക്കുകയോ കൊല്ലുകയോ വളര്‍ത്തുകയോ ചെയ്യുക എന്നതല്ല. കുട്ടികളെ സ്വന്തം തീരുമാനം എടുക്കാന്‍ കഴിവില്ലാതെ വളര്‍ത്തുന്നവരും കുട്ടികളുടെ തീരുമാനം അംഗീകരിക്കക്കാന്‍ സാധിക്കാത്തവരും കുട്ടികളെ വളര്‍ത്തിയിട്ടേ ഉള്ളു, വലുതാക്കിയിട്ടില്ല.

3. വിവാഹം കഴിച്ചതിനു ശേഷമോ വിവാഹം കഴിക്കാനോ സംരക്ഷണം ആവശ്യപ്പെടുന്നവരെ 'നല്ല കുട്ടികളായി' മാതാപിതാക്കളുടെ കൂടെ പറഞ്ഞുവിടാന്‍ ശ്രമിക്കുന്ന പോലീസുകാര്‍ ഇപ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നു. ഇതില്‍ അതിശയമില്ല. കാരണം പൊതുസമൂഹത്തിന്റെ പരിച്ഛേദമാണല്ലോ പോലീസ്. എന്നാല്‍ പൊതുസമൂഹത്തിന്റെ സദാചാര ചിന്തകള്‍ നടപ്പാക്കുകയല്ല പോലീസിന്റെ കടമ, ഈ നാട്ടിലെ നിയമം നടപ്പിലാക്കുകയാണ്. പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് ജീവിക്കാന്‍ അര്‍ഹതയുണ്ടെന്ന് നിയമവും കോടതികളും എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു. അപ്പോള്‍ മാതാപിതാക്കളുടെ കൂടെ പോകണമെന്ന് പറയാന്‍ പൊലീസിന് ഒരു അധികാരവുമില്ല.

ഒരു കാര്യം നാം അറിയണം. കേരളം ലോകത്തിന്റെ ഭാഗം തന്നെയാണ്. നമ്മുടെ കുട്ടികള്‍ വിദ്യാഭ്യാസം കഴിഞ്ഞു ലോകം എങ്ങും പോയി ജീവിക്കുകയാണ്. ലോകത്തെങ്ങും നടക്കുന്ന കാര്യങ്ങള്‍ കേരളത്തില്‍ ഇരുന്നേ അവര്‍ അറിയുന്നുണ്ട്. അങ്ങനെ നമ്മുടെ സമൂഹം മാറുകയാണ്, കുട്ടികളും. കൂടുതല്‍ കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ കണ്ടുപിടിക്കുന്നുവെങ്കില്‍ അതൊരു വലിയ സാമൂഹ്യ പുരോഗതിയായി കരുതാതെ അതിനെതിര് നില്‍ക്കുന്നത് തെറ്റായ പ്രവണതയാണ്. മാതാപിതാക്കള്‍ ജാതിയും മതവും ജാതകവും നോക്കി ഇണയെ കണ്ടെത്തുന്ന രീതി അമ്പത് വര്‍ഷത്തില്‍ കൂടുതല്‍ ലോകത്തൊരിടത്തും നിലനില്‍ക്കില്ല. അങ്ങനൊരു ലോകത്ത് സാംസ്‌കാരിക ദിനോസറുകളായി ജീവിക്കണോ എന്ന് ഓരോ കുടുംബവും തീരുമാനിക്കണം. എന്നാല്‍ ഇക്കാര്യം ഒരു കുടുംബ വിഷയം മാത്രമല്ല. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരെ അതിന് അനുവദിക്കേണ്ടത് പൗര ധര്‍മ്മമാണ്. അത് അറിയാത്തവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം. എതിര് നില്‍ക്കുന്നവര്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും.

ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവും അസ്വസ്ഥമാകുന്നത് ജാതിയും മതവും ഒക്കെ ആണ്. കാരണം അപ്പോള്‍ കുട്ടികള്‍ ജാതിക്കും മതത്തിനും ഒക്കെ അതീതമായി പങ്കാളികളെ തിരഞ്ഞെടുത്താല്‍ പിന്നെ ഏറെ നാള്‍ ജാതിയും മതവും ഒന്നും ഉണ്ടാവില്ല. അപ്പോള്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കി അതിന്റെ ചിലവില്‍ ജീവിക്കുന്നവരുടെ കഞ്ഞികുടി മുട്ടും. അതൊഴിവാക്കാനാണ് 'സമുദായം' എന്നും 'കുടുംബമഹിമ' എന്നും ഒക്കെപ്പറഞ്ഞു പ്രേമവിവാഹങ്ങള്‍ക്ക് തടയിടാന്‍ നോക്കുന്നത്. അക്രമം ഒന്നും പലപ്പോഴും നേതൃത്വം അണികളോട് പറഞ്ഞു ചെയ്യിക്കുന്നതല്ല. തലമുറകളായി അവരുടെ ചിന്തകളിലേക്ക് ഇത്തരം ജാതി മത ബോധങ്ങള്‍ കുത്തിക്കയറ്റിയിരിക്കയാണ്. അതിന് വേണ്ടി മക്കളെ കൊല്ലാനും ബന്ധുക്കളെ കൊല്ലിക്കാനും പറ്റുന്ന തരത്തില്‍ അന്ധവും ആഴത്തിലുള്ളതും ആണ് ഇത്തരം മിഥ്യാവിശ്വാസങ്ങള്‍.

ജാതി മത എസ്ടാബ്ലിഷ്മെന്റുകളോട് അധികം മമത കാണിക്കാത്ത ഒരു സര്‍ക്കാര്‍ ആണ് നമുക്ക് ഇപ്പോള്‍ ഉളളത്. അത് കൊണ്ട് തന്നെ അവര്‍ ഈ മരണം ഈ വിഷയത്തില്‍ കാതലായ മാറ്റം ഉണ്ടാക്കാന്‍ ഉള്ള അവസരം ആക്കി എടുക്കണം. എന്റെ അഭിപ്രായത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നാം എങ്ങനെയും നടപ്പിലാക്കണം.

1. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള നിയമപരമായ അവകാശത്തെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം സമൂഹത്തില്‍ നടത്തണം. സ്വജാതിയില്‍ നിന്നോ മതത്തില്‍ നിന്നോ പുറത്തുള്ളവരെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെയോ അവരുടെ കുടുംബങ്ങള്‍ക്കെതിരെയോ ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ നടത്തുന്നതിനെ പിന്തുണക്കുന്നില്ല എന്ന് എല്ലാ സമുദായ നേതൃത്വവും പബ്ലിക്ക് ആയി പറയണം.

2. ഇഷ്ടമുള്ളവരെ സ്‌നേഹിക്കാനും വിവാഹം കഴിക്കാനുള്ള അര്‍ഹതയെപ്പറ്റി, നിയമപരമായ സംരക്ഷണത്തെപ്പറ്റി, എല്ലാ യുവജനങ്ങള്‍ക്കും സ്റ്റഡി ക്ലാസ്സ് നല്‍കുക. ഓരോ പഞ്ചായത്തിലും ഇങ്ങനെയുള്ളവരെ സഹായിക്കാന്‍ ലീഗല്‍ സെല്ലുകള്‍ സ്ഥാപിക്കുക.

3. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നവരെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ കര്‍ശനമായ വകുപ്പുകള്‍ ഉണ്ടാക്കുക. അവ നടപ്പിലാക്കുക.

4. പ്രേമവിവാഹത്തിന് മുന്‍പോ ശേഷമോ കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആക്രമണ ഭീഷണി നേരിടുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ നടപടിക്രമങ്ങള്‍ ഉണ്ടാക്കുക. ആവശ്യമുള്ളവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സര്‍ക്കാര്‍ ഷെല്‍ട്ടറുകള്‍ ഉണ്ടാക്കുക.

5. പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവരെ ജാമ്യമില്ലാതെ, വിചാരണ കഴിയും വരെ തടവിലിടുക. ചുരുങ്ങിയത് മുപ്പത് വര്‍ഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നല്‍കുക.

6. ഇക്കാര്യത്തില്‍ രാഷ്ട്രീയ വൈര്യം മറന്നു നമ്മുടെ യുവാക്കള്‍ മുന്നോട്ടിറങ്ങണം. നമ്മുടെ യുവജന കമ്മീഷനൊക്കെ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഈ മരണം പാഴായി പോകരുത്. ഈ മരണത്തെ ചൂണ്ടിക്കാട്ടി അച്ഛനും സഹോദരങ്ങളും ബന്ധുക്കളും പ്രേമ വിവാഹങ്ങള്‍ മുടക്കുന്ന കാലം അല്ല ഉണ്ടാകേണ്ടത്. മറിച്ച് ഈ അക്രമങ്ങള്‍ നടത്തിയപ്പോള്‍ അതിനെതിരെ സമൂഹം നടത്തിയ ഇടപെടലുകളും പ്രതികള്‍ക്ക് കിട്ടിയ ശിക്ഷയും ആയിരിക്കണം സമൂഹം ഓര്‍ത്തിരിക്കേണ്ടത്. അത് കൂടുതല്‍ പ്രേമ വിവാഹങ്ങളിലേക്കും ദുരഭിമാനം ഇല്ലാത്ത ഒരു ലോകത്തിലേക്കും നമ്മുടെ സമൂഹത്തെ നയിക്കണം. നമ്മുടെ കുട്ടികളിലെ പ്രേമത്തെ, നമ്മുടെ സമൂഹത്തിലെ സ്‌നേഹത്തെ നമ്മള്‍ മുക്കിക്കൊല്ലരുത്.
പ്രേമത്തെ മുക്കിക്കൊല്ലുമ്പോള്‍ (മുരളി തുമ്മാരുകുടി)
Join WhatsApp News
observer 2018-05-28 08:24:33
ഒരാളെ കൊല്ലുന്നത് വലിയ കുറ്റം.
പാവപ്പെട്ട ദളിത കുടുംബത്തിലേക്കു മകള്‍/സഹോദരി പോകുമ്പോള്‍ പലര്‍ക്കും അത് സഹിക്കില്ല. കേരള യാഥാര്‍ത്യത്തില്‍ അവരെ എത്ര കുറ്റം പറയാന്‍ കഴിയും? പാവപ്പെട്ട ഒരു കുടുംബത്തില്‍ അവര്‍ എങ്ങനെ ജീവിക്കും? എന്തു വരുമാനമുണ്ട്? 
Joseph 2018-05-28 17:04:21
  
ജാതി വ്യവസ്ഥ കെട്ടിപൊക്കിയിട്ടുള്ള സമൂഹങ്ങളാണ് ഇന്ത്യ മുഴുവനുള്ളത്. ഇന്ത്യയിൽ പ്രത്യേകിച്ച് ഉൾനാടുകളിൽ ജീവിക്കുമ്പോൾ സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാനിക്കേണ്ടതായുണ്ട്. സ്വാതന്ത്ര്യം കിട്ടിയ ശേഷം ദളിതരുടെ ക്ഷേമാന്വേഷണങ്ങൾക്കായി നിയമങ്ങൾ പലതും കൊണ്ടുവന്നിട്ടും  സാമൂഹിക ചിന്തകൾക്ക് മാത്രം മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. ദളിതരെ മൃഗീയമായി പീഡിപ്പിക്കുന്ന വാർത്തകൾ നിത്യവും പത്രങ്ങളിൽ വായിക്കുന്നു. കന്നുകാലികളെക്കാൾ താണവരായിട്ടാണ് വടക്കേ ഇന്ത്യയിൽ ദളിതരെ കാണുന്നത്. 

ഈ ലേഖനത്തിൽ പറഞ്ഞിരിക്കുംപ്രകാരം പ്രേമിക്കുന്നവർക്കെല്ലാം പോലീസ് സംരക്ഷണം നൽകാൻ അത്ര എളുപ്പമുള്ള കാര്യമല്ല. പെൺകുട്ടികൾക്ക് പതിനെട്ടു വയസ്സാണ് പ്രായ പൂർത്തി കല്പിച്ചിരിക്കുന്നത്. പതിനെട്ടെന്നുള്ളത്, മാതാ പിതാക്കളെ ധിക്കരിച്ചുകൊണ്ട് എന്തും ചെയ്യുമെന്നുള്ള പാകതയില്ലാത്ത ഒരു പ്രായവുമാണ്. പഠനം പൂർത്തിയാക്കി നല്ല ജോലിയാകുംവരെ പ്രേമത്തിലൊക്കെ എടുത്തു ചാടാതെ സ്വയം മനസിനെ നിയന്ത്രിക്കാനുള്ള കഴിവുകളാണ് യുവ തലമുറക്കുണ്ടാവേണ്ടത്. അതുവരെ ആണും പെണ്ണും സുഹൃത്തുക്കളായി കഴിയാനുള്ള അവസരവും ഉണ്ടാക്കികൊടുക്കണം.  

കേരളത്തിന്റെ സാംസ്ക്കാരിക ജീവിതത്തിൽ ഒരു വിവാഹമെന്നു പറയുന്നത്, ഭാര്യയും ഭർത്താവും മാത്രമല്ല രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടി സ്ഥാപിക്കുകയാണ്. അവിടെ സാമ്പത്തികം, ജോലി, ജാതി, മതമെല്ലാം ഭേദിച്ച് ഒരു ചെറുക്കനും പെണ്ണിനും സമാധാനത്തോടെ ജീവിക്കാൻ പ്രയാസമായിരിക്കും. പിന്നിൽനിന്ന് സമൂഹവും അവർക്കെതിരെ പരിഹസിക്കാൻ കാണും.  വിദ്യാഭ്യാസത്തിൽ കേരളം ഒന്നാംകിട സംസ്ഥാനമാണെങ്കിലും പഴയ ചിന്താഗതികൾ മാറ്റി വിശാല മനസ്ക്കരായ ഒരു പുതിയ സമൂഹമായി വളർന്നിട്ടുമില്ല. 

പ്രേമ വിവാഹംകൊണ്ടുള്ള പ്രശ്നങ്ങൾ ചെറിയവൻ മുതൽ വലിയവൻ വരെയുള്ള വീടുകളിലുണ്ട്
തമിഴരും കാശ്മീരികളും ഒന്നാണെന്ന് പ്രസംഗിച്ചുകൊണ്ടു നടന്ന നെഹ്‌റു തന്റെ മകൾ ഇന്ദിര ഒരു പാർസിയെ വിവാഹം കഴിക്കാൻ ശ്രമിച്ചപ്പോൾ ആദ്യം എതിർത്തത് പിതാവായ നെഹ്രുവായിരുന്നു. ഉന്നത ബ്രാഹ്മണ കുടുംബത്തിൽപ്പെട്ട നെഹ്‌റു കുടുംബത്തിന് അത്തരം ഒരു ബന്ധം സ്വീകാര്യമല്ലായിരുന്നു.

നായര്, പിള്ള, മേനോൻ, അയ്യർ, നമ്പൂതിരി എന്നൊക്കെ നായുടെ വാലുപോലെ പേരിന്റെ കൂടെ വെച്ച് നടക്കാനാണ് ഉന്നത ജാതിക്കാർക്ക് ഇഷ്ടം. സീറോ മലബാർ, ലത്തീൻ ക്രിസ്ത്യൻ, ദളിത ക്രിസ്ത്യൻ എന്നിങ്ങനെ തരം തിരിച്ചുകൊണ്ടു ദേവാലയങ്ങളും പണിയുന്നു. ഒരു കൂട്ടർ സെന്റ്‌ തോമസിന്റെ മക്കളായി അഭിനയിക്കുന്നു. ജാതി ചിന്തകൾ മനസ്സിൽ കുത്തിയിറക്കി പുരോഹിതർ  കുട്ടികളെ വേദപാഠവും പഠിപ്പിക്കും. മാതാപിതാക്കളും കുഞ്ഞുമനസുകളിൽ ഈ വിഷം കുത്തി കയറ്റും. അന്ധമായ ഇങ്ങനെയുള്ള സാമൂഹിക ചിന്താഗതികൾക്കാണ് മാറ്റം വരേണ്ടത്. 

ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ കുട്ടികളെ ചെറുപ്പം മുതൽ പരിശീലിപ്പിക്കണം. ഒപ്പം സ്‌കൂളുകളിൽ മാതാപിതാക്കൾക്കും ക്‌ളാസ്സുകൾ കൊടുക്കണം. മനുഷ്യനായി ജീവിക്കാൻ പഠിക്കാത്ത കുട്ടികൾക്ക് സ്‌കൂളിൽ ക്ലാസ് കയറ്റവും കൊടുക്കരുത്. മാതാപിതാക്കളും മക്കളും അദ്ധ്യാപകരും ഒരുപോലെ ശ്രമിച്ചാൽ അടുത്ത തലമുറയിലെങ്കിലും ജാതി ചിന്ത അകറ്റാൻ സാധിക്കും. അതുവരെ സമൂഹത്തിന്റെ താൽപ്പര്യവും പ്രേമിക്കുന്ന യുവ ജനങ്ങൾ മനസിലാക്കേണ്ടതുണ്ട്. അന്ധമായ പ്രേമം കൊണ്ട് സ്വന്തം ജീവിതമാണ് ത്രാസിൽ തൂങ്ങുന്നതെന്നും യുവജനങ്ങൾ മനസിലാക്കണം. സമൂഹം മാറാതെ, ജാതി വരമ്പുകൾ കടന്ന് പ്രേമിച്ചോയെന്നു പറഞ്ഞു കുട്ടികളെ തള്ളിവിടുന്നതും തീക്കട്ടയ്ക്കുള്ളിൽ ഉറുമ്പ് കയറുന്നതുപോലെയായിരിക്കും. അവിടെ പരിഷ്കൃത ലോകവുമായി സാമ്യം ചെയ്തതുകൊണ്ട് അർത്ഥമില്ല. ഇന്ത്യൻ ജനതയിൽ ജാതി ചിന്ത അത്രക്കും വേരുറച്ചുപോയതാണ് കാരണം. 
observer 2018-05-28 19:17:33
ആ കൊച്ചിന്റെ കുടുംബം ഓര്‍ത്തഡോക്‌സ് വിഭാഗക്കാരത്രെ. അമ്മ മുസ്ലിമാണോ?
ഏതായാലും കൊച്ചിനെ ഭര്‍ത്താവിന്റെ വീട്ടിലേക്കു വിട്ടു. പടങ്ങള്‍ കണ്ടിട്ട് വളരെ ദരിദ്ര കുടുംബം. ദളിതരും.
എങ്ങനെ ജീവിക്കും എന്നാലോചിച്ചോ? 
Prem kumar 2018-05-28 19:19:28
സ്വന്തം കാലില്‍ നില്ക്കാന്‍ കഴിവില്ലാത്തവര്‍ പ്രേമിക്കരുത്. അങ്ങനെയുള്ളവരെ പ്രേമിക്കുകയുമരുത്.ആദ്യം സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാവുക. 
Philip 2018-05-29 10:31:03
ഇത് ഇന്ത്യയിൽ മൊത്തത്തിൽ ഉള്ള ഒരു വികാരം ആണ്. നമ്മുടെ നാട് ജാതിക്കും മതങ്ങൾക്കും അടിമകൾ ആണ്... സാമ്പത്തിക വ്യതിയാനനം അത്രയ്ക്ക് പ്രശ്നം അല്ല എന്നാണു എനിക്ക് തോന്നുന്നത്. എന്നാൽ പുരോഗമന വാദികൾക്കും, സോഷ്യലിസം പറയുന്ന രഷ്ട്രീയക്കാർക്കും ജാതി ഒരു പ്രശ്നം തന്നെ ആണ്. അത് രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു . എന്നാൽ അമേരിക്കയിൽ ഉള്ള ഒരു കുടുംബം തങ്ങളുടെ മക്കൾ മറ്റൊരു ജാതിയിൽ നിന്നും, മറ്റൊരു രാജ്യത്തു നിന്നും വിവാഹിതരായാൽ അത്രയ്ക്ക് പ്രശ്നം കാണിക്കാറില്ല. നാട്ടിൽ ഒരു മാറ്റം വരണമെങ്കിൽ നേതാക്കന്മാർ തന്നെ ഒരു മാതൃക കാണിക്കട്ടെ. ഇവന്മാരുടെ മക്കൾ ഒരു താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്‌താൽ എന്താവും പ്രതികരണം. മാറണം , മാറ്റണം ഈ പ്രാകൃത കൊലപാതകങ്ങൾ .. ജാതിയുടെ പേരിലും, രാഷ്ട്രീയത്തിന്റെ പേരിലും ഉള്ളവ ...
Reality and fiction 2018-06-04 19:07:54
എഴുതി വിടാൻ എളുപ്പമാണ് . കാര്യത്തോട് അടുക്കുമ്പോൾ കാണാം തനി നിറം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക