Image

വിഷുക്കാല ചിത്രങ്ങള്‍ എത്തുന്നു...

Published on 24 March, 2012
വിഷുക്കാല ചിത്രങ്ങള്‍ എത്തുന്നു...
വീണ്ടുമൊരു വിഷുക്കാലം ഇനി നാളുകള്‍ മാത്രം അകലെയാണ്‌. മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവെല്‍ സീസണ്‍. ഈസ്റ്ററ്‌, വിഷു എന്നീ ആഘോഷവേളകള്‍ക്കൊപ്പം അവധിക്കാലത്തിന്റെ ദിനങ്ങള്‍ കൂടിയാകുമ്പോള്‍ തീയേറ്ററില്‍ ഉത്സവം തന്നെയാകും. അതുകൊണ്ടു തന്നെയാണ്‌ ഏപ്രില്‍ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസിംഗ്‌ മാസമാകുന്നത്‌.

ഇത്തവണയും ഏപ്രില്‍ മലയാള സിനിമക്ക്‌ പ്രതീക്ഷകള്‍ തന്നെയാണ്‌ നല്‍കുന്നത്‌. മാര്‍ച്ച്‌ മുപ്പത്‌ മുതല്‍ ഏപ്രില്‍ അവസാനം വരെയുള്ള വാരങ്ങളില്‍ തീയേറ്ററിലേക്കെത്താന്‍ കാത്തു നില്‍ക്കുന്നത്‌ ഒരു ഡസണ്‍ മലയാള സിനിമകളാണ്‌. ഇതില്‍ സൂപ്പര്‍താര ചിത്രങ്ങളുണ്ട്‌. യുവതാര ചിത്രങ്ങളുണ്ട്‌. മലയാള സിനിമയിലെ പുതിയ ട്രെന്‍ഡായ ലോ ബജറ്റ്‌ ചിത്രങ്ങളുമുണ്ട്‌.

പുതിയ സിനിമകള്‍ തീയേറ്ററിലേക്കെത്താന്‍ കാത്തു നില്‍ക്കുമ്പോള്‍ മലയാള സിനിമയുടെ അവസ്ഥ അത്രത്തോളം ആശാവഹമല്ല എന്നത്‌ തന്നെയാണ്‌ ബോക്‌സ്‌ ഓഫീസ്‌ റിപ്പോര്‍ട്ടുകള്‍. 2012 മൂന്ന്‌ മാസം പിന്നിടുമ്പോള്‍ സെക്കന്റ്‌ ഷോ എന്ന ഒറ്റ ചിത്രം മാത്രമാണ്‌ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ചത്‌. ഇരുപത്തിനാലോളം ചിത്രങ്ങള്‍ പരാജയങ്ങളായി മാറി. ഇപ്പോള്‍ റിലീസായിരിക്കുന്ന ഓഡിനറി എന്ന ചിത്രമാണ്‌ ഹിറ്റ്‌ പ്രതീക്ഷ നിലനിര്‍ത്തുന്ന ചിത്രം. എന്നാല്‍ വമ്പന്‍ പ്രതീക്ഷകളുമായി എത്തി കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ എന്ന ചിത്രം ബോക്‌സ്‌ ഓഫീസില്‍ കാര്യമായ ചലനങ്ങളുണ്ടാക്കുന്നില്ല എന്നു തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍.

മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ മലയാളത്തിലെ പ്രേക്ഷകര്‍ മടുത്തു തുടങ്ങിയിരിക്കുന്നു എന്നു തന്നെയാണ്‌ ഈ ട്രെന്‍ഡുകള്‍ കാട്ടിത്തരുന്നത്‌. മലയാള സിനിമാ പ്രേക്ഷകര്‍ ഇപ്പോള്‍ വീണ്ടും കഥയും കാമ്പുമുള്ള സിനിമകളിലേക്ക്‌ മടങ്ങിക്കൊണ്ടിരിക്കുന്നു. കൈയ്യടിയും ബഹളങ്ങളുമുണ്ടാക്കുന്ന സിനിമകളോട്‌ ഇപ്പോള്‍ വെറും ഫാന്‍സുകാര്‍ക്ക്‌ മാത്രമാണ്‌ താത്‌പര്യം. എന്നാല്‍ പ്രേക്ഷകര്‍ മാറിയപ്പോഴും നമ്മുടെ സിനിമക്കാര്‍ മാറാതെ നില്‍ക്കുമ്പോള്‍ പരാജയങ്ങള്‍ മലയാള സിനിമയില്‍ തുടര്‍ക്കഥയാകുന്നു.

എന്തായാലും വരാനിരിക്കുന്ന വിഷു ചിത്രങ്ങള്‍ മലയാള സിനിമക്ക്‌ വീണ്ടും കരുത്ത്‌ പകരുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം. റിലീസിംഗ്‌ കാത്തിരിക്കുന്ന ചിത്രങ്ങളിലൂടെ....

മാസ്റ്റേഴ്‌സ്‌ - വിഷു സീസണില്‍ ഏറ്റവും ആദ്യം തീയേറ്ററിലെത്തുന്ന വിഷു ചിത്രമാണ്‌ മാസ്റ്റേഴ്‌സ്‌. മാര്‍ച്ച്‌ 30 ചിത്രം തീയേറ്ററിലെത്തും. പൃഥ്വിരാജ്‌, തമിഴ്‌താരം ശശികുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ ജോണി ആന്റണിയാണ്‌. മര്‍ഡര്‍ മിസ്റ്ററിയുടെ കഥ പറയുന്ന ഈ ചിത്രം ഒരു മുഴുനീള ആക്ഷന്‍ എന്റര്‍ടെയിനറാണ്‌. പീയാ വാജ്‌പേയി, അനന്യ, മിത്രാ കുര്യന്‍ എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍.

ഗ്രാന്റ്‌ മാസ്റ്റര്‍ - വിഷുക്കാലത്ത്‌ വിരുന്നൊരുക്കാനെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ്‌ ഗ്രാന്റ്‌ മാസ്റ്റര്‍. മാടമ്പിക്കു ശേഷം ബി.ഉണ്ണികൃഷ്‌ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്‌. പ്രീയാമണിയാണ്‌ ചിത്രത്തിലെ നായിക. ഏറെക്കാലത്തിനു ശേഷം പ്രീയാമണി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഗ്രാന്റ്‌ മാസ്റ്ററിനുണ്ട്‌. ചിത്രത്തില്‍ ചന്ദ്രശേഖരന്‍ എന്ന ഐ.പി.എസ്‌ ഓഫീസറായി മോഹന്‍ലാല്‍ വേഷമിടുന്നു. ചെസ്‌ പ്ലെയറായ ചന്ദ്രശേഖരന്‍ പ്രൊഫഷണല്‍ ലൈഫില്‍ വളരെ ഡെഡിക്കേറ്റഡായ ഉദ്യോഗസ്ഥനാണ്‌. എന്നാല്‍ ഭാര്യ അഡ്വ.ദീപ്‌തിയുമായി സംഭവിക്കുന്ന ചില കുടുംബ പ്രശ്‌നങ്ങള്‍ കാരണം തന്റെ ജോലിയില്‍ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്ന ചന്ദ്രശേഖരന്‌. തുടര്‍ന്നുള്ള സംഭവങ്ങളാണ്‌ ഗ്രാന്റ്‌ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌. ദീപക്‌ ദേവാണ്‌ ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്‌. സസ്‌പെന്‍സ്‌ ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ നരേന്‍ അനൂപ്‌ മേനോന്‍, റോമ, മിത്രാ കുര്യന്‍, സിദ്ദിഖ്‌, സായ്‌കുമാര്‍, ജഗതി ശ്രീകുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്‌.

കോബ്ര - വിഷുക്കാലത്ത്‌ ചിരിയുടെ ഉത്സവം തീര്‍ക്കാന്‍ സംവിധായകന്‍ ലാല്‍ ഒരുക്കുന്ന കോമഡി ആക്ഷന്‍ ചിത്രമാണ്‌ കോബ്ര. മമ്മൂട്ടിയാണ്‌ ചിത്രത്തിലെ നായകന്‍. ലാലും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്‌. തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി - ലാല്‍ കോമ്പിനേഷനുള്ള ചിത്രം കൂടിയാണ്‌ കോബ്ര. കനിയും, പത്മപ്രീയയുമാണ്‌ ചിത്രത്തിലെ നായികമാര്‍. കോബ്രദേഴ്‌സ്‌ എന്നതിന്റെ ചുരുക്കപ്പേരാണ്‌ കോബ്ര. അലക്‌സ്‌ പോളാണ്‌ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്‌. ലാലിന്റെ സ്ഥിരം ഹ്യൂമര്‍ ശൈലിയില്‍ തന്നെയാണ്‌ ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്‌.

താപ്പാന - വിഷുക്കാലത്ത്‌ ഉത്സവമൊരുക്കാന്‍ എത്തുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ്‌ താപ്പാന. കോബ്രക്കു ശേഷം ഉടന്‍ തന്നെ താപ്പാനയും തീയേറ്ററിലേക്കെത്തും. കോബ്രയെപ്പോലെ തന്നെ ഹ്യൂമര്‍ ചിത്രമാണ്‌ താപ്പാനയും. തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ്‌ താപ്പാന. തെലുങ്കിലെ സൂപ്പര്‍നായിക ചാര്‍മിയാണ്‌ ചിത്രത്തിലെ നായിക. തനി നാടന്‍ ചട്ടമ്പി കഥാപാത്രമായിട്ടാണ്‌ മമ്മൂട്ടി ചിത്രത്തിലെത്തുന്നത്‌. മുരളി ഗോപിയാണ്‌ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

ഹീറോ - സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമെത്തുന്ന പൃഥ്വിരാജിന്റെ വിഷുക്കാല ചിത്രമാണ്‌ ഹീറോ. പുതിയമുഖത്തിനു ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഹീറോ. തമിഴ്‌ താരം ശ്രീകാന്ത്‌ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക്‌ വീണ്ടുമെത്തുന്നു. പൃഥ്വിക്കൊപ്പം നായക തുല്യമായ കഥാപാത്രത്തിലാണ്‌ ശ്രീകാന്തും അഭിനയിക്കുന്നത്‌. യാമിനി ഗുപ്‌തയാണ്‌ ചിത്രത്തിലെ നായിക. സിനിമക്കുള്ളിലെ സിനിമയാണ്‌ ഹീറോയുടെ പ്രമേയം. സിനിമയില്‍ സ്റ്റണ്ട്‌ ആര്‍ട്ടിസ്റ്റുകളായും ഡ്യൂപ്പുകളുമായി എത്തുന്നവരുടെ ജീവിതമാണ്‌ ഹീറോ എന്ന സിനിമയില്‍ പറയുന്നത്‌. ടാന്‍സന്‍ ആന്റണി സ്റ്റണ്ട്‌ ആര്‍ട്ടിസ്റ്റിനെ പൃഥ്വിരാജ്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

തിരുവമ്പാടി തമ്പാന്‍ - വിഷുക്കാലത്തെ ജയറാം ചിത്രമാണ്‌ തിരുവമ്പാടി താമ്പാന്‍. എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹരിപ്രീയയാണ്‌ നായികയാവുന്നത്‌. ആനക്കമ്പക്കാരനായ തൃശ്ശൂര്‍ക്കാരന്‍ പ്രമാണിയായി ജയറാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ബീഹാറിലെ പ്രശസ്‌തമായ ഗജമേള ഈ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്‌ എന്നതാണ്‌ മറ്റൊരു പ്രധാന ഹൈലൈറ്റ്‌. തമിഴ്‌ താരങ്ങളായ കിഷോര്‍, തമ്പി രമേശ്‌ എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്‌. ജഗതി ശ്രീകുമാര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, കലാഭവന്‍ മണി, നെടുമുടി വേണു എന്നിവരാണ്‌ മറ്റു താരങ്ങള്‍.

മായാമോഹിനി - ദിലീപിന്റെ വളരെ വ്യത്യസ്‌തമായ ~ഒരു സിനിമയും വിഷുവിന്‌ തീയേറ്ററുകളിലെത്തും. ദിലീപ്‌ മുഴുനീള സ്‌ത്രീവേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത. ജോസ്‌ തോമസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബിജുമേനോനാണ്‌ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്‌. ഉദയകൃഷ്‌ണ - സിബി.കെ.തോമസിന്റേതാണ്‌ ചിത്രത്തിന്റെ തിരക്കഥ. ലക്ഷമി റായിയും, മൈഥിലിയുമാണ്‌ ചിത്രത്തിലെ നായികമാര്‍. ബേണി ഇഗ്നേഷ്യസിന്റേതാണ്‌ ചിത്രത്തിന്റെ സംഗിതം. മധുവാര്യര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ബാബുരാജ്‌, വിജയരാഘവന്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഹസ്‌ബന്റ്‌സ്‌ ഇന്‍ ഗോവ - ഒരു ക്ലീന്‍ കോമഡി എന്റര്‍ടെയിനര്‍ എന്നു വിശേഷിപ്പിക്കാം ഹസ്‌ബന്റ്‌സ്‌ ഇന്‍ ഗോവ എന്ന ചിത്രത്തെ. വലിയ താരനിരയെ അണിനിരത്തി കളര്‍ഫുള്‍ അന്തരീക്ഷത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ സജി സുരേന്ദ്രനാണ്‌. കൃഷ്‌ണാ പൂജപ്പുരയാണ്‌ തിരക്കഥയൊരുക്കുന്നത്‌. എം.ജി ശ്രീകുമാറാണ്‌ സംഗീത സംവിധായകന്‍. ജയസൂര്യ, ഇന്ദ്രജിത്ത്‌, ആസിഫ്‌ അലി, ലാല്‍ എന്നീവര്‍ അവതരിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാരുടെയും ഭാമ, റിമാ കല്ലുങ്കല്‍, രമ്യാ നമ്പീശന്‍, പ്രവീണ എന്നീവര്‍ അവതരിപ്പിക്കുന്ന ഭാര്യമാരുടെയും കഥയാണ്‌ ഹസ്‌ബന്റ്‌സ്‌ ഇന്‍ ഗോവ. രഹസ്യമായി ഗോവയിലേക്ക്‌ ഉല്ലാസയാത്ര പോകുന്ന ഭര്‍ത്താക്കന്‍മാരുടെ സംഘത്തെ പിന്തുടര്‍ന്ന്‌ അവരുടെ ഭാര്യമാരും ഗോവയിലെത്തുന്നു. തുടര്‍ന്ന്‌ നടക്കുന്ന രസകരമായ കോമഡി മുഹര്‍ത്തങ്ങളാണ്‌ ഈ ചിത്രത്തിന്റെ ഹൈലൈറ്റുകള്‍. കോമഡിക്ക്‌ നിറം പകരാന്‍ സുരാജ്‌ വെഞ്ഞാറമൂടും, കലാഭവന്‍മണിയും, ഇന്നസെന്റും ഈ ചിത്രത്തിലുണ്ട്‌.


22 ഫീമെയില്‍ കോട്ടയം - താരചിത്രങ്ങള്‍ വിഷുവിനെ ഉത്സവമാക്കാന്‍ നിറപ്പകിട്ടോടെ എത്തുമ്പോള്‍ സംവിധായകരുടെ സിനിമകള്‍ എന്നു വിളിക്കാവുന്ന ചിത്രങ്ങളും അണിയറയില്‍ തയാറെടുക്കുന്നുണ്ട്‌. അത്തരത്തിലൊരു ചിത്രമാണ്‌ ആഷിക്‌ അബുവിന്റെ 22 ഫീമെയില്‍ കോട്ടയം. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന ഹിറ്റിനു ശേഷം ആഷിക്‌ അബു ഒരുക്കുന്ന ചിത്രം എന്ന നിലയിലും 22 ഫീമെയില്‍ കോട്ടയം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഫഹദ്‌ ഫാസില്‍, റീമാ കല്ലുങ്കല്‍ എന്നിവരാണ്‌ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പ്രമേയത്തിന്റെ വ്യത്യസ്‌തകൊണ്ടാണ്‌ ഈ ചിത്രം ഏറെ ശ്രദ്ധേയമാകുന്നത്‌. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ജീവിതത്തിലേക്കാണ്‌ 22 ഫീമെയില്‍ കോട്ടയം കടന്നു ചെല്ലുന്നത്‌. റെക്‌സ്‌ വിജയനും, ബിജിബാലും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്‌.


ഡയമണ്ട്‌ നെക്‌ലൈസ്‌  ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന ഡയമണ്ട്‌ നെക്‌ലൈസ്‌ പ്രവാസി ജീവിതത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ്‌ പ്രേക്ഷകരിലേക്കെത്തുന്നത്‌. അറബിക്കഥയ്‌ക്ക്‌ ശേഷം ദുബായിയുടെ പശ്ചാത്തലത്തിലേക്ക്‌ ലാല്‍ ജോസ്‌ ഈ ചിത്രത്തിലൂടെ എത്തുന്നു. ഫഹദ്‌ ഫാസില്‍, സംവൃതാ സുനില്‍, അമലാപോള്‍, അനുശ്രീ, രോഹിണി എന്നിവരാണ്‌ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഈ ചിത്രത്തില്‍ കൂടി ലാല്‍ ജോസ്‌ നിര്‍മ്മതാവുമാകുന്നു എന്നതും പ്രത്യേകതയാണ്‌. ഇക്‌ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്‌ ചിത്രത്തിന്റെ തിരക്കഥ. പ്രവാസികളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ്‌ ഡയമണ്ട്‌ നെക്‌ലൈസില്‍ ലാല്‍ ജോസ്‌ പറയുന്നത്‌.

ഉസ്‌താദ്‌ ഹോട്ടല്‍ - മമ്മൂട്ടിയുടെ മകന്‍ ദുള്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ്‌ ഉസ്‌താദ്‌ ഹോട്ടല്‍. സംവിധായിക കൂടിയായ അഞ്‌ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രം അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്യുന്നു. തിലകന്‍ ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നു. നിത്യാ മേനോനാണ്‌ ചിത്രത്തിലെ നായിക. സണ്ണിവെയിന്‍, ഭഗത്‌ മാനുവല്‍ തുടങ്ങിയ യുവതാരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലുണ്ട്‌. കോഴിക്കോട്‌ പശ്ചാത്തലമാക്കിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ബിരിയാണിക്ക്‌ പ്രശസ്‌തമായ കോഴിക്കോട്ടെ ഉസ്‌താദ്‌ ഹോട്ടലാണ്‌ ചിത്രത്തിന്റെ പശ്ചാത്തലം. ഉസ്‌താദ്‌ ഹോട്ടല്‍ നടത്തുന്ന ഫൈസി എന്ന കഥാപാത്രവും അയാളുടെ മുത്തശ്ചനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്‌ ഉസ്‌താദ്‌ ഹോട്ടല്‍ എന്ന ചിത്രത്തില്‍ പറയുന്നത്‌. ഗോപി സുന്ദറാണ്‌ ചിത്രത്തിന്‌ സംവിധാനമൊരുക്കുന്നത്‌.

കൗബോയ്‌ - സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിനു ശേഷം ആസിഫ്‌ അലി - മൈഥിലി ജോഡികളെ സ്‌ക്രീനിലെത്തിക്കുന്ന ചിത്രമാണ്‌ കൗബോയ്‌. ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം മുഴുനീള ഹ്യൂമര്‍ സ്റ്റൈലിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. ജഗതി ശ്രീകുമാര്‍, അനില്‍ മുരളി, സിദ്ധിഖ്‌ എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്‌. ബാംഗ്ലൂരാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
വിഷുക്കാല ചിത്രങ്ങള്‍ എത്തുന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക