Image

കെവിന്റെ വീട് കാട്ടിക്കൊടുത്തത് മാന്നാനത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരന്‍

Published on 30 May, 2018
കെവിന്റെ വീട് കാട്ടിക്കൊടുത്തത് മാന്നാനത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരന്‍
കെവിനെ തട്ടിക്കൊണ്ടു പോകാനെത്തിയ നീനുവിന്റെ സഹോദരനും അക്രമിസംഘത്തിനും കെവിന്റെ വീട് കാട്ടിക്കൊടുത്തത് മാന്നാനത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരന്‍. സംഘത്തിന് ഇക്കാര്യത്തില്‍ സഹായം ചെയ്തു കൊടുത്തത് കുമാരനെല്ലൂരിലെ ഒരു പ്രാദേശികനേതാവായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഈ നേതാവ് സ്ഥാപനത്തിലെ ജീവനക്കാരനുമായി സംഘത്തെ ബന്ധിപ്പിച്ചു.

കെവിന്റെ വീട് കണ്ടെത്തുന്നതിനായി സംഘം ആദ്യം സമീപിച്ചത് നേതാവിനെ ആയിരുന്നു. നേതാവ് ജീവനക്കാരന്റെ പേര് പറഞ്ഞു കൊടുക്കുകയായിരുന്നു. ഇയാളുടെ നമ്പര്‍ ചോദിച്ചപ്പോള്‍ നമ്പര്‍ കൊടുക്കുന്നതിന് പകരം താന്‍ വിളിച്ചു പറഞ്ഞേക്കാം എന്നായിരുന്നു നിര്‍ദ്ദേശം. ഇതെല്ലാം രാവിലെയായിരുന്നു നടന്നത്. തുടര്‍ന്ന് ഇവര്‍ സ്ഥാപനത്തിലെത്തി പാര്‍ട്ടിക്കാരന്റെ പേര് പറഞ്ഞപ്പോള്‍ അയാള്‍ ഇറങ്ങി വരികയും വീട് കാണിച്ചുകൊടുക്കുകയുമായിരുന്നു.
പ്രതികള്‍ ജീവനക്കാരനുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യം പോലീസ് സ്ഥാപനത്തില്‍ എത്തി പിടിച്ചെടുത്തിട്ടുണ്ടെന്ന് വിവരമുണ്ട്. സംഭവം വന്‍ വിവാദമായതോടെ തെന്മലയില്‍ ഇന്നോവ കാര്‍ ഉപേക്ഷിച്ച് ഷാനു പോയത് പത്തനാപുരത്തേക്കും അവിടെ നിന്നും തിരുവനന്തപുരത്തേക്കും ആയിരുന്നു. ഷര്‍ട്ടും കൈലിയുമായിരുന്നു വേഷം. തുടര്‍ന്ന് അവിടെ നിന്നും ഒരു ടാക്‌സി വിളിച്ച് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.
പോകുന്നതിനിടയില്‍ നെല്ലിപ്പള്ളിയില്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു. ഈ സമയം ഒരാള്‍ ഹാന്‍ഡ്ബാഗ് ഷാനുവിന് നല്‍കി. തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് അയാളോട് ഷാനു പറഞ്ഞു. യാത്രയ്ക്കിടയില്‍ കാറിലിരുന്ന് ഓണ്‍ലൈന്‍ വഴി ഫ്‌ളൈറ്റ് ടിക്കറ്റിന് അപേക്ഷിച്ചെങ്കിലും പാസ്‌പോര്‍ട്ട് കയ്യില്‍ ഇല്ലാതിരുന്നതിനാല്‍ അത് നടന്നില്ല. വെഞ്ഞാറമൂട് പമ്പില്‍ വാഹനത്തിന് എടിഎം കാര്‍ഡ് വഴി ഇന്ധനം അടിക്കാന്‍ പനം നല്‍കിയത് ഷാനുവായിരുന്നു. പേരൂര്‍ക്കടയില്‍ എത്തിയപ്പോള്‍ ചുറ്റുപാടും നോക്കിയ ശേഷം ടാക്‌സി നിര്‍ത്താന്‍ പറയുകയും 1200 രൂപ ടാക്‌സിക്കാരന് കൊടുത്ത ശേഷം അവിടെ ഇറങ്ങുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക