Image

ഡീക്കന്‍ രാജീവിന്റെ തിരുപ്പട്ട സ്വീകരണം ജൂണ്‍ 2-നു ടാമ്പായില്‍; ശാലോം ടി.വിയില്‍ തത്സമയം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 May, 2018
ഡീക്കന്‍ രാജീവിന്റെ തിരുപ്പട്ട സ്വീകരണം ജൂണ്‍ 2-നു ടാമ്പായില്‍; ശാലോം ടി.വിയില്‍ തത്സമയം
ടാമ്പ: ഡീക്കന്‍ രാജീവ് വലിയവീട്ടിലിന്റെ തിരുപ്പട്ട സ്വീകരണം തത്സമയം കാണാം 'ശാലോം അമേരിക്ക' ചാനലില്‍. ടാമ്പാ സെന്റ് പോള്‍ ദൈവാലയത്തില്‍ ജൂണ്‍ രണ്ട് രാവിലെ 09.00 (EST)നാണ് തിരുപ്പട്ട സ്വീകരണം. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന തലമുറയില്‍നിന്ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുന്ന രണ്ടാമത്തെ വൈദികനാണ് രാജീവ്. ഇദ്ദേഹത്തോടൊപ്പം സെമിനാരി പരിശീലനം ഒരുമിച്ച് പൂര്‍ത്തിയാക്കിയ ഫാ. കെവിന്‍ മുണ്ടക്കലിന്റെ തിരുപ്പട്ട സ്വീകരണം ഇക്കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു.

ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കൈവെപ്പ് ശുശ്രൂഷ നിര്‍വഹിക്കും. സഹായമെത്രാന്‍ വചനസന്ദേശം പങ്കുവെക്കും. ദൈവവിളി കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ആര്‍ച്ചുഡീക്കനും യൂത്ത്- ഫാമിലി അപ്പസ്തലേറ്റുകളുടെ ഡയറക്ടറും ദൈവവിളി കാര്യങ്ങളുടെ ചുമതലക്കാരനുമായ ഫാ. പോള്‍ ചാലിശേരി മാസ്റ്റര്‍ ഓഫ് സെറിമണിയും ആയിരിക്കും.

റോമിലെ മാത്തര്‍ എക്ലേസിയ സെമിനാരി പ്രൊഫസര്‍ നിക്കോള ഡെര്‍പിച്ച് എല്‍.സി, ചിക്കാഗോ രൂപതാ വികാരി ജനറല്‍മാരായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ഫാ. തോമസ് മുളവനാല്‍, ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, ചിക്കാഗോ സെന്റ് ജോസഫ് സെമിനാരി റെക്ടര്‍ ഫാ. പീറ്റര്‍, ടാമ്പ സെന്റ് പോള്‍ ദൈവാലയ വികാരി ഫാ. ബില്‍, ടാമ്പാ സെന്റ് ജോസഫ് ഇടവക വികാരി ഫാ. റാഫേല്‍ അമ്പാടന്‍, രൂപതയിലെ നവ വൈദികന്‍ ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ക്കൊപ്പം രൂപതയിലെ നിരവധി വൈദികരും സഹകാര്‍മികരാകും. കൂടാതെ, അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയെ പ്രതിനിധീകരിച്ച് രൂപതാധ്യക്ഷന്മാരും വൈദികരും പങ്കെടുക്കും.

ടാമ്പാ സെന്റ് ജോസഫ് ഇടവക വലിയവീട്ടില്‍ ജോര്‍ജ് വിമല ദമ്പതികളുടെ മകനാണ് ഡീക്കന്‍ രാജീവ്. മാതാപിതാക്കള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതരായിരുന്നതിനാല്‍ വൈദികനാകാനായിരുന്നു കുട്ടിക്കാലംമുതല്‍ രാജീവിന്റെ ആഗ്രഹം. പക്ഷേ, ഇടക്കാലത്തുവെച്ച് ഒരു ആശയക്കുഴപ്പത്തില്‍പ്പെട്ടു. വൈദികജീവിതം തനിക്ക് യോജിച്ചതല്ല ചിന്തയാല്‍ ആഗ്രഹം ഉപേക്ഷിക്കാന്‍ മറ്റൊരു കാരണവും കണ്ടെത്തി കുടുംബത്തിലെ ഏക ആണ്‍തരിയാണ്.

ഹൈസ്‌കൂള്‍ പഠനകാലത്ത് പങ്കെടുത്ത ഒരു യുവജനധ്യാനമാണ് രാജീവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ജീസസ് യൂത്ത്തുമായി രാജീവ് ബന്ധപ്പെട്ടതും ആ ധ്യാനത്തിലൂടെയാണ്. തന്നെക്കുറിച്ചുള്ള ദൈവികപദ്ധതി വിവേചിച്ചറിയണമെന്ന ബോധ്യം ഉണ്ടായതോടെയാണ് പ്രാര്‍ത്ഥനകള്‍ ശക്തമായത്. അതിലൂടെ ലഭിച്ച തിരിച്ചറിവാണ്, മൂന്നു വര്‍ഷം പിന്നിട്ട മെഡിസിന്‍ പഠനം ഉപേക്ഷിച്ച് സെമിനാരി വിദ്യാര്‍ത്ഥിയാകാന്‍ രാജീവിനെ പ്രചോദിപ്പിച്ചത്.

ചിക്കാഗോ സെന്റ് ജോസഫ് സെമിനാരി, ലയോള കോളജ്, റോമിലെ മാത്തര്‍ എക്ലേസിയ സെമിനാരി, ആലുവ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വൈദിക പരിശീലനം. ഈ വര്‍ഷം മൂന്നു പേര്‍കൂടി സെമിനാരി അര്‍ത്ഥികളായി എത്തിയതോടെ ചിക്കാഗോ രൂപതയ്ക്കുവേണ്ടി അമേരിക്കയിലും വത്തിക്കാനിലുമായി പരിശീലനം നടത്തുന്നവരുടെ എണ്ണം 11ആയി. shalommedia.org എന്ന വെബ് സൈറ്റിലും ശാലോം മീഡിയയുടെ ഫേസ്ബുക്ക് പേജിലും തത്സമയ സംപ്രേഷണം കാണാം.
ഡീക്കന്‍ രാജീവിന്റെ തിരുപ്പട്ട സ്വീകരണം ജൂണ്‍ 2-നു ടാമ്പായില്‍; ശാലോം ടി.വിയില്‍ തത്സമയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക