Image

സജിയുടേത് റിക്കാര്‍ഡ് നേട്ടം, ചെങ്ങന്നൂര്‍ യുഡിഎഫിനെ പൂര്‍ണ്ണമായും തഴഞ്ഞു

Published on 31 May, 2018
സജിയുടേത് റിക്കാര്‍ഡ് നേട്ടം, ചെങ്ങന്നൂര്‍ യുഡിഎഫിനെ പൂര്‍ണ്ണമായും തഴഞ്ഞു
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം എല്‍ഡിഎഫിന്. യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ ഒരിടത്തും ഇത്തവണ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്മണി എന്നിവിടങ്ങളിലെല്ലാം ആധിപത്യം പുലര്‍ത്തിയാണ് ഇടതുപക്ഷം മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചത്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ മാത്രം പത്തു വോട്ടുകളുടെ ഭൂരിപക്ഷമേ നേടാനായുള്ളു എന്നതു മാത്രമാണ് സജി ചെറിയാന് ന്യൂനതയായി എടുത്തു കാട്ടാനുള്ളു. ഇവിടെ ബിജെപിയുടെ ഉറച്ച കോട്ടയായിരുന്നു. പഞ്ചായത്തില്‍ ശ്രീധരന്‍പിള്ള രണ്ടാമത് എത്തുകയും ചെയ്തു. 

പാണ്ടനാട്, ആല, പുലിയൂര്‍ പഞ്ചായത്തുകള്‍ ഉറച്ച യുഡിഎഫ് മേല്‍ക്കോയ്മ പുലര്‍ത്തിയിരുന്നുവെങ്കിലും ഇവിടൊക്കെയും വിജയകുമാറിന് വിജയം കൊയ്യാനായില്ല. മുളക്കുഴ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഇത്തവണ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സജി ചെറിയാന് 67303 വോട്ടുകളാണ് ആകെ ലഭിച്ചത്. വിജയകുമാറിന് 46347 വോട്ടുകളും. കഴിഞ്ഞ തവണ വിമത സ്ഥാനാര്‍ത്ഥി നേടിയ വോട്ടുകള്‍ കൂടി ഇത്തവണ യുഡിഎഫിന് ലഭിച്ചു എന്നതാണ് അവരുടെ നേട്ടം. എന്നാല്‍ ഉദ്ദേശിച്ചത്രയും വോട്ടുകള്‍ പെട്ടിയില്‍ വീണില്ലെന്നു വ്യക്തം. ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകള്‍ പോലും എല്‍ഡിഎഫിലേക്ക് മറിഞ്ഞതും പ്രകടം. മണ്ഡലത്തില്‍ 20956 വോട്ടുകളുടെ ഭൂരിപക്ഷം സജി ചെറിയാന് നേടാനായി എന്നതു വ്യക്തമാക്കുന്നതും അതാണ്. നോട്ടയ്ക്ക് 728 വോട്ടുകള്‍ കിട്ടി. പുറമേ, തപാല്‍ വോട്ടുകള്‍ സമരത്തെത്തുടര്‍ന്ന് എണ്ണാനും കഴിഞ്ഞില്ല. ഇതൊന്നും സജിയുടെ തേരോട്ടത്തിനു വിഘാതമായതുമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക